മാർച്ച് മാസത്തിൽ കൃത്യമായ പ്ലാൻ തയ്യാറാക്കിയാൽ ആവശ്യത്തിന് അവധികൾ ലഭിക്കാനുള്ള അവസരമുണ്ട്.

ചൂട് കൂടിയ കാലാവസ്ഥയിൽ നിന്ന് മോചനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ കുറച്ച് ദിവസം ചെലവഴിക്കാമെന്ന് വിചാരിച്ചാൽ ജോലി തിരക്കുകളും അവധി സംബന്ധമായ പ്രശ്നങ്ങളും കുട്ടികളുടെ പഠനവുമൊക്കെയായി പലർക്കും ആവശ്യത്തിന് സമയം കിട്ടാറില്ല. ഇത് കാരണം കാലങ്ങളായി മാറ്റിവെച്ച പല യാത്രകളും പെൻഡിംഗ് ആയിരിക്കും. എന്നാൽ, ഈ മാസം തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം. 

മാർച്ച് മാസത്തിൽ ഒന്ന് കൃത്യമായ പ്ലാൻ വരച്ചാൽ ആവശ്യത്തിന് അവധികൾ ലഭിക്കും. വേനലവധി ആയതിനാൽ കുട്ടികൾക്ക് മാർച്ച് മാസത്തിൽ പ്രത്യേകിച്ച് ഒരു അവധി നോക്കിയിരിക്കേണ്ട കാര്യമില്ല. ഹോളിയും നോമ്പും നവരാത്രിയും ഉൾപ്പെടെ ഇഷ്ടംപോലെ അവധികളാണ് ഈ മാസം വരുന്നത്. ഇതിനെല്ലാം പുറമെ രണ്ട് നീണ്ട വീക്കെൻഡുകളും മാർച്ചിലുണ്ട്. മാർച്ചിലെ നീണ്ട വാരാന്ത്യങ്ങളും അവധികളും ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്. 

മാർച്ച് മാസത്തിൽ കേരളത്തിലും കർണാടകയിലും ഒരു പൊതു അവധി മാത്രമാണ് സംസ്ഥാന സർക്കാരുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 31 തിങ്കളാഴ്ച കേരളത്തിൽ ഈദ്-ഉൽ-ഫിത്തറിന്റെ അവധിയാണ്. ഇതേ ദിവസം തന്നെയാണ് കർണാടകയിലെയും (ഖുതുബ്-ഇ-റംസാൻ) പൊതു അവധി. മാർച്ച് 14 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ഹോളി ആഘോഷത്തിന്റെ അവധി വരുന്നത്. 15, 16 തീയതികൾ ശനിയും ഞായറുമാണ്. അപ്പോൾ ഒരു നീണ്ട യാത്ര പ്ലാൻ ചെയ്യാൻ ഈ ദിവസങ്ങൾ പരിഗണിക്കാമെന്ന് ചുരുക്കം. മാർച്ച് 13ന് വൈകുന്നേരം യാത്ര ആരംഭിച്ചാൽ 17ന് രാവിലെ തിരിച്ചെത്തിയാൽ മതി. നാല് രാത്രിയും മൂന്ന് പകലും ഉൾപ്പെടുത്തിയുള്ള ഗംഭീര യാത്ര തന്നെ പ്ലാൻ ചെയ്യാം. 

കർണ്ണാടകയിൽ നവരാത്രി ആഘോഷങ്ങളോട് ചേർന്നുള്ള ഉഗാദിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മാർച്ച് 30 ഞായാറാഴ്ചയാണ് ഈ വർഷത്തെ ഉഗാദി. മാർച്ച് 29 ശനിയാഴ്ച അവധി, 30 ഞായറാഴ്ച ഉഗാദി കഴിഞ്ഞ് 31 തിങ്കളാഴ്ച ഒരു അവധി എടുത്താൽ കണ്ണുമടച്ച് മൂന്ന് ദിവസം കിട്ടും. ഇതിനെല്ലാം പുറമെ, കേന്ദ്രസർക്കാർ ജോലിക്കാരാണെങ്കിൽ അവധികൾ വേറെയും ലഭിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം. 

13 മാർച്ച് - ഹോളിക ദഹൻ 
14 മാർച്ച് - ഹോളി / ഡോല്യത്ര 
28 മാർച്ച് - ജമാത്തുൽ വിദ 
30 മാർച്ച് - ചൈത്ര ശുക്ലാദി/ ഗുഡി പടവ/ ഉഗാദി/ ചേതി ചന്ദ് 
31 മാർച്ച് - ഈദുൽ ഫിത്തർ 

കനത്ത ചൂടിൽ നിന്ന് മോചനം തേടാൻ തണുപ്പുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ പ്ലാൻ ചെയ്യുന്നത് മനസിനെയും ശരീരത്തിനെയും ഒരുപോലെ കൂളാക്കും. ഇതിനായി ഊട്ടി, മൂന്നാർ, കൂർഗ് പോലെയുള്ള സ്ഥലങ്ങളാണ് നല്ലത്. ഇതല്ലെങ്കിൽ, കേരളത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്ത് ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന കാര്യവും പ്ലാൻ ചെയ്യാം. ഇതിനായി ഉത്തർപ്രദേശിലെ മഥുര, വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോകാം. കർണ്ണാടകയുടെ ആഘോഷമായ ഉഗാദിയിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് ഹംപി മികച്ച ഓപ്ഷനാണ്.

READ MORE:  വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേയ്ക്ക് പറക്കാം! ഈ ഗംഭീര ഓഫർ മിസ്സാക്കല്ലേ