Asianet News MalayalamAsianet News Malayalam

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

Deshantharam Najeeb Moodadi
Author
Thiruvananthapuram, First Published Sep 22, 2017, 7:50 PM IST


ദേശാന്തരത്തില്‍

 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Najeeb Moodadi

'എനിക്കെന്റെ നാട്ടിലെത്തണം. മക്കളെ കാണണം.'

ഒരു നിലവിളി പോലെ ആ വാക്കുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.

നാല്  ദിവസങ്ങള്‍ക്ക് മുമ്പാണ്. പുലര്‍ച്ചെ നാലുമണിക്ക് കട തുറക്കാന്‍ വരുമ്പോള്‍ കടത്തിണ്ണയില്‍ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ അറിയാം ആന്ധ്രക്കാരിയാണെന്ന്. നിര്‍മ്മാണത്തൊഴിലാളികളായ 'ബാച്ചിലേര്‍സ്' പുരുഷന്മാര്‍ മാത്രം തിങ്ങി താമസിക്കുന്ന ഇവിടെ വെളുക്കുന്നതിനു മുമ്പ് എല്ലാവരും പണിക്കു പോവുന്ന ഈ സമയത്ത്, റോട്ടിലും കടകളിലുമൊക്കെ നല്ല തിരക്കുള്ള നേരം ഇവര്‍ ആരെയാണ്  കാത്തിരിക്കുന്നത്?

ആറുമണി കഴിഞ്ഞ് തിരക്ക് കുറഞ്ഞപ്പോഴും അവര്‍ കടയുടെ പരിസരത്തൊക്കെയായി ഉണ്ടായിരുന്നു. അത്യാവശ്യമായി ആരെയോ തിരഞ്ഞു വന്ന പോലെ. അങ്ങോട്ടുമിങ്ങോട്ടും നടന്ന്.

ഉച്ചയ്ക്ക് മുമ്പ് ആ സ്ത്രീ മൊബൈല്‍ കാര്‍ഡ് വാങ്ങാന്‍ കടയില്‍ വന്നു. മുപ്പത്തിയഞ്ചിനടുത്ത് പ്രായം വരും. കാര്‍ഡു വാങ്ങിക്കുമ്പോള്‍ കാക്കിനാഡ ശൈലിയിലുള്ള തെലുങ്കില്‍ അവര്‍  ചോദിച്ചു.

'ഇവിടെ എപ്പോഴും പോലീസ് ചെക്കിംഗ് ഉണ്ടാകുമോ'

ഖാദിംവിസ*ക്കാരായ വിദേശികള്‍ തിങ്ങി താമസിക്കുന്ന ഈ പ്രദേശത്ത് പോലീസ് വണ്ടി ദിവസവും പല സമയങ്ങളിലായി റോന്ത് ചുറ്റാറുണ്ട്. ഓരോ വരവിനും ഇഖാമ*യില്ലാത്ത രണ്ടോ മൂന്നോ പേരെങ്കിലും കുടുങ്ങാറുമുണ്ട്. ഞാന്‍ ആ വിവരം പറഞ്ഞു.

'എത്ര മണിക്കാണ് പോലീസ് വരിക?

എനിക്ക് തമാശ  തോന്നി. എന്നും കൃത്യമായി ഒരേ സമയത്ത് പോലീസുകാര്‍  ചെക്കിങ്ങിനു വരുമോ?

'എന്താ നിങ്ങള്‍ക്ക് ഇഖാമയില്ലേ?'

'ഇല്ല'

ആ സ്ത്രീ കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയി.

വൈകുന്നേരവും രാത്രിയുമൊക്കെ ആ സ്ത്രീ അവിടെയൊക്കെ വേവലാതിയോടെ നടന്നു കൊണ്ടിരുന്നു.

