കേന്ദ്ര സർക്കാർ അവതരിപ്പിച്ച 3,000 രൂപയുടെ വാർഷിക ടോൾ പാസ് ഉപയോഗിച്ച് ഒരു യുവാവ് 25 ദിവസം കൊണ്ട് 11,000 കിലോമീറ്റർ സഞ്ചരിച്ചു. 13 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലൂടെ വലിയൊരു തുക ലാഭിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

ദില്ലി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ അവതരിപ്പിച്ച വാർഷിക ടോൾ പാസ് പൂർണ്ണമായും ഉപയോഗിച്ച് യുവാവ്. വെറും 3,000 രൂപ വിലയുള്ള ഈ പാസ് ഉപയോഗിച്ച് യുവാവ് 25 ദിവസത്തിനുള്ളിൽ 13 സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റ് (mechanical.jugadu) അനുസരിച്ച്, അദ്ദേഹം 12 ജ്യോതിർലിംഗങ്ങളും നാല് ധാമുകളും സന്ദർശിച്ചു. മൊത്തം 11,000 കിലോമീറ്ററാണ് യുവാവ് യാത്ര ചെയ്തത്. ഇന്ത്യയിലാദ്യമായി വാർഷിക പാസ് മുഴുവൻ ഉപയോ​ഗിക്കുന്ന ആദ്യത്തെ വ്യക്തിയെന്നാണ് യുവാവിന്റെ പോസ്റ്റ് അവകാശപ്പെടുന്നത്.

‘കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ എൻ്റെ വാർഷിക ടോൾ പാസിൽ നിന്ന് 119 യാത്രകൾ കുറഞ്ഞു. ഞാൻ 12 ജ്യോതിർലിംഗങ്ങളും 4 ധാമുകളും സന്ദർശിച്ചു. സോളോ റോഡ് ട്രിപ്പ് ആയിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവെച്ചത്. യാത്ര ആരംഭിക്കുമ്പോൾ വാർഷിക പാസിൽ 199 ട്രിപ്പുകളാണ് അവശേഷിച്ചിരുന്നത്. ഇതിൽ നിന്ന് 119 യാത്രകളാണ് പാസ് ഉപയോ​ഗിച്ച് നടത്തിയത്. പാസിൽ 80 ട്രിപ്പുകൾ ഇനിയും ബാക്കിയുണ്ട്.

സാധാരണയായി ഈ 119 ടോൾ പ്ലാസകൾ കടക്കാൻ ഏകദേശം 15,000 മുതൽ 17,000 രൂപ വരെയാണ് ചെലവ് വരിക. എന്നാൽ, വാർഷിക പാസ് അദ്ദേഹത്തിന്റെ യാത്രാ ചെലവ് ഗണ്യമായി കുറച്ചു. പാസിൻ്റെ പരിധിയിൽ വരാത്ത ചില ടോൾ പ്ലാസകളിൽ അദ്ദേഹം അധികമായി പണം നൽകി. ആഗ്ര-ലക്നൗ എക്‌സ്‌പ്രസ്‌വേ റൂട്ട് തിരഞ്ഞെടുത്തത് കാരണം 2,439 രൂപ യുവാവിന് അധികമായി ചെലവായി. ഈ യാത്ര കാരണം ദൂരം 200 കിലോമീറ്റർ വർദ്ധിക്കുകയും 1,200 രൂപയുടെ അധിക ടോളുകളും 2,000 രൂപയുടെ ഡീസലും ചെലവുകളിൽ ഉൾപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിലെ ഓഷോ റോഡിലെ ടോൾ (300 രൂപ), സമൃദ്ധി മാർഗ് (240 രൂപ), പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ (250 രൂപ) എന്നിവയും ഇതിൽ ഉൾപ്പെടുന്നു.