സന്ദർശകർക്ക് ഒട്ടേറെ അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കുന്ന ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുമരകം.

കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുമരകം. വേമ്പനാട്ട് കായലിനോടു ചേർന്നു കിടക്കുന്ന ഒരു കൂട്ടം ദ്വീപുകൾ ചേർന്നതാണ് കുമരകം ഗ്രാമം. ദേശാടന പക്ഷികളുടെ പറുദീസയായ ഇവിടം പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട സ്പോട്ടാണ്. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, തണ്ണീർ പക്ഷികൾ, കുയിൽ, കാട്ടുതാറാവ് തുടങ്ങി ഇവിടെ വസിക്കുന്നതും ദേശാടനത്തിനിടയിൽ എത്തുന്നതുമായ നിരവധി പക്ഷികളെ കൂട്ടത്തോടെ ഇവിടെ കാണാമെന്നതാണ് പ്രധാന സവിശേഷത.

സന്ദർശകർക്ക് ഒട്ടേറെ അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കുന്ന ടൂറിസം കേന്ദ്രമാണ് കുമരകം. പുരവഞ്ചികളും പരമ്പരാഗത കെട്ടുവള്ളങ്ങളും ഉൾപ്പെടെ വ്യത്യസ്ത തരത്തിൽപ്പെട്ട നിരവധി അവധിക്കാല പാക്കേജുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ കെടിഡിസിയുടെ വാട്ടർസ്കേപ്സ് കോട്ടേജുകളും കുമരകത്തുണ്ട്. തെങ്ങിൻ തോപ്പുകളിൽ, കായലിന് അഭിമുഖമായാണ് കോട്ടേജുകൾ സജ്ജീകരിച്ചിട്ടുള്ളത്. വിശാലമായ ഒരു പഴയ ബംഗ്ലാവ് റിസോർട്ടാക്കി മാറ്റിയ താജ് ഗാർഡൻ റിട്രീറ്റിൽ ബോട്ടിംഗിനും ചൂണ്ടയിടലിനുമെല്ലാം സഞ്ചാരികൾക്ക് അവസരമുണ്ട്. ഇവിടെയുള്ള റിസോർട്ടുകൾ യോഗ, ധ്യാനം എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.

കുട്ടനാട് എന്ന അത്ഭുതനാടിൻറെ ഭാഗമാണ് കുമരകം. കണ്ടൽ കാടുകളുടെയും മരതകപച്ച വിരിച്ച നെൽപ്പാടങ്ങളുടെയും, കേരനിരകളുടെയും ഇടയിലൂടെയുള്ള മനം മയക്കുന്ന ജലപാതകളാലും, അവയിലെ അലങ്കാരമായ വെള്ള ആമ്പൽപ്പൂക്കളാലും, അവിസ്മരണീയമായ മനോഹാരിതയുടെ പറുദീസയാണ് ഇവിടം. കേരളാ ടൂറിസം വികസന കോർപ്പറേഷൻറെ നേതൃത്വത്തിൽ ടൂറിസ്റ്റ് കോംപ്ലക്സും, എ.സി.കോട്ടേജുകളും, ഒഴുകുന്ന ഭക്ഷണ ശാലയും, കൂടാതെ ജലയാത്രയ്ക്കുള്ള സൗകര്യങ്ങളും കുമരകത്ത് ക്രമീകരിച്ചിട്ടുണ്ട്.