അത് ശരി അതാണ് ഇത്ര വേവലാതി. അവര്‍  അന്വേഷിച്ചു വന്ന ആള്‍ ജോലിക്ക് പോയിട്ടുണ്ടാകും. എന്തോ അത്യാവശ്യം ഉള്ളത് കൊണ്ടായിരിക്കും ഇത്ര നേരത്തെ തന്നെ ആളെ തിരക്കി വന്നത്. ഇനി കുറെ കാലം  ഒന്നിച്ചു ജീവിച്ചു കടന്നു കളഞ്ഞവനെയോ, അല്ലെങ്കില്‍ ഇഖാമ അടിക്കാന്‍ വെച്ച കാശും കൊണ്ട് മുങ്ങിയവനെയോ നോക്കി വന്നതാവുമോ. അങ്ങനെ ചിലരെ അന്വേഷിച്ചു വന്ന് വഴക്കും ബഹളവുമൊക്കെ ഇടക്കിവിടെ ഉണ്ടാകാറുണ്ട്. അതുപോലെ എന്തെങ്കിലുമായിരിക്കും. ഇഖാമയില്ലാതെ  പോലീസിന്റെ മുന്നില്‍ പെട്ടാല്‍ കുടുങ്ങിയത് തന്നെ പാവം.

വൈകുന്നേരവും രാത്രിയുമൊക്കെ ആ സ്ത്രീ അവിടെയൊക്കെ വേവലാതിയോടെ നടന്നു കൊണ്ടിരുന്നു. കാണുന്നവരോടൊക്കെ എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു.  ഭാഗ്യം ഇന്ന് ഇതുവരെ ഒറ്റ പോലീസ് വണ്ടിയും വന്നിട്ടില്ല!!

രാത്രി പതിനൊന്നു മണിക്ക് ഞാന്‍ കടയടക്കാന്‍ നോക്കുമ്പോള്‍ അവര്‍ വീണ്ടും വന്നു.

'ഇന്നിനി പോലീസ് വണ്ടിയൊന്നും വരലുണ്ടാവില്ല അല്ലെ.'

'സാധാരണ നാലഞ്ചുവട്ടം ഇവിടെ പോലീസ് വണ്ടി വന്നു ഇഖാമയില്ലാത്തവരെ പിടിച്ചു കൊണ്ട് പോകുന്നതാ. നിങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കും ഇന്ന് ഇതുവരെ വരാഞ്ഞത്'.

'എനിക്ക് ഭാഗ്യമില്ല...'

ആ സ്ത്രീ പറഞ്ഞു. 'ഇവിടെ എപ്പോഴും ചെക്കിംഗ് ഉണ്ടാകുമെന്നറിഞ്ഞ് പോലീസ് പിടിക്കാന്‍ വേണ്ടിയാ പുലര്‍ച്ചെ മുതല്‍ ഞാനിവിടെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നത്'

ഞാന്‍ അമ്പരന്നു. ആദ്യമായാണ് ഇങ്ങനെ ഒന്ന് കേള്‍ക്കുന്നത്.

 'എന്തിനാ ഇങ്ങനെയൊക്കെ സാഹസപ്പെട്ട് പിടി കൊടുക്കുന്നത്. അവിടെ ചിലപ്പോള്‍ മാസങ്ങളോളം ഉള്ളിലിട്ട് ഫിംഗര്‍ പ്രിന്റെടുത്തല്ലേ  നാട്ടിലയക്കൂ. പിന്നെ ഒരിക്കലും ഇങ്ങോട്ട് വരാനാവില്ല'

'എനിക്കിനി ഇങ്ങോട്ട് വരണ്ട'. കരയുന്ന  പോലെ ആ സ്ത്രീ പറഞ്ഞു 'എനിക്കെന്റെ നാട്ടിലെത്തണം. മക്കളെ കാണണം'

'എനിക്കിനി ഇങ്ങോട്ട് വരണ്ട'. കരയുന്ന  പോലെ ആ സ്ത്രീ പറഞ്ഞു

തുടര്‍ന്ന്  പെരുമഴപോലെ അവര്‍ പറഞ്ഞത് ഇതാണ്. 

ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലക്കാരിയാണ്  അവര്‍. ഭര്‍ത്താവിനു വിശേഷിച്ചു ജോലിയൊന്നുമില്ല. ഒരു എജന്റ് ് മുഖാന്തിരം അഞ്ചു വര്‍ഷം  മുമ്പാണ് കുവൈത്തി വീട്ടില്‍ ജോലിക്ക് എത്തിയത്. വരുമ്പോള്‍ മൂത്ത പെണ്‍കുട്ടിക്ക് ഏഴും  ഇളയ മോന് മൂന്നും  വയസ്സായിരുന്നു .കുട്ടികളെ ഭര്‍ത്താവ് നോക്കിക്കോളാം എന്ന ഉറപ്പിലാണ് പോന്നത്.

ഒരു കൊല്ലം  കുവൈത്തി വീട്ടില്‍ നിന്ന ശേഷം  കഷ്ടപ്പാട് സഹിക്കാനാവാതെ  പുറത്തേക്കു ചാടി. പിന്നീട് പല  വീടുകളിലായി  ജോലിക്ക് നില്‍ക്കുകയായിരുന്നു. ആദ്യത്തെ കഫീലിനടുത്ത് പോകാന്‍ പേടിയായത് കൊണ്ട് ഇഖാമ തീര്‍ന്നപ്പോള്‍ പിന്നീട് പുതുക്കാനായില്ല.

'മക്കളെ കാണാതെ ഓരോ ദിവസവും തള്ളി നീക്കിയത് എങ്ങനെയാണെന്ന് അറിയില്ല. എപ്പോഴെങ്കിലും നാട്ടിലേക്ക് വിളിച്ചാല്‍ അന്ന് ഉറങ്ങാന്‍ പറ്റില്ല. മക്കളുടെ വര്‍ത്താനമാണ് കാത് നിറയെ. മോള് സ്‌കൂളിലെ കാര്യങ്ങള്‍ പറയും. മോന്റെ വികൃതികളെ കുറിച്ച് പറയും. മോനും പറഞ്ഞു തീരാത്തത്ര വിശേഷങ്ങള്‍ ഉണ്ട്. അമ്മയോട് കൊഞ്ചിപ്പറയാന്‍. അവള്‍ സ്‌കൂള്‍ വിട്ടു വരുന്നത് വരെ മോന്‍ അടുത്ത വീട്ടില്‍ നില്‍ക്കും. അവള്‍ വന്ന ശേഷം മോന് ചോറ് വാരി കൊടുക്കും, കുളിപ്പിച്ച് കൊടുക്കും. ഏഴു വയസ്സ് മുതല്‍ എന്റെ മോള്‍ അമ്മ ചെയ്യേണ്ടതൊക്കെ.'

ആന്ധ്രക്കാരായ  ഒരു ഫാമിലി താമസിക്കുന്ന റൂമില്‍ ഒരു ഭാഗം പലകയടിച്ചു തിരിച്ച് മുപ്പത് ദിനാര്‍ വാടകയ്ക്ക് അവിടെയാണ് താമസം. നാല് വീടുകളില്‍ ജോലിചെയ്ത് കിട്ടുന്ന പണമൊക്കെ നാട്ടിലേക്ക് അയച്ചു കൊടുത്തു.

രണ്ടര വര്‍ഷം മുമ്പ് പൊതുമാപ്പ് വന്ന സമയത്ത് നാട്ടില്‍ പോകണമെന്ന് സന്തോഷിച്ചു. അതിനു വേണ്ട കടലാസുകള്‍ ഒക്കെ ശരിയാക്കി മക്കള്‍ക്ക് വേണ്ട ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങി വെച്ച് തയ്യാറായതാണ്. വരുന്ന വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു.

'ഇപ്പോള്‍ വന്നാല്‍ എങ്ങനെ ശരിയാകും. കുറച്ചു കൂടി പിടിച്ചു നില്‍ക്ക് ഇനിയും കുറെ കടങ്ങള്‍ വീട്ടി തീര്‍ക്കാനില്ലേ. വീടുണ്ടാക്കിയ കടം വീട്ടി കഴിഞ്ഞു ഉടനെ പോന്നോളൂ. ഒരു കൊല്ലം കൂടി നിന്നാല്‍ മതിയാവും. അതുവരെ ...'

വീട്ടിത്തീര്‍ക്കാനുള്ള കടങ്ങളുടെ കണക്കു കേട്ടപ്പോള്‍ നാട്ടില്‍ പോകാനും മക്കളെ കാണാനുമുള്ള ആഗ്രഹം അടക്കി. വാങ്ങിവെച്ച സാധനങ്ങള്‍ പാര്‍സല്‍ അയച്ചു കൊടുത്തു. അതൊക്കെ കിട്ടിയ മക്കളുടെ ആഹ്ലാദം ഫോണിലൂടെ അറിഞ്ഞ് മനസ്സ് നിറഞ്ഞു.

അന്നുരാത്രി അയാള്‍ കുടിച്ചു വന്ന് മോളെ പൊതിരെ തല്ലി.

