യാനം ഫെസ്റ്റിവെലിൽ കാടിനെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ-ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘർഷം, സുസ്ഥിര യാത്ര എന്നിവ പ്രധാന ചർച്ചാവിഷയമായി.

വർക്കല: കാടിനെ സംരക്ഷിച്ചും സ്വാഭാവികത നിലനിർത്തിക്കൊണ്ടുമുള്ള ഇക്കോ-ടൂറിസം പ്രവർത്തനത്തിന് പ്രാധാന്യം നൽകണമെന്ന് വിദഗ്ധർ. വർക്കലയിൽ കേരള ടൂറിസം സംഘടിപ്പിച്ച യാനം ഫെസ്റ്റിവെലിൽ വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് സസ്റ്റൈനബിൾ ട്രാവൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇക്കോ ടൂറിസത്തിന് വലിയ പ്രാധാന്യം വന്നതോടെ സംരക്ഷിത വനങ്ങളിലേക്ക് വരെ ആളുകൾ എത്തുന്നുണ്ടെന്നും ഇത് വനത്തിൻറെ സ്വാഭാവികതയെയും വന്യജീവികളെയും സാരമായി ബാധിക്കുന്നുണ്ടെന്നും ട്രാവൽ ഫോട്ടോഗ്രാഫർ ബാലൻ മാധവൻ പറഞ്ഞു. ഇക്കോ ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റിയതാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമെന്നും ഈ സന്തുലനം നിലനിർത്തുന്നത് പ്രധാനമാണെന്നും പത്രപ്രവർത്തകനും പരിസ്ഥിതിപ്രവർത്തകനുമായ സി റഹീം പറഞ്ഞു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടകകാരനുമായ പ്രമോദ് പയ്യന്നൂരും ചർച്ചയിൽ പങ്കെടുത്തു. ഷമീൽ നഹാസ് സെഷൻ മോഡറേറ്റ് ചെയ്തു.

ഫുട്ബോൾ, കല, സിനിമ എന്നിവയെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള പത്രപ്രവർത്തകനായ എ.യു ഫൈസൽഖാൻ ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇഖ്ബാലുമായി 'സാംസ്കാരിക പര്യവേഷണങ്ങൾ: സിനിമ, ഫുട്ബോൾ, കല' എന്ന സെഷനിൽ സംഭാഷണം നടത്തി. 2010 ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014 ലെ ബ്രസീൽ ലോകകപ്പ്, കാൻ ഫിലിം ഫെസ്റ്റിവൽ, വെനീസ് ബിനാലെ എന്നിവയിലേക്ക് പോയ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.

തൻറെ ജീവചരിത്രമായ 'ഹോംബ്രെ ഡി ഫെ'യുടെ പ്രീമിയറിനായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ കോസ്റ്റാറിക്ക മുൻ ഗോൾകീപ്പർ കെയ്ലർ നവാസുമായി ഇടപഴകിയത് ഫൈസൽ ഓർത്തു. വെനീസ് നഗരത്തിലെ ഫാക്ടറി വെയർഹൗസുകളിലും ചെറിയ കെട്ടിടങ്ങളിലും സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്ന ലോകമെമ്പാടുമുള്ള മികച്ച കലാകാരന്മാരുമായി അടുത്തിടപഴകാൻ സാധിച്ച ഓർമ്മകൾ വെനീസ് ബിനാലെയുമായി ബന്ധപ്പെട്ട് ഫൈസൽഖാൻ പങ്കിട്ടു.

കേരളത്തിൽ നിന്നുള്ള 22കാരിയായ സോളോ ട്രാവലർ അഫീദ ഷെറിൻ യാത്രകളിലേക്ക് താൻ എത്തിയ വഴികളെക്കുറിച്ചും യാത്രാസ്വപ്നങ്ങളെക്കുറിച്ചും സംസാരിച്ചു. മൗറീഷ്യസിലേക്കുള്ള തൻറെ ആദ്യ അന്താരാഷ്ട്ര യാത്രയിലെ അനുഭവം അഫീദ പങ്കുവച്ചു. ഏതെങ്കിലും ഒരു രാജ്യത്തേക്കോ പ്രദേശത്തേക്കോ യാത്ര ചെയ്യുകയല്ല, ലോകത്ത് എവിടേക്കും യാത്ര ചെയ്യാൻ തയ്യറായ ഒരു മനസ്സാണ് തൻറെ കൈമുതലെന്നും അവർ കൂട്ടിച്ചേർത്തു.

'സെലിബ്രേറ്റിംഗ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്' എന്ന കേന്ദ്രപ്രമേയത്തിലാണ് ത്രിദിന ഫെസ്റ്റിവെൽ സംഘടിപ്പിച്ചത്. ട്രാവൽ വ്ളോഗർമാർ, ട്രാവൽ ജേർണലിസ്റ്റുകൾ, ട്രാവൽ ഫോട്ടോഗ്രാഫർമാർ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കി.