Asianet News MalayalamAsianet News Malayalam

'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

  • സ്ത്രീകള്‍, രാത്രികള്‍ 
  • രാധികാ മേനോന്‍ എഴുതുന്നു
Radhika Menon women nights

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Radhika Menon women nights

'എനിക്കടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയാവണം!' 

താന്‍  പറഞ്ഞത് അഹമ്മതിയാണെന്ന  തോന്നല്‍ ലവലേശമില്ലാതെ ആ പന്ത്രണ്ടുകാരി ഉറക്കെ വിളിച്ചുകൂവി. 

എട്ടാം ക്ലാസ്സില്‍ എത്തിപ്പെട്ട ആദ്യ നാളുകളിലൊരിക്കല്‍ ഒരു ദിവസം സന്മാര്‍ഗം പിരീഡില്‍ ക്ലാസ്സ് ടീച്ചറും കൂടിയായ ത്രേസ്യാമ്മ ടീച്ചറാണ്  ആ ചോദ്യം ഞങ്ങള്‍ക്കെല്ലാവര്‍ക്കും നേരെയെറിഞ്ഞത്. ''നിങ്ങള്‍ക്ക് തികച്ചും  അസാധ്യമായി തോന്നുന്ന എന്നാല്‍ നിങ്ങള്‍ക്കേറെ ആഗ്രഹമുള്ള ഒരു കാര്യം പറയൂ!'

'എനിക്കടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയാവണം!' 

എന്റെ സ്വതസിദ്ധമായ ഒച്ചയില്‍ ഞാന്‍ വ്യക്തമായി വിളിച്ചു പറഞ്ഞതു കേട്ട് എല്ലാ കടും നീല നീളപ്പാവാടക്കാരികളും എന്നെ അമ്പരപ്പോടെ, അവിശ്വാസത്തോടെ നോക്കി, ഒപ്പം ചുണ്ടിന്റെ ഒരു കോണില്‍ തെളിയാതെ തെളിഞ്ഞ ഒരു ചെറിയ ചിരിനിഴലുമായി ടീച്ചറും. ടീച്ചര്‍ പൊതുവെ വലിയ കര്‍ക്കശക്കാരിയാണ് എന്നാണ് വെപ്പ്. 

'ഊം! എന്താപ്പോ ആണ്‍കുട്ടിയാവാന്‍?' ഇപ്പോള്‍ ടീച്ചര്‍ പുരികം സ്വല്പം വളച്ചു പിടിച്ചിട്ടുണ്ട്. 

'അത്... അത് ... രാത്രീലോക്കെ ആരേം പേടിക്കാണ്ട് പൊറത്തൊക്കെ കറങ്ങി നടക്കാലോ..സിനിമക്ക് പോവാം, തട്ടു കടേന്ന് ഓംലെറ്റ് കഴിക്കാം....എത്ര ഇരുട്ടിയാലും ആരും ഒന്നും പറയില്ല'

ഇപ്പോള്‍ ടീച്ചറുടെ പുരികം താഴ്ന്നു, ചിരി മുഴുവനായും തെളിഞ്ഞു. 

'എന്റെ കുട്ടീ, രാത്രി കാണാനാണോ നിനക്ക് ആണ്‍കുട്ടിയാവേണ്ടത്?'

ഇവളെന്തൊരു ദുരന്തമാണ് എന്ന മട്ടില്‍ എല്ലാ കൗമാരക്കാരികളും അടക്കിച്ചിരിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ പിറുപിറുത്തു-'അതേ, രാത്രി പകലുപോലെ കാണാന്‍ എനിക്ക് പറ്റണം!'

എന്നെപ്പോലെ ചിന്തിച്ചിരുന്ന മറ്റാരെങ്കിലും അന്നവിടെ ഉണ്ടായിരുന്നോ എന്നറിയില്ല-ആരും അങ്ങനെ ഉറക്കെപ്പറഞ്ഞില്ലെന്ന് അറിയാം. 

നാട്ടിലായിരുന്ന സമയത്ത് ഒരുപാട് വാശി പിടിച്ചാലാണ് തൃശ്ശൂര്‍ പൂരത്തിന്റെ നാളുകളില്‍ ആനച്ചമയവും പന്തലാലങ്കാരങ്ങളും വെടിക്കെട്ടുമൊക്ക കാണിക്കാന്‍ കൊണ്ടുപോവുക. ഞങ്ങള്‍ പെണ്‍കുട്ടികളേയും ബാക്കിയുള്ള സ്ത്രീകളെയുമെല്ലാം നടുവിലാക്കി വീട്ടിലെ കുഞ്ഞുകുട്ടിയടക്കമുള്ള എല്ലാ പുരുഷ പ്രജകളും ചുറ്റും വലയം സൃഷ്ടിച്ചുകൊണ്ടാണാ യാത്രകള്‍. ഞങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്ന ബലത്തില്‍, ആണ്‍തുണകള്‍ക്ക്  മനസ്സാ നന്ദി സമര്‍പ്പിച്ചുകൊണ്ട് പെണ്‍പട പൂരാഘോഷങ്ങളറിയും... ആ ആണ്‍കാവല്‍  മുന്നില്‍ വരുന്ന അന്യപുരുഷന്മാരെല്ലാം തൊട്ടാനും തോണ്ടാനും വരുമെന്ന ഭയവും സംശയവുമുള്ള പെണ്‍പടയാക്കി തീര്‍ത്തു ഞങ്ങളെയെല്ലാം. സിനിമാ പദ്ധതികള്‍ മെനയുമ്പോള്‍ 'നൂണ്‍ ഷോ അല്ലെങ്കില്‍ മാറ്റിനി മതി, ഇരുട്ടില്‍ പെണ്ണുങ്ങളേയും  കൊണ്ട് പോണ്ട' എന്ന ശാസനകളും  ഞങ്ങള്‍ക്കവര്‍ പകര്‍ന്നുതന്ന  പെണ്ണിനന്യമായ രാത്രി പ്രമാണങ്ങളെ  വേരുറപ്പിച്ച് ശക്തമാക്കി. 

