20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ റൈഡര്‍മാരും 100-ലധികം ദേശീയ കയാക്കര്‍മാരും ഈ വര്‍ഷമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്: ഈ വര്‍ഷത്തെ മലബാര്‍ റിവര്‍ ഫെസ്റ്റില്‍ നടത്തിപ്പിനായി സംസ്ഥാന ടൂറിസം വകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചു. കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), ജില്ലാ പഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍. ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ (ഐ.കെ.സി.എ) സാങ്കേതിക സഹായവും മത്സരത്തിനുണ്ട്.
പരിപാടിയുടെ സ്വാഗതസംഘം യോഗം ഈ മാസം 31ന് കോഴിക്കോട് കളക്ടറേറ്റില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ചേരും. കഴിഞ്ഞ വര്‍ഷത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങില്‍ വച്ച് മന്ത്രി വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ചാലിപുഴയിലും ഇരുവഞ്ഞിപുഴയിലുമായി നാല് ദിവസമായാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. കയാക്ക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍, എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്.
20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ റൈഡര്‍മാരും 100-ലധികം ദേശീയ കയാക്കര്‍മാരും ഈ വര്‍ഷം മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കയാക്കേഴ്‌സും ഫെസ്റ്റിവലില്‍ പങ്കെടുക്കും. പ്രാദേശിക തുഴച്ചില്‍ക്കാര്‍ക്കുള്ള പ്രത്യേക വിഭാഗം മത്സരങ്ങള്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗിനെ കൂടുതല്‍ ഗൗരവമായി സമീപിക്കാന്‍ നാട്ടുകാരായ യുവാക്കളെ പ്രേരിപ്പിക്കുന്നു.
കേരളത്തെ സാഹസിക കായിക വിനോദങ്ങളുടെ കേന്ദ്രമാക്കി മാറ്റുക, ദക്ഷിണേന്ത്യയില്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്ന കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ നദീസമ്പത്ത് അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025ന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.


