2025-ൽ 7.26 കോടിയിലധികം സന്ദർശകർ എത്തിയതോടെ വാരണാസി ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മഹാകുംഭ മേള സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ലക്നൗ: 2025ൽ ആത്മീയ നഗരമായ വാരണാസിയിൽ എത്തിയത് 7 കോടി 26 ലക്ഷത്തിലധികം സന്ദര്‍ശകരെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഗോള വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി വാരണാസി മാറിയെന്ന് യുപി സർക്കാർ അവകാശപ്പെട്ടു. വാരണാസിയിലെ കാശി വിശ്വനാഥ ഇടനാഴിയുടെ നിർമ്മാണം, ഗംഗാ ഘട്ടുകളുടെ സൗന്ദര്യവൽക്കരണം, പുരാതന ക്ഷേത്രങ്ങൾ, റോഡുകൾ, വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനം എന്നിവ വിനോദസഞ്ചാരികളെ വാരണാസിയിലേയ്ക്ക് ആകർഷിക്കാൻ സഹായിച്ചതായി സംസ്ഥാന വാർത്താവിനിമയ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
2025ലെ മഹാകുംഭ മേളയിൽ 28.7 ദശലക്ഷം ആളുകളാണ് എത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ ശേഷം ഇവർ കാശി വിശ്വനാഥ ക്ഷേത്രവും സന്ദർശിച്ചുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്. മാത്രമല്ല, മഹാശിവരാത്രി ഉത്സവത്തിലും ശ്രാവണ മാസത്തിലുമാണ് ഏറ്റവും കൂടുതൽ ഭക്തർ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയും കാശി ഭരണകൂടവും ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. 2025 ഡിസംബർ 24നും 2026 ജനുവരി 1നും ഇടയിൽ 3,075,769 ഭക്തർ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും പുതുവത്സരാഘോഷ വേളയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിലും ഗംഗാ ഘട്ടിലും വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.


