എല്ലാ വർഷവും സെപ്റ്റംബർ 27-ന് ആചരിക്കുന്ന ലോക ടൂറിസം ദിനം, ടൂറിസത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. 'ടൂറിസം ആൻഡ് സസ്‌റ്റൈനബിൾ ട്രാൻസ്ഫോർമേഷൻ' എന്നതാണ് ഈ വർഷത്തെ തീം. 

ഇന്ന് ലോക ടൂറിസം ദിനം. 1980-ൽ യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി സ്ഥാപിച്ച ലോക ടൂറിസം ദിനം എല്ലാ വർഷവും സെപ്റ്റംബർ 27-നാണ് ആഘോഷിക്കുന്നത്. സമൂഹത്തിൽ ടൂറിസത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും യാത്ര, സംസ്കാരം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ‘ടൂറിസം ആൻഡ് സസ്‌റ്റൈനബിൾ ട്രാൻസ്ഫോർമേഷൻ’ എന്നതാണ് ലോകം ടൂറിസം ദിനത്തിന്റെ ഈ വർഷത്തെ തീം.

ലോക ടൂറിസം ദിനം എന്നത് കേവലം വിനോദസഞ്ചാരത്തെ കുറിച്ച് മാത്രം ഓർമ്മിപ്പിക്കുന്ന ഒരു ദിനമല്ല. മറിച്ച് സമൂഹത്തിലും പരിസ്ഥിതിയിലും ടൂറിസം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ദിനമാണിത്. സാമ്പത്തിക വളർച്ച, സാംസ്കാരിക വിനിമയം, സാമൂഹിക ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ ടൂറിസത്തിന്റെ സ്വാധീനം ഏറെ പ്രധാനമാണ്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ നീല നിറമാണ് ലോക ടൂറിസം ദിനത്തിന്റെ ഔദ്യോഗിക നിറം. നൈജീരിയയിലെ ഐ.എ. അതിഗ്ബിയാണ് ലോക ടൂറിസം ദിനത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്.

കേരളത്തിൽ ടൂറിസം മേഖല കുതിപ്പിന്റെ പാതയിലാണ്. കോവിഡ് കാലത്ത് വലിയ തിരിച്ചടി നേരിട്ട ടൂറിസം മേഖല പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷിയായത്. ഇതിനൊപ്പം കേരള ടൂറിസവും ലോകത്തിന് മുന്നിൽ തലയുയര്‍ത്തി നിൽക്കുകയാണ്. പച്ചപ്പും കോടമഞ്ഞും കടൽത്തീരങ്ങളുമെല്ലാമായി പ്രകൃതി ഭംഗിയാൽ സമ്പന്നമായ കേരളത്തിലേയ്ക്ക് ഇപ്പോൾ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ് കാണാനാകുന്നത്. ഉത്തരവാദിത്ത, സുസ്ഥിര ടൂറിസം വികസനത്തിൽ രാജ്യത്ത് മുൻപന്തിയിൽ തന്നെയാണ് കേരളത്തിന്റെ സ്ഥാനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം.