Asianet News MalayalamAsianet News Malayalam

'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'

Green Light Asiya Al Ameen
Author
Thiruvananthapuram, First Published Nov 18, 2017, 5:48 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

Green Light Asiya Al Ameen

ഓരോരുത്തരും ഓരോ തരത്തില്‍  ആയിരിക്കുമല്ലോ മുഖപുസ്തകത്തെ  സമീപിക്കുന്നത്. ചിലര്‍ക്ക് അത് ഒരു നേരംപോക്ക് മാത്രമായിരിക്കും. ചിലര്‍ക്ക് അത് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള ഒരു ഇടം. മറ്റുചിലര്‍ക്ക് അത് തങ്ങളുടെ വിഷമങ്ങളില്‍ നിന്ന് ആശ്വാസം നേടുന്നതിനുള്ള ഇടം. ഇനി ഇതിലൊന്നും പെടാത്ത കുറച്ചുപേര്‍ കൂടിയുണ്ട് ഈ മുഖപുസ്തകത്തില്‍. ചാറ്റിങ്ങിനു വേണ്ടി മുഖപുസ്തകത്തില്‍ വരുന്ന ചിലര്‍. എന്തിനും നല്ല വശവും ചീത്ത വശവും ഉള്ളത് പോലെ മുഖപുസ്തകത്തിന്റെ ചീത്ത വശമാണ് ഇവര്‍. 

സ്ത്രീകള്‍ മുഖപുസ്തകം ഉപയോഗിക്കുന്നത് നല്ലതല്ല എന്ന് ഒരുവിഭാഗം ആളുകള്‍ കരുതുന്നുണ്ടെങ്കില്‍ അതിന് മുഖ്യകാരണം ഇങ്ങനെ ഉള്ളവരാണ്. എവിടെയൊക്കെയോ നഷ്ടമായ എഴുത്ത് തിരികെ തന്നതാണ് ഈ മുഖപുസ്തകം. അതില്‍ നിന്നും ഒരുപാട് നല്ല സുഹൃത്തുക്കളെ ലഭിച്ചിട്ടുമുണ്ട്. എഴുത്തിനെയും വായനയേയും ഇഷ്ടപ്പെടുന്നവര്‍ ആണെന്ന മുഖംമൂടിയില്‍ സൗഹൃദവലയത്തില്‍ കയറിപ്പറ്റുന്ന കുറച്ചുപേരുടെ തനിസ്വരൂപം അറിയാന്‍ കഴിയുന്നത് ഇന്‍ബോക്‌സില്‍ കടക്കുമ്പോഴാണ്.  അങ്ങനെ ഉള്ള കുറച്ചു അനുഭവങ്ങള്‍ ആണ് എവിടെ ഞാന്‍ പറയുന്നത്. 

കുറച്ച് തിരക്കായിരുന്ന ഒരു ദിവസം രാത്രി വൈകിയാണ് മുഖപുസ്തകത്തില്‍ എത്തുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ഒരുപാട് എഴുത്തുകള്‍, സുഹൃത്തുക്കളുടെ എഴുത്തുകള്‍ എല്ലാം വായിക്കാന്‍ ഉണ്ടായിരുന്നു. അങ്ങോട്ട് കൊടുത്താല്‍ മാത്രമേ ഇങ്ങോട്ടും കിട്ടുകയുള്ളൂ. അതുകൊണ്ട് ലൈക്ക് കൊടുത്ത് പോയാല്‍ മാത്രം പോരാ. വായിച്ചു കമന്റും പറയണമല്ലോ. അങ്ങനെ ഓരോന്നും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് കുഞ്ഞുവാവ ചിണുങ്ങിയത്. വേറൊന്നുമല്ല മെസഞ്ചര്‍ റിംഗ്‌ടോണ്‍ ആണ്. ആദ്യം മൈന്‍ഡ് ചെയ്തില്ല. നിര്‍ത്താതെ കരഞ്ഞപ്പോള്‍ എന്തിനാണെന്ന് നോക്കാനായിട്ടാണ് ഡോര്‍ തുറന്നു അകത്തേയ്ക്ക് കയറിയത്. 

രാത്രി പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അതെ  അനുഭവങ്ങള്‍ തന്നെയാണ് രാത്രി ഓണ്‍ലൈനില്‍ കണ്ടാലും

ഒരു ഫ്രണ്ട് ആണ്,  പെണ്ണാണ്. അകത്തേയ്ക്ക് കയറുമ്പോള്‍ ഹായ് യുടെയും ഹലോയുടെയും ഒരു ബഹളം തന്നെ. തിരിച്ചു ഒരു ഹായ് കൊടുത്തു. 

'ഹായ്.. ചേച്ചിയുടെ എഴുത്തൊക്കെ എനിക്ക് വലിയ ഇഷ്ടമാണ് കേട്ടോ.'

ഉടനെ തന്നെ മറുപടി വന്നു.  

'ആണോ സന്തോഷം'

'പച്ചയായ ജീവിതമാണെന്ന് തോന്നും എഴുത്തുകള്‍. ഒരു വലിയ എഴുത്തുകാരി ആകും ചേച്ചി..'

ഇക്കായ്ക്ക് എന്നെ ഒരു വില ഇല്ലാലോ. ഇന്ന് ഇക്കായ്ക്ക് കാണിച്ചു കൊടുക്കണം. എന്നൊക്കെ വിചാരിച്ചു ഇരിക്കുമ്പോഴാണ് അടുത്ത മെസ്സേജ്. 

'ചേച്ചി... ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ'

'ആ ചോദിച്ചോളൂ.. '

'ചേച്ചിയ്ക്ക് ചാറ്റ് ചെയ്യാന്‍ ഇഷ്ടമാണോ..'

'വായിക്കാന്‍ തന്നെ സമയം ഇല്ലാത്തപ്പോള്‍ എവിടുന്നാണ് ചാറ്റാന്‍ സമയം. '

'എന്നാലും എന്നെ ഒരു ഫ്രണ്ട് ആയി കാണണം ചേച്ചി'

 'അങ്ങനെ കണ്ടത് കൊണ്ടാണല്ലോ റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തത്'

'പിന്നെ ചേച്ചി ഞാന്‍ ഒരു ആണാണ്.. ഫ്രണ്ട്ഷിപ്പ് ആകാമോ'

എന്റെ പടച്ചോനെ ഇവന്‍ ആണും പെണ്ണും കെട്ടതാണല്ലോ എന്ന് കരുതി ഒന്നും പറയാതെ ഒരു ബ്ലോക്ക് അങ്ങ് വെച്ചു കൊടുത്തു. 

ഒരു ദീര്‍ഘശ്വാസം വിട്ട് വീണ്ടും വായനയിലേയ്ക്ക്.

അപ്പോഴാണ് കുഞ്ഞ് വീണ്ടും കരഞ്ഞത്. ഇനി കരഞ്ഞു മരിച്ചാലും തുറക്കില്ല എന്ന് കരുതി വീണ്ടും വായനയിലേയ്ക്ക് കടന്നപ്പോഴാണ് മെസ്സഞ്ചര്‍ കാള്‍. ഉടനെ ഡോര്‍ തുറന്നു രണ്ട് ആട്ടും കൊടുത്ത് പറഞ്ഞു വിട്ടു ബ്ലോക്കോഫീസില്‍. 

'ചാറ്റിങ്!' മുഖത്ത് പുച്ഛം വാരി വിതറി അഞ്ചാറു സ്‌മൈലി അങ്ങോട്ട് അയച്ചു. 

വായിക്കാനുള്ള മൂഡൊക്കെ പോയി കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ കമന്റുകള്‍ക്ക് റിപ്ലൈ കൊടുക്കുന്നതിന് ഇടയില്‍ ആണ് വീണ്ടും കുട്ടി കരഞ്ഞത്. ഈ കരച്ചില്‍ മാറ്റാന്‍ ഒരേ ഒരു വഴിയേ ഉള്ളൂ. മെസഞ്ചര്‍ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുക. അതിനായി മെസഞ്ചര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഒരു പ്രമുഖ എഴുത്തുകാരന്റെ മെസ്സേജ് നോട്ടിഫിക്കേഷന്‍ വന്നത്. ഞാനും കടുത്ത ആരാധിക ആയതിനാല്‍ വളരെയധികം ആകാംക്ഷയോടെ മെസേജ് ഓപ്പണ്‍ ചെയ്തു. 

ഒരു ഹായ് കിടക്കുന്നു. വേറെ എന്തോ ടൈപ്പ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. എന്താണെന്ന് അറിഞ്ഞിട്ട് മറുപടി കൊടുക്കാമെന്ന ആലോചനയില്‍ ഞാന്‍ കാത്തിരുന്നപ്പോഴാണ് മെസ്സേജ് വന്നത്.. 

'ആരുമായാണ് ചാറ്റിങ'

'ചാറ്റിങ്!' മുഖത്ത് പുച്ഛം വാരി വിതറി അഞ്ചാറു സ്‌മൈലി അങ്ങോട്ട് അയച്ചു. 

'അല്ലടോ.. ഒരു പോസ്റ്റിനെ പറ്റി പറയാനാണ് ഇപ്പോള്‍ ഞാന്‍ ഇങ്ങോട്ട് വന്നത്'

'എന്താണ് മാഷേ' 

'അത് പിന്നെ പറയാം. ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല' 

'ശരി പിന്നെ കാണാം' എന്ന് പറഞ്ഞു ഇഗ്‌നോര്‍ മെസ്സേജുകളിലേയ്ക്ക് തള്ളി വിട്ടു. 

പയ്യെ മെസഞ്ചര്‍ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തു വെച്ച് മുഖപുസ്തകം അടച്ചു കണ്ണുകള്‍ പയ്യെ അടച്ച് കിടക്കുമ്പോഴാണ് നല്ലപാതിയുടെ ഫോണില്‍ മെസഞ്ചര്‍ നോട്ടിഫിക്കേഷന്‍ സൗണ്ട് കേട്ടത്. പെണ്ണല്ലേ, പയ്യെ അങ്ങോട്ടേയ്ക്ക് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ചിരിച്ചു കൊണ്ട് എനിക്ക് ആ മെസേജ് കാണിച്ചു തന്നു. നമ്മുടെ രണ്ട് പേരുടെയും ഒരു പൊതുസുഹൃത്തിന്റെ മെസേജ് 

'അതേയ്, നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും ഓണ്‍ലൈനില്‍ ആണല്ലോടാ. എന്താ പരിപാടി. അവളുമാരൊന്നും ആരെയും ഓര്‍ക്കില്ല കേട്ടൊ. ഏവന്റോടോടെയെങ്കിലും ചാറ്റിംഗില്‍ ആയിരിക്കും. എന്നിട്ട് ഒരു സുപ്രഭാതത്തില്‍ ഇവളുമാരൊക്കെ അവന്മാരുടെ കൂടെ അങ്ങ് പോകും നമ്മള്‍ ശശിയാകും'

ഞാന്‍ എന്റെ മെസ്സഞ്ചര്‍ തുറന്നു തൊട്ടുമുന്‍പ് പൊതുസുഹൃത്ത് അയച്ച മെസ്സേജുകള്‍ ഇക്കയുടെ നേര്‍ക്ക് കാണിച്ചു കൊടുത്തു.

കുറേ ഹായ്, കുറേ ഹലോ, ഉറക്കമായില്ലേ, ഫുഡ് കഴിച്ചോ എന്നൊക്കെ ചോദിച്ചുള്ള വിവരണങ്ങള്‍.

'ഇതിന് നീ മറുപടി അയക്കുന്നോ, ഞാന്‍ അയക്കണോ'-ഇക്കയുടെ ചോദ്യം 

'ഇക്ക അയച്ചോളൂ'

പച്ച മലയാളത്തില്‍ ഉള്ള രണ്ട് വാക്കുകള്‍ക്ക് ശേഷം ഒരു കിടുക്കാച്ചി ഡയലോഗ് അങ്ങോട്ട് കാച്ചി. 