അമേരിക്കയിലേക്ക് കുടിയേറിയപ്പോഴാണ് രാത്രിയുടെ സ്വാതന്ത്ര്യം അറിഞ്ഞതും അനുഭവിച്ചതും. കവിഭാവനയില്‍ പറഞ്ഞപോലെ തികച്ചും ശാന്തം, സൗമ്യം, ദീപ്തം. ആദ്യകാലങ്ങളില്‍ പക്ഷേ മനസ്സിലെപ്പോഴും ഒരു ചെറിയ ഭീതിശകലമുണ്ടായിരുന്നു. സന്ധ്യ മയങ്ങിയാല്‍ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന പഴയ ഉപദേശങ്ങളുടെ അലയടികള്‍ പതിഞ്ഞു കേള്‍ക്കാറുണ്ടായിരുന്നു.

കാലമാണ് അതൊക്കെ മാറ്റിയത്, സ്വന്തം നല്ല അനുഭവങ്ങളും. പക്ഷേ ഇവിടേക്ക് ജീവിതം പറിച്ചു നട്ട്  വര്‍ഷങ്ങളായെങ്കിലും, ഇവിടുത്തെ എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്നവരായാലും ഇക്കാര്യത്തില്‍ മാത്രം ഒട്ടും മാറാത്തവരും ഇന്നും ഉണ്ട്. അതില്‍ മുന്‍തലമുറയും ന്യൂ ജെന്നും ഒരുപോലെയുണ്ട് . അടക്കവുമൊതുക്കവുമുള്ളവര്‍ എന്ന അലങ്കാരം വാക്കിലും നോക്കിലും ചേര്‍ത്തുപിടിച്ചഭിനയിച്ചു തകര്‍ക്കുന്നവര്‍. 

ഒരിക്കല്‍ കൂട്ടുകാരികളുമൊത്ത് രാത്രിഭക്ഷണം കഴിക്കാന്‍ പോയി ഒരു പതിനൊന്ന് മണിവരെ വര്‍ത്തമാനം പറഞ്ഞിരുന്നു. ശരിക്കും   ഏറെനാള്‍ ഒഴുക്കു തടഞ്ഞു കെട്ടിവെച്ച അണക്കെട്ടു പൊട്ടിയൊഴുകുന്ന പോലെ എല്ലാവരും ഹൃദയം തുറന്ന് ഉറക്കെയുറക്കെ ചിരിച്ചു, സംസാരിച്ചു. ആകാശത്തിന് താഴെയുള്ള നിരവധി വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു.  നന്നായി ഭക്ഷണവും രസിച്ചു കഴിച്ചു. ഇതറിഞ്ഞ മറ്റൊരു മലയാളി സഹോദരി പറഞ്ഞ പരിഹാസം കുത്തിവെച്ച വാചകം തെളിഞ്ഞുകത്തിക്കൊണ്ടിരുന്ന എല്ലാ സന്തോഷത്തിരികളുടേയും മേല്‍ ഒരുമിച്ചു തണുത്ത വെള്ളം നിറച്ച കുടം കമിഴ്ത്തിയത് പോലെയായിരുന്നു! 'അസ്സലായി പെണ്ണുങ്ങളേ, മലയാളി മങ്കകള്‍ ഇങ്ങനെത്തന്നെ വേണം!'
 
അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. രാത്രി പുരുഷന്റെയാണെന്ന് നമ്മളുടെ ലോകം നമ്മളെ വിശ്വസിപ്പിച്ചിരുന്നു. പുരുഷനും ഒപ്പം സ്ത്രീയും ആ വിശ്വാസം പരസ്പരം പകര്‍ന്നു കൊടുത്തുമിരുന്നു. സാംസ്‌കാരികമായ ഒരാചാരം പോലെ നമ്മളത് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

കഴിഞ്ഞ വര്‍ഷം കേരളത്തിലെ  ഒരു യുവ നടിക്കുണ്ടായ ദുരനുഭവവും അതിനു ശേഷമുണ്ടായ പലരുടേയും വിവാദ പ്രസ്താവനകളും നമ്മള്‍ കണ്ടതാണല്ലോ. പെണ്ണാണെന്നിരിക്കേ രാതിയില്‍ പുറത്തു പോകേണ്ട ആവശ്യം എന്തായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. രാതിയില്‍ യാത്രയും ജോലിയും ഒഴിവാക്കാനാണ് സ്ത്രീകളോട് ഒരു പ്രമുഖ സംഘടന ആവശ്യപ്പെട്ടത്. ഏത് സംഭവം