കൊല്ലം അഷ്ടമുടിക്കായലില്‍ ജനുവരി 10ന് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും നടക്കും. വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി നടത്തുന്നത്. 

കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

വനിതകളുടെ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിം​ഗ് പോയിന്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക.

പരിപാടിയുടെ പ്രചരണാര്‍ഥം കലാ - കായിക പരിപാടികള്‍ നടത്തും. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. എം.പി, എം.എല്‍.എ, ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വടംവലി, കബഡി മത്സരങ്ങളും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍.എ, മേയര്‍ എ.കെ ഹഫീസ്, എ.ഡി.എം ജി നിര്‍മ്മല്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, റേസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ കുറുപ്പ്, സംഘാടക സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.