മുംബൈയിൽ നിന്നുള്ള ട്രാവൽ വ്ലോഗറായ ചാർമി, 1.25 ലക്ഷം രൂപയ്ക്ക് ഒൻപത് ദിവസത്തെ ജപ്പാൻ യാത്ര പൂർത്തിയാക്കിയെന്നാണ് പറയുന്നത്. ഷോപ്പിംഗ് ഒഴിവാക്കിയതാണ് ചെലവ് കുറച്ചതെന്ന് വ്ലോഗര്‍ വ്യക്തമാക്കി.
യാത്ര ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിലെ സ്ഥിരം സാന്നിധ്യമാണ് ജപ്പാൻ. സമ്പന്നമായ സംസ്കാരം, വ്യത്യസ്തമായ വിഭവങ്ങൾ, സാങ്കേതിക മികവ് എന്നിവയെല്ലാം ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും ജപ്പാനിലേക്കുള്ള ഉയർന്ന യാത്രാച്ചെലവാണ് തടസ്സമായി മാറാറുള്ളത്. എന്നാൽ, വെറും 1.3 ലക്ഷം രൂപയിൽ താഴെ മാത്രം ചെലവിൽ ജപ്പാൻ കണ്ടുമടങ്ങാമെന്നാണ് മുംബൈയിൽ നിന്നുള്ള ഒരു ട്രാവൽ വ്ലോഗറുടെ അവകാശവാദം. 1.25 ലക്ഷം രൂപയ്ക്ക് ഒൻപത് ദിവസം ജപ്പാൻ സന്ദർശനം നടത്തിയെന്നാണ് ചാർമി എന്ന ട്രാവൽ വ്ലോഗർ പറയുന്നത്.
'ചാർമി ട്രാവൽസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ചാർമി തന്റെ ജപ്പാൻ യാത്രയും പദ്ധതികളും വിവരിച്ചത്. "ജപ്പാൻ ചെലവേറിയതാണെന്ന് ആളുകൾ ഇപ്പോഴും കരുതുന്നതിൽ എനിക്ക് അത്ഭുതമുണ്ട്. നിങ്ങൾക്ക് ഒരു ദിവസത്തെ യാത്രാ പദ്ധതി വേണമെങ്കിൽ താഴെ കമൻ്റ് ചെയ്യുക" എന്ന അടിക്കുറിപ്പോടെയാണ് ചാർമി വീഡിയോ പോസ്റ്റ് ചെയ്തത്. ചെലവ് കുറഞ്ഞ രീതിയിൽ യാത്ര പൂർത്തിയാക്കാൻ സഹായിച്ചത് തന്ത്രപരമായ ആസൂത്രണവും സ്മാർട്ട് ബുക്കിംഗുമാണെന്ന് ചാർമി പറയുന്നു.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുതൽ എങ്ങനെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയിരിക്കാം എന്ന് ചാർമി വിശദീകരിക്കുന്നുണ്ട്. മുംബൈ - ടോക്കിയോ - ഒസാക്ക - ടോക്കിയോ - മുംബൈ എന്ന രീതിയിൽ റൂട്ട് ക്രമീകരിച്ച്, റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെയാണ് ബുക്ക് ചെയ്തത്. വിമാന ടിക്കറ്റിന് ഒരാൾക്ക് 40,600 രൂപയാണ് ചെലവായതെന്ന് ചാർമി പറയുന്നു. താമസത്തിനായി ഹോട്ടലുകളും എയർബിഎൻബി താമസ സൗകര്യങ്ങളുമാണ് ബുക്ക് ചെയ്തത്.
താമസ ചെലവിന്റെ വിശദാംശങ്ങൾ
ടോക്കിയോ ഹോട്ടലിന് (ഒരു രാത്രി): 5,600 രൂപ
ഒസാക്ക ഹോട്ടലിന് (ഒരു രാത്രി): 3,800 രൂപ
ക്യോട്ടോ എയർബിഎൻബിയിൽ (ഒരു രാത്രി): ഏകദേശം 2,500 രൂപ
താമസത്തിനായി ഒരാൾക്ക് ഏകദേശം 35,000 രൂപ വരെയാണ് മൊത്തത്തിൽ ചെലവായതെന്നും ചാർമി ചൂണ്ടിക്കാട്ടി.
മറ്റ് പ്രധാന ചെലവുകൾ
ജപ്പാനിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനായി മുൻകൂട്ടി പണം നൽകിയിരുന്നു, ഇതിനായി ആകെ 32,200 രൂപ ചെലവായി. ജപ്പാനിലെ പ്രാദേശിക യാത്രകൾക്കും ഭക്ഷണത്തിനുമായി ഏകദേശം 18,000 രൂപയോളമാണ് ചാർമിക്ക് ചെലവായത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിനിയോഗിച്ച പണം ഉൾപ്പെടെ, എല്ലാം ചേർത്താണ് തൻ്റെ 9 ദിവസത്തെ ജപ്പാൻ യാത്രയ്ക്ക് ആകെ 1,25,000 രൂപ ചെലവായതെന്ന് ചാർമി അവകാശപ്പെടുന്നു.
ഷോപ്പിംഗ് പോലെയുള്ള ചെലവുകൾ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെച്ചതാണ് യാത്രയുടെ ചെലവ് ചുരുക്കാൻ സഹായിച്ചതെന്നാണ് ചാർമി പറയുന്നത്. ജപ്പാനിൽ സന്ദർശിച്ച എല്ലാ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അടുത്ത ഇൻസ്റ്റാഗ്രാം റീലിലൂടെ പങ്കുവെക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.


