അടുത്തിടെ പെയ്ത മഴയെ തുടർന്ന് ആകാശം തെളിയുകയും അന്തരീക്ഷ മലിനീകരണ തോത് കുറയുകയും ചെയ്തതിനെ തുടർന്നാണ് ഹിമാലയത്തിന്റെ അത്ഭുത കാഴ്ച ദൃശ്യമായത്.
ഭോപ്പാൽ: മഴയ്ക്ക് പിന്നാലെ ആകാശം തെളിഞ്ഞപ്പോൾ ബിഹാറിലെ ഗ്രാമത്തിൽ നിന്ന് കണ്ടത് ഹിമാലയത്തിന്റെ കാഴ്ചകൾ. മധുബനി ജില്ലയിൽ നിന്നുള്ള ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെക്കുകയും ചെയ്തു. അടുത്തിടെ പെയ്ത മഴയെത്തുടർന്ന് ആകാശം തെളിയുകയും മലിനീകരണ തോത് കുറയുകയും ചെയ്തതിനെ തുടർന്നാണ് ജയ്നഗറിൽ ഹിമാലയൻ പർവതനിരകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ദൃശ്യമായത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മധുബനിയിൽ നിന്ന് കാണുന്ന ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളുടെ വ്യക്തമായ കാഴ്ചയാണ് വീഡിയോയിലുള്ളത്. "ബിഹാറിലെ മധുബനിയിലുള്ള ജയ്നഗറിൽ നിന്ന് കാണുന്ന ഗംഭീരമായ ഹിമാലയത്തിന്റെ കാഴ്ച" എന്ന കുറിപ്പോടെയാണ് സത്യം രാജ് എന്നയാൾ എക്സിൽ വീഡിയോ പങ്കുവെച്ചത്. മഴയ്ക്ക് ശേഷം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുമ്പോൾ, മധുബനി, സീതാമർഹി തുടങ്ങിയ വടക്കൻ ബിഹാർ ജില്ലകളിൽ നിന്ന് ഹിമാലയത്തിന്റെ ഇത്തരം കാഴ്ചകൾ ഇടയ്ക്കിടെ ദൃശ്യമാകാറുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയും നേപ്പാളും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലായാണ് ഹിമാലയം വ്യാപിച്ചുകിടക്കുന്നത്. എവറസ്റ്റ് കൊടുമുടിയും കാഞ്ചൻജംഗയും ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. മധുബനിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നതെങ്കിലും അനുയോജ്യമായ കാലാവസ്ഥയാണെങ്കിൽ ചിലപ്പോൾ ബിഹാറിന്റെ ചില ഭാഗങ്ങളിൽ നിന്ന് ഹിമാലയത്തിന്റെ ദൂരക്കാഴ്ചകൾ ദൃശ്യമാകാറുണ്ട്.