ഒരു വര്‍ഷം  മുമ്പ് വരെ  ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളിച്ച് മക്കളോടും സംസാരിക്കുമായിരുന്നു. പിന്നീട് അയാളുടെ  മൊബൈലിലേക്ക് വിളിക്കുമ്പോള്‍ പലപ്പോഴും മക്കളെ കിട്ടാതായി. ഒരിക്കല്‍ അടുത്ത വീട്ടിലെ ഫോണില്‍ വിളിച്ചപ്പോള്‍  മകള്‍ പേടിയോടെ  പറഞ്ഞു.

'അമ്മാ .... നയ്‌ന* ഇപ്പോള്‍ കുടി അധികമാണ്. ഒരു പാട് വൈകിയാണ് വീട്ടില്‍ വരിക. അതുവരെ ഞാനും ബാബുവും അടുത്ത വീട്ടില്‍. രാത്രി പഠിക്കാന്‍ പറ്റുന്നില്ല...'

ഉള്ള് കത്താന്‍ തുടങ്ങി. ആ മനുഷ്യന്റെ കുടിയും പണിക്ക് പോകാനുള്ള മടിയുമാണ് കടങ്ങള്‍ വരുത്തി വെച്ചത്. അത് കൊണ്ടാണ് കുടുംബവീട് വിട്ട് വേറെ വീടെടുക്കേണ്ടി വന്നത്. ആ കടവും മറ്റു കടങ്ങളും വീട്ടാനാണ് ഇങ്ങോട്ട് പോരേണ്ടി വന്നത്. ഒക്കെ ഒതുങ്ങി എന്ന് ആശ്വസിച്ചതായിരുന്നു. ഇനി കുടിക്കില്ല എന്ന് പോരുമ്പോള്‍ മക്കളെ തൊട്ട് സത്യം ചെയ്തതാണ്. വീണ്ടും...

പിന്നീട് വിളിക്കുമ്പോഴൊക്കെ അയല്‍  വീട്ടുകാരിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. ചില ദിവസങ്ങളില്‍ അയാള്‍ വീട്ടില്‍ വരാറില്ല. കുടിച്ചു വന്നാല്‍ മക്കളെ വല്ലാതെ ചീത്തപറയും, തല്ലും... അയാളെ വിളിച്ചു ചോദിച്ചപ്പോള്‍  അതൊക്കെ അടുത്ത വീട്ടുകാര്‍ അസൂയ കൊണ്ട് പറയുന്നതാണെന്ന് പറഞ്ഞു. മകളെയും അവര്‍ പറഞ്ഞു മയക്കിയിരിക്കുകയാണ്.

അന്നുരാത്രി അയാള്‍ കുടിച്ചു വന്ന് മോളെ പൊതിരെ തല്ലി. അടുത്ത വീട്ടിലേക്ക് ഓടിപ്പോകാതിരിക്കാന്‍ കെട്ടിയിട്ടു. അക്കയെ കെട്ടിപ്പിടിച്ചു കരഞ്ഞ മോനും കിട്ടി തല്ല്.

അതോടു കൂടി മക്കള്‍ക്ക് ഇനിയും തല്ലു കിട്ടിയാലോ എന്ന് പേടിച്ച് അയാളെ വിളിച്ചു ചോദിക്കുന്നത് നിര്‍ത്തി. അടുത്ത വീട്ടുകാരോട് വഴക്കുണ്ടാക്കിയതോടെ മക്കള്‍ അങ്ങോട്ട് പോകുന്നതും ഇല്ലാതായി. വീട്ടുജോലികള്‍ ഒക്കെ ചെയ്തു തീര്‍ത്ത്  മോള് അനുജനെയും കൊണ്ട് സ്‌കൂളില്‍ പോയി. രാത്രി നയ്‌ന വരുന്നത് വരെ പേടിയോടെ കാത്തിരുന്നു എപ്പോഴോ ഉറങ്ങി.