'അതെ, നിന്നെ പോലെ ചാറ്റാനും ഒലിപ്പിക്കാനും വേണ്ടിയല്ല അവള്‍ ഫേസ്ബുക് ഉപയോഗിക്കുന്നത്. അവള്‍ അത്യാവശ്യം എഴുതും അതിന് വേണ്ടിയാണ് അവള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. പിന്നെ നിന്നെപ്പോലെ ഉള്ളവന്മാര്‍ക്ക് തിരിച്ചു മറുപടി തന്നില്ലെങ്കില്‍ നീയൊക്കെ പല വേലയും കാണിക്കും. പിന്നെ എന്റെ അടുത്ത് ഇരുന്നുകൊണ്ട് തന്നെയാ അവള്‍ ഇത് ഉപയോഗിക്കുന്നത്. അതില്‍ അവള്‍ എന്താണ് ചെയ്യുന്നത് എന്നും എനിക്കറിയാം. നീ പോയി നിന്റെ പെണ്ണുമ്പിള്ള ഉറങ്ങിയോ എന്ന് നോക്ക്'

മെസഞ്ചര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. പിന്നെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു.

ഞാന്‍ അയാളുടെ മെസഞ്ചറിലേയ്ക്ക് ഒരു മെസേജ് അയച്ചു. 

'ഗുഡ് നൈറ്റ് സേട്ടാ..'

പതിയെ മെസേജുകളിലൂടെ കണ്ണോടിച്ചു. ഹായ്, സുഖമാണോ, അറിയാമോ, ഫ്രണ്ട്‌സ് ആകാമോ, ജാടയാണോ, അഹങ്കാരി ആണോ...

റിപ്ലൈ കൊടുക്കാത്ത ദേഷ്യത്തിന് കുറേപേര്‍ ചീത്തയും വിളിക്കുന്നുണ്ട്. എന്തിനാ ഇതിന്റെയൊക്കെ ആവശ്യം. എഴുതാനും വായിക്കാനും ഫേസ്ബുക്ക് മാത്രം മതിയല്ലോ.   

മെസഞ്ചര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു 

പിന്നെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു.. 

മെസ്സഞ്ചര്‍ ഇല്ല. അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. അങ്ങോട്ട് ആരും തള്ളണ്ട.. 

നോട്ടിഫിക്കേഷനുകളുടെ ബഹളം. 

പെണ്‍ സുഹൃത്തുക്കളുടെ പിന്തുണ. ചില ആണ്‍ സൗഹൃദങ്ങളുടെ പ്രോത്സാഹനം. ചില കോഴികളുടെ പിരിമുറുക്കങ്ങള്‍.. മെസഞ്ചറില്‍ ആരും വരാത്തത് കൊണ്ടുള്ള രോദനമാണെന്ന് ചിലര്‍. മെസഞ്ചറില്‍ ആളെ കൂട്ടാനുള്ള ഐഡിയ ആണെന്ന് ചിലര്‍. 

രാത്രിയില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അതെ രീതിയില്‍ ഉള്ള അനുഭവങ്ങള്‍ തന്നെയാണ് രാത്രി ഓണ്‍ലൈനില്‍ കണ്ടാലും ഉള്ളത്. പലരുടെയും സദാചാര ബോധം ഉണരുന്നതും ഉള്ളില്‍ ഉറങ്ങികിടക്കുന്ന മൃഗം ഉണരുന്നതും അപ്പോഴാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ഒരു വ്യവസ്ഥിതിയില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. അവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ജീവിതരീതികളും നിയമങ്ങളും എഴുതി വെച്ചിട്ടുണ്ട്. അതനുസരിച്ചു ജീവിക്കണം. അല്ലാത്തവള്‍ ഈ സമൂഹത്തിനു മുന്നില്‍ അഹങ്കാരി ആണ്. ചീത്തയാണ്. സ്ത്രീയും മനസ്സും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു ജീവിയാണ്. അവള്‍ക്കും ഉണ്ട് ഈ സമൂഹത്തില്‍ ജീവിക്കാന്‍ ഉള്ള അവകാശം. അത് നേരത്തെ എഴുതി തയ്യാറാക്കിയ നിയമാവലികള്‍ക്ക് അതീതമായിരിക്കാം. 

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

Follow Us:
Download App:
  • android
  • ios