കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പശ്ചിമ ബംഗാൾ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. മഹാരാഷ്ട്രയാണ് ഒന്നാമത്. 

കൊൽക്കത്ത: ഇന്ത്യയുടെ ടൂറിസം രം​ഗത്ത് നിർണായക ശക്തിയായി നിലനിൽക്കുന്ന നിരവധി സംസ്ഥാനങ്ങളുണ്ട്. എന്നാൽ,സമീപ കാലത്തായി ടൂറിസം മേഖലയിൽ നിശബ്ദമായി ഉയർന്നുവരുന്ന ഒരു സംസ്ഥാനമാണ് പശ്ചിമ ബം​ഗാൾ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്ത്യ ടൂറിസം ഡാറ്റ കോമ്പൻഡിയം 2025 പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി പശ്ചിമ ബം​ഗാൾ മാറി. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

സംസ്ഥാനത്തെ ടൂറിസം രം​ഗത്തെ കുറിച്ച് വലിയ പ്രചാരണങ്ങളെയോ മറ്റ് വഴികളെയോ ആശ്രയിക്കുന്നതിനുപകരം സംസ്കാരം, ഉത്സവങ്ങൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവയാണ് പശ്ചിമ ബംഗാളിന്റെ സ്ഥിരമായ വളർച്ചയെ മുന്നോട്ട് നയിക്കുന്നത്. 2024ൽ 31 ലക്ഷം അന്താരാഷ്ട്ര സഞ്ചാരികളാണ് പശ്ചിമ ബം​ഗാളിലെത്തിയത്. 2023ൽ ഇത് 27 ലക്ഷമായിരുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 27 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികൾ സംസ്ഥാനത്ത് എത്തി. ഇതിൽ വലിയൊരു ഭാഗം യൂറോപ്പിൽ നിന്നും യുഎസിൽ നിന്നുമാണ്. യുഎസിൽ നിന്ന് 80,647 സന്ദർശകരും തൊട്ടുപിന്നാലെ റഷ്യയിൽ നിന്ന് 79,758 ഉം യുകെയിൽ നിന്ന് 77,792 ഉം ഇറ്റലിയിൽ നിന്ന് 64,225 ഉം സന്ദർശകരെത്തി. പശ്ചിമ ബംഗാളിൽ നിന്ന് ഈ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലെന്നതാണ് ശ്രദ്ധേയം.

ടൂറിസത്തോടുള്ള സംസ്ഥാനത്തിന്റെ വിശാലമായ സമീപനമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. വ്യത്യസ്ത തരം സന്ദർശകരെ ആകർഷിക്കുന്നതിനായി പശ്ചിമ ബംഗാൾ ഫെസ്റ്റിവൽ ടൂറിസം, റെലിജിയസ് ടൂറിസം, മൈസ് ടൂറിസം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു. ‌പശ്ചിമ ബംഗാൾ സന്ദർശിക്കാനും അതിന്റെ സൗന്ദര്യം, സംസ്കാരം, പൈതൃകം എന്നിവ അനുഭവിക്കാനും ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ മമത ബാനർജി സ്വാഗതം ചെയ്തു.

പശ്ചിമ ബംഗാളിൽ ചെയ്യേണ്ട 5 കാര്യങ്ങൾ

1. കൊൽക്കത്തയിലെ പഴയ തെരുവുകളിലൂടെ നടക്കാം

കൊൽക്കത്തയിൽ കാൽനടയായി സഞ്ചരിക്കാൻ വളരെ എളുപ്പമാണ്. കോളേജ് സ്ട്രീറ്റ്, കുമാർതുലി, പാർക്ക് സ്ട്രീറ്റ് പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്ത് നടക്കാം. ഇവിടങ്ങളിലുള്ള പഴയ കെട്ടിടങ്ങൾ, പുസ്തകശാലകൾ, കഫേകൾ, ചെറിയ ഇടവഴികൾ എന്നിവ നഗരത്തിന്റെ ഭം​ഗി വർധിപ്പിക്കുന്നു.

2. ഡാർജിലിംഗിലെ മലനിരകൾ കാണാം

തണുത്ത കാലാവസ്ഥയും പർവതക്കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് ഡാർജിലിംഗ് മികച്ച ഓപ്ഷനാണ്. ശാന്തമായ പ്രകൃതിയും മനോഹരമായ തേയിലത്തോട്ടങ്ങളും ​ഗംഭീരമായ സൂര്യോദയങ്ങളും ഡാർജിലിം​ഗിലുണ്ട്. ടൈഗർ ഹിൽ, ടോയ് ട്രെയിൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

3. ബംഗാളി രുചികൾ പരീക്ഷിക്കാം

ലുച്ചി-ആലു ദം, മീൻ കറി, കോഷ മാങ്ഷോ അല്ലെങ്കിൽ ഒരു പ്ലേറ്റ് ബിരിയാണി പോലുള്ള വിഭവങ്ങളിൽ നിന്ന് നിങ്ങൾക്ക് ബം​ഗാളി രുചികൾ ആസ്വദിച്ച് തുടങ്ങാം. മധുരപലഹാരങ്ങളും. മിഷ്തി ദോയി, റസഗുള, സോണ്ടേഷ് എന്നിവ തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ടവയാണ്. മിക്ക സ്ഥലങ്ങളിലും താങ്ങാനാവുന്ന വിലയിൽ ഭക്ഷണം ലഭിക്കും.

4. സുന്ദർബൻസ് സന്ദർശിക്കാം

സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ സുന്ദർബൻസ് സന്ദർശിക്കാം. ഇടുങ്ങിയ ജലപാതകളിലൂടെ ബോട്ടിൽ യാത്ര ചെയ്ത് ചുറ്റുമുള്ള കണ്ടൽക്കാടുകളുടെ മനോഹരമായ കാഴ്ച കാണാം. അപൂർവ ഇനം പക്ഷികളെയും, മുതലകളെയും, മറ്റ് വന്യജീവികളെയും നിങ്ങൾക്ക് കാണാൻ കഴിയും. ഒരേ സമയം ശാന്തവും വളരെയേറെ ഉന്മേഷദായകവുമാണ് ഇവിടം.

5. പ്രിൻസെപ് ഘട്ടിൽ ഒരു വൈകുന്നേരം ചെലവഴിക്കാം

കൊൽക്കത്തയിൽ വിശ്രമിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് പ്രിൻസെപ് ഘട്ട്. നദീതീരത്ത് നിന്ന് വരുന്ന മനോഹരമായ കാറ്റേറ്റ് ഇരിക്കാം. അല്ലെങ്കിൽ ഒരു ചെറിയ ബോട്ട് സവാരി നടത്താം. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. സൂര്യാസ്തമയത്തിനു ശേഷം പാലത്തിലെ ലൈറ്റുകൾ പ്രകാശിക്കുന്നത് മനോഹരമായ കാഴ്ചയാണ്.