പിന്നീട് ചെലവിനുള്ള പണം മാത്രം അയച്ചു കൊടുത്തു. മകള്‍ പഠിക്കാന്‍ മിടുക്കിയാണ്. മക്കളെ നന്നായി പഠിപ്പിക്കണം. അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മക്കള്‍ക്ക് വേണ്ടി എന്തെങ്കിലും സമ്പാദിച്ച് അധികം വൈകാതെ നാട്ടിലേക്ക് പോകണം. തന്റെ ഗതികേട് മക്കള്‍ക്ക് ഉണ്ടാവരുത്. അവര്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാകാന്‍..മറ്റൊരു  വീട്ടില്‍ കൂടി മൂന്നു മണിക്കൂര്‍ ജോലി തേടിപ്പിടിച്ചു. മാസത്തില്‍ മുപ്പത്തഞ്ചു ദിനാര്‍ അധികം കിട്ടും. രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന ജോലി രാത്രി പത്തു മണിവരെ നീണ്ടു. ഉറക്കത്തില്‍ മോന്റെ 'അമ്മാ' എന്ന വിളികേട്ട് ഞെട്ടിയുണര്‍ന്നു.

പകല്‍ സമയത്ത് വിളിച്ചാല്‍ ടീച്ചറുടെ ഫോണില്‍ മക്കളോട്  സംസാരിക്കാം. മോളെ ടീച്ചര്‍ക്ക് ഇഷ്ടമാണ്. പന്ത്രണ്ടു വയസ്സുള്ള മോള്‍ ഒരുപാട് പക്വതയുള്ള ആളെ പോലെ സംസാരിച്ചു. ടീച്ചര്‍ അടുത്തുള്ളത് കൊണ്ടാവണം 'നയ്‌ന'യുടെ കുറ്റങ്ങള്‍ കഴിയുന്നതും പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. പക്ഷെ മോന്‍ പറഞ്ഞു കൊണ്ടിരുന്നു.അക്കയെ അടിച്ചത്, ചീത്ത പറഞ്ഞത്, ചോറും പാത്രവും എടുത്തെറിഞ്ഞത്.....

പന്ത്രണ്ടു വയസ്സുള്ള മോള്‍. കൂട്ടിനു ഏഴുവയസ്സുള്ള അനുജന്‍ മാത്രം. ദൈവമേ, എന്റെ മക്കള്‍...

നാല് ദിവസം മുമ്പ്  വിളിച്ച സമയത്ത്  മോള് പറഞ്ഞത് കേട്ടപ്പോള്‍ ഉള്ളു കത്തി. 'അമ്മാ....നയന എങ്ങോട്ടോ പോയി. ഏതോ ഒരു സ്ത്രീയുടെ കൂടെയാണന്ന് ആളുകള്‍ പറയുന്നു. ഇപ്പോള്‍ വീട്ടില്‍ വരാറില്ല. അമ്മാ പേടിയാവുന്നു. ഞാനും ബാബുവും  ഒറ്റക്ക് വീട്ടില്‍.കുടിച്ചാലും നയന ഉള്ളപ്പോള്‍ ധൈര്യമായിരുന്നു. ഇപ്പൊ എല്ലാര്‍ക്കും അറിയാം നയന ഇനി വരില്ലെന്ന്. അമ്മാ പേടിച്ചിട്ട് ഉറങ്ങാറില്ല ഞാന്‍....' അന്നാദ്യമായി മോള് കരഞ്ഞു.

പന്ത്രണ്ടു വയസ്സുള്ള മോള്‍. കൂട്ടിനു ഏഴുവയസ്സുള്ള അനുജന്‍ മാത്രം. ദൈവമേ, എന്റെ മക്കള്‍... നിന്ന നിലയില്‍ തീപിടിച്ചപോലെ എനിക്ക് തോന്നി. ഞാനും ഉറക്കെ കരഞ്ഞു. 'അമ്മാ, അമ്മാ...'മകള്‍ വിളിച്ചു കൊണ്ടിരുന്നു. ഇടക്കെപ്പോഴോ ഫോണ്‍ വാങ്ങി മോനും കരയാന്‍ തുടങ്ങി. 'അമ്മാ, അമ്മ വാ...അമ്മ വന്നാലേ ഞാന്‍ ചോറ് തിന്നൂ....അമ്മ വാമ്മാ ...ഞങ്ങള്‍ക്ക് പേടിയാവുന്നമ്മാ'

എങ്ങനെയോ മക്കളെ പറഞ്ഞു സമാധാനിപ്പിച്ചു. ഉള്ളു ചുട്ടുപൊള്ളുകയാണ്.ആര്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത് അവര്‍ ആരോരുമില്ലാതെ പേടിച്ച്. എങ്ങനെയെങ്കിലും നാട്ടില്‍ പോയെ പറ്റൂ. ഇനി ഇവിടെ നില്‍ക്കാന്‍ വയ്യ.

