എച്ച്-1ബി വിസ സംബന്ധിച്ച ആശങ്കകൾക്കിടയിൽ, ഹൈദരാബാദിനടുത്തുള്ള  വിസ ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന ചിൽകൂർ ബാലാജി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് വർധിക്കുകയാണ്. 

ഹൈദരാബാദ്: എച്ച്-1ബി വിസകൾക്ക് ഒരു ലക്ഷം ഡോളർ ഭീമമായ ഫീസ് ഏർപ്പെടുത്തുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ടെക് ലോകം കേട്ടത്. പ്രത്യേകിച്ച് ‌ഇന്ത്യയിലെ ടെക് സമൂഹവും ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ വലിയ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിൽ, ഹൈദരാബാദിനടുത്തുള്ള ഒരു ക്ഷേത്രം ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ചിൽകൂർ ബാലാജി ക്ഷേത്രമാണ് ഇപ്പോൾ സ്പോട്ട്ലൈറ്റ്. വിസ ബാലാജി ക്ഷേത്രമെന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വിസകൾ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ആളുകൾ കൂട്ടത്തോടെ ഈ ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ചിൽകൂർ ബാലാജി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ വിദേശത്ത് വിസ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഇവിടേയ്ക്ക് എത്തുന്നവർ വിശ്വസിക്കുന്നത്. വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെ നിരവധിയാളുകളാണ് ഇപ്പോൾ ഈ ക്ഷേത്രത്തിലേയ്ക്ക് എത്തുന്നത്. ഈ ക്ഷേത്രത്തിന് മറ്റ് ചില സവിശേഷതകൾ കൂടിയുണ്ട്. ഇവിടെ നിങ്ങൾക്ക് കാണിക്കവഞ്ചി കാണാൻ സാധിക്കില്ല. വിഐപികൾക്ക് പരിഗണനകളില്ല. സ്വർണ്ണം പൂശിയ മണ്ഡപങ്ങളില്ല. പണം സ്വീകരിക്കുകയുമില്ല എന്നതാണ് എടുത്തുപറയേണ്ടത്. സമത്വം ഇവിടെ പരമപ്രധാനമാണ്. ആദ്യമായി വരുന്ന വിദ്യാർത്ഥികൾ മുതൽ ഉന്നതരായ ടെക് അനലിസ്റ്റുകൾ വരെ ഇവിടെ സമൻമാരാണ്.

ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 1990-കളിൽ വിദേശയാത്രകൾക്ക് വലിയ പ്രചാരമുണ്ടായിരുന്നു. ചൈതന്യ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പോലെയുള്ള എൻജിനീയറിങ് കോളേജുകളിലെ വിദ്യാർഥികൾ കൂട്ടമായി ഈ ക്ഷേത്രത്തിലെത്തിയിരുന്നു. 11 പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയ ശേഷം അവർക്ക് വിസ ലഭിച്ചു എന്ന് പലരും അവകാശപ്പെട്ടു. അങ്ങനെയാണ് ക്ഷേത്രത്തിന് ‘വിസ ബാലാജി’ എന്ന പേര് ലഭിച്ചതെന്ന് ക്ഷേത്രത്തിന്റെ പ്രധാന പൂജാരിയായ സി.എസ്. രംഗരാജൻ പറഞ്ഞു.

കാലം കഴിയുന്തോറും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസവും വളർന്നു. ഇപ്പോൾ ഐടി ഉദ്യോഗാർത്ഥികളും, സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും, വിദ്യാർത്ഥികളും തങ്ങളുടെ വിദേശയാത്രാ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തുന്നുണ്ട്. വിസ ഫീസ് $100,000 ആക്കി ഉയർത്താനുള്ള നിർദ്ദേശങ്ങൾ വാർത്തകളിൽ ഇടം നേടിയതോടെ ക്ഷേത്രത്തിലെ തിരക്ക് വലിയ തോതിൽ വർധിച്ചു. ആധുനികമായ സ്വപ്നങ്ങളും പുരാതനമായ ഭക്തിയും ഇവിടെ ഒത്തുചേരുന്നു. ഇന്ത്യയിലെ ഏറ്റവും അസാധാരണമായ ഈ ക്ഷേത്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഹൈദരാബാദിനടുത്തുള്ള ചിൽകൂർ സന്ദർശിക്കാം.