ഈ കിണറിൽ നോക്കിയാൽ ഒരാളുടെ മരണം പ്രവചിക്കാൻ കഴിയുമെന്നാണ് വിശ്വാസം. കിണറ്റിലെ വെള്ളത്തിൽ സ്വന്തം നിഴൽ കാണാത്തവർക്ക് ആറ് മാസത്തിനുള്ളിൽ മരണം സംഭവിക്കാമെന്ന് പറയപ്പെടുന്നു.

നമ്മുടെ രാജ്യം നിരവധി സവിശേഷവും അത്ഭുതകരവും നിഗൂഢവുമായ സ്ഥലങ്ങളുടെ നാടാണ്. ചില നിഗൂഢതകൾ ഇന്നും ചുരുളഴിയാതെ കിടക്കുന്നു. അത്തരത്തിൽ നിഗൂഢമായ ഒരു കിണർ നമ്മുടെ രാജ്യത്തുണ്ട്. ഈ കിണറിന് മരണം പ്രവചിക്കാൻകഴിയും എന്നാണ് വിശ്വാസം. വാരണാസിയിലെ നിഗൂഢ കിണറിനെ കുറിച്ചാണ് പറയുന്നത്. ഈ കിണറിനുള്ളിലേക്ക് നോക്കിയാൽ മരണം എപ്പോൾ സംഭവിക്കുമെന്ന് അറിയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

കിണറിനെക്കുറിച്ച് വിവിധ വിശ്വാസങ്ങളും കഥകളും പ്രചരിക്കുന്നുണ്ട്. ചന്ദ്ര കൂപ്പ് എന്നാണ് ഈ കിണർ അറിയപ്പെടുന്നത്. വാരണാസിയിലെ സിദ്ധേശ്വരി ക്ഷേത്രത്തിലാണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്താണ് സിദ്ധേശ്വരി ക്ഷേത്രമുള്ളത്. കിണറിനെക്കുറിച്ച് അറിയുന്നവർ അവരുടെ ഭാവി തേടി ഇവിടെയെത്തുന്നു. വാരണാസിയിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ചന്ദ്ര കൂപ്പ്.

തന്റെ മരണത്തെക്കുറിച്ച് അറിയണമെങ്കിൽ ഈ കിണറ്റിൽ നോക്കണം. നിങ്ങളുടെ നിഴൽ കിണറിലെ വെള്ളത്തിൽ ദൃശ്യമാണെങ്കിൽ, അവരുടെ മരണ സമയം ഇതുവരെ അടുത്തിട്ടില്ലെന്നാണ് വിശ്വാസം. എന്നാൽ ഒരാൾ കിണറ്റിൽ തന്റെ നിഴൽ കാണുന്നില്ലെങ്കിൽ, അടുത്ത ആറ് മാസത്തിനുള്ളിൽ അവരുടെ ജീവിതം അവസാനിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല.

ശിവഭക്തനായിരുന്ന ചന്ദ്രദേവനാണ് ഈ കിണർ സൃഷ്ടിച്ചതെന്നാണ് ഹിന്ദു പുരാണത്തിൽ പറയുന്നത്. വർഷങ്ങളുടെ പ്രാർത്ഥനകൾക്ക് ശേഷം, ശിവൻ കിണറിന് നിഗൂഢ ഗുണങ്ങൾ നൽകി അനുഗ്രഹിക്കുകയായിരുന്നുവെന്നാണ് ഐതിഹ്യം. വിശ്വനാഥ് സ്ട്രീറ്റിന് സമീപമുള്ള സിദ്ധേശ്വരി പരിസരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വനാഥ് റോഡിനടുത്തുള്ള ക്ഷേത്ര ഗേറ്റ് നമ്പർ 4 ൽ നിന്ന് രാജ കത്ര ചൗക്കിലേക്ക് പോകണം. ചൗക്ക് കടന്ന്, ഡീവിയേഷന്റെ വലതുവശത്ത് അൽപ്പം നടന്നാൽ, ഇടതുവശത്ത് ക്ഷേത്രം കാണാം. ക്ഷേത്രത്തിലെത്തിയാൽ ചന്ദ്ര കൂപ്പും കാണാനാകും.