അന്ന് മുതല്‍ പോകാനുള്ള വഴികള്‍ അന്വേഷിക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് ഇല്ല ഇഖാമയില്ല മുമ്പ് പൊതുമാപ്പിനു പോകാന്‍ വേണ്ടി എംബസിയില്‍ നിന്ന് കിട്ടിയ ഔട്ട് പാസ് മാത്രമാണ് ഉള്ളത്. അത് വെച്ച് പോകാന്‍ പറ്റില്ല.

ജോലി ചെയ്ത ഇടങ്ങളില്‍ നിന്ന് കിട്ടാനുള്ള പൈസയൊക്കെ വാങ്ങി. മക്കള്‍ക്ക് വേണ്ടി ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വെച്ചു. എങ്ങനെ നാട്ടിലേക്ക് പോകാനാകുമെന്ന് പരിചയമുള്ളവരോടൊക്കെ അന്വേഷിച്ചു. എല്ലാരും നിസ്സഹായരായി. പാസ്‌പോര്‍ട്ടും ഇഖാമയും  ഇല്ലാതെ എങ്ങനെ നാട്ടിലേക്ക് പോവാനാണ്.

നേരെ പോലീസ് സ്റ്റേഷനില്‍ പോയി പറയാം. ഇഖാമ ഇല്ലെന്ന്. കുറച്ചു ദിവസം ഉള്ളിലിടും. ആരെങ്കിലും ടിക്കറ്റുമായി ചെന്നാല്‍ ഫിംഗര്‍ എടുത്ത് നാട്ടിലേക്ക് കയറ്റിയയയ്ക്കും.  സാധനങ്ങളും ടിക്കറ്റിനുള്ള പൈസയും റൂമില്‍ കൂടെ താമസിക്കുന്നവരെ ഏല്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് നേരെ മഗ്ഫറി*ലേക്ക് ചെന്നു. അവിടെ പുറത്ത് നിന്ന പോലീസുകാരനോട് കാര്യം പറഞ്ഞപ്പോള്‍ മുദീറി*ന്റെ മുറി കാണിച്ചു തന്നു.

അദ്ദേഹം എങ്ങോട്ടോ പോകാന്‍ ഇറങ്ങുകയായിരുന്നു. പേടിയോടെ പറഞ്ഞു 'രണ്ടര കൊല്ലമായി എനിക്ക് ഇഖാമയില്ല....'.മുദീര്‍ ഒന്ന് ചുഴിഞ്ഞു നോക്കിയാ ശേഷം പറഞ്ഞു.

'പൊയ്‌ക്കോ പോയി വല്ല പണിയും എടുത്തു ജീവിച്ചോ...' പിന്നെയും അവിടെ തങ്ങി നിന്നപ്പോള്‍ അദ്ദേഹം ഒച്ച ഉയര്‍ത്തി 'റൂ*.....'

'പുറത്തിറങ്ങിയപ്പോള്‍ ഞാനാകെ തളര്‍ന്നിരുന്നു.എല്ലാ പ്രതീക്ഷകളും തീരുകയാണ്. എന്റെ മക്കളുടെ അടുത്തെത്താന്‍ വൈകുന്ന ഓരോ ദിവസവും. മൂന്നു വയസ്സില്‍ വിട്ടു പോന്ന മോന്‍. അവനു അമ്മയെ കണ്ട ശരിയായ ഓര്‍മ്മ പോലും ഉണ്ടാവില്ല. എന്നിട്ടും അവന്റെയുള്ളില്‍ അമ്മയുണ്ട്. അമ്മയുടെ കൈ കൊണ്ട് ഊട്ടാന്‍ അവന്‍ കാത്തിരിക്കുകയാണ്. ശബ്ദത്തിലൂടെ മാത്രം അറിഞ്ഞ അമ്മ...എന്റെ മോള്‍..പന്ത്രണ്ടു വയസ്സായി അവള്‍ക്ക്. അവളെ ഒറ്റയ്ക്കിട്ട് അമ്മയായ എനിക്ക് എങ്ങനെയാണ് ഇവിടെ നില്‍ക്കാനാവുക. ഓര്‍ക്കുമ്പോള്‍ തീയാണ് ഉള്ളില്‍'

