കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ മാതൃകയിൽ രാജ്യത്ത് 19 ഇടങ്ങളിൽ പുതിയ സർവീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ മാതൃകയിൽ രാജ്യത്ത് കൂടുതൽ വാട്ടര്‍ മെട്രോ പദ്ധതികൾ ഒരുങ്ങുന്നു. 19 ഇടങ്ങളിൽ വാട്ടര്‍ മെട്രോ സര്‍വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിൽ മുംബൈയ്ക്കാണ് പ്രഥമ പരിഗണന ലഭിക്കുക.
മുംബൈയ്ക്ക് വേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആര്‍എൽ) സാധ്യതാ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. നിലവിൽ പദ്ധതി രൂപരേഖ തയ്യാറാക്കി ടെൻഡര്‍ നടപടികളിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും പങ്കെടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത് കൊച്ചിയിലാണ്. അതിനാൽ തന്നെ വാട്ടര്‍ മെട്രോ സര്‍വീസ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിൽ കെഎംആര്‍എല്ലിന്റെ പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ അയോധ്യ, പ്രയാഗ്രാജ്, വാരണാസി, ശ്രീനഗർ, പട്ന, അഹമ്മദാബാദ്, സൂറത്ത്, ഗുവാഹത്തി, തേജ്പൂർ, ഡിബ്രുഗഢ് എന്നിവിടങ്ങളിൽ കെഎംആര്‍എൽ സാധ്യതാ പഠനം നടത്തുന്നുണ്ട്. ഡിസംബര്‍ 31ന് മുമ്പ് തന്നെ എല്ലാ സ്ഥലങ്ങളിലെയും സധ്യാതാ പഠനങ്ങൾ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെഎംആര്‍എല്ലിന്റെ ശ്രമം.
അതേസമയം, അടുത്തിടെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി പാട്ന വാട്ടര്‍ മെട്രോ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ യാത്രയും ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ സർവീസ് ഒരുങ്ങുന്നത്. രണ്ട് ടെർമിനലുകളുടെയും 16 കമ്മ്യൂണിറ്റി ജെട്ടികളുടെയും വികസനത്തോടെയാണ് പദ്ധതി ആരംഭിക്കുകയെന്നാണ് സൂചന. വാരണാസി മുതൽ ഹാൽദിയ വരെ നീളുന്ന ദേശീയ ജലപാത-1ന് പട്ന വാട്ടർ മെട്രോ പ്രോത്സാഹനം നൽകും. ഇതിന് പുറമെ, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.