എവിടെയെങ്കിലും വെച്ച് ഒരു പോലീസ് വണ്ടി എന്റെ അരികില്‍ നിര്‍ത്തുമെന്നും ബത്താക്ക ചോദിക്കുമെന്നും ഞാനാശിച്ചു

'ഇന്നലെ വൈകുന്നേരം വരെ ഞാനലഞ്ഞു. റോഡിലൂടെ, സൂക്കുകളില്‍, മൈതാനത്ത. എവിടെയെങ്കിലും വെച്ച് ഒരു പോലീസ് വണ്ടി എന്റെ അരികില്‍ നിര്‍ത്തുമെന്നും ബത്താക്ക ചോദിക്കുമെന്നും ഞാനാശിച്ചു.വെറുതെ, ഒടുവില്‍ രാത്രിയായപ്പോള്‍ തിരിച്ച് റൂമിലെത്തി'

'വിവരം അറിഞ്ഞപ്പോള്‍ അടുത്ത റൂമിലുള്ള ബംഗ്ലാദേശിയാണ് പറഞ്ഞത്. ഈ ഭാഗത്ത് എപ്പോഴും ചെക്കിംഗ് ഉണ്ടാകുമെന്ന്. മോള്‍ അന്ന് ഒറ്റയ്ക്കാണെന്ന്  പറഞ്ഞത് മുതല്‍ ഉറക്കമില്ല. പുലര്‍ച്ചെ നാലുമണിക്ക് മുമ്പേ ഇവിടെ വന്ന് നില്‍ക്കുന്നതാണ്. നോക്ക്, ഇത്ര നേരമായിട്ടും...'

ആ സ്ത്രീ പറഞ്ഞവസാനിപ്പിച്ചു. ഒരു വെള്ളച്ചാട്ടം നിലച്ചപോലെ. 

എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാന്‍ നിന്നു. എന്റെ മുന്നില്‍ മക്കളുടെ അടുത്തേക്ക് പറന്നെത്താന്‍ കഴിയാതെ  നിസ്സഹായായ ഒരു അമ്മയാണ് നില്‍ക്കുന്നത്. ഭര്‍ത്താവിനെയും മക്കളെയും  പോറ്റാന്‍, കടം വീടാന്‍ ആന്ധ്രയിലെ ഏതോ ഒരു ഗ്രാമത്തില്‍ നിന്നും  മരുഭൂമിയിലേക്ക് ചെക്കേറേണ്ടി വന്ന ഒരു അമ്മ. ഈ പാതിരാത്രിയില്‍ കുഞ്ഞനുജനെ ചേര്‍ത്ത് പിടിച്ച് ഉറങ്ങാതെ കിടക്കുന്ന ഒരു പന്ത്രണ്ടുകാരിയുടെ പേടിച്ചരണ്ട കണ്ണുകള്‍  എന്റെ ഉള്ളില്‍ പുകഞ്ഞു നിന്നു.

രാത്രി പതിനൊന്നര മണി ആയി. പുറത്ത് ആളനക്കം കുറഞ്ഞിരുന്നു.കട അടക്കേണ്ട സമയം വൈകി.

'പോട്ടെ നാളെ നേരത്തെ വന്നു നോക്കാം. നാളെയെങ്കിലും പോലീസ് വരാതിരിക്കില്ല'. ആ സ്ത്രീ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി.

ഇപ്പോള്‍ നാല് ദിവസം കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ സ്ത്രീയെ  കണ്ടിട്ട്. അന്ന് രാത്രി പോകുന്ന വഴിയില്‍  അവരെ പോലീസ്  പിടിച്ചിരിക്കുമോ? അതല്ലെങ്കില്‍....

ഒന്നും സംഭവിക്കാതിരിക്കട്ടെ. എവിടെയോ രണ്ടു കുഞ്ഞുമക്കള്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്നുണ്ട്. അവരുടെ പ്രിയപ്പെട്ട അമ്മയെ.

........................................................................................

*ഖാദിംവിസ-വീട്ടു ജോലിക്കുള്ള വിസ

ഇഖാമ-residency permit

നയ്‌ന-അച്ഛന്‍

മഗ്ഫര്‍-പോലീസ് സ്റ്റേഷന്‍

മുദീര്‍-മേലധികാരി

റൂ-പോ 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

Follow Us:
Download App:
  • android
  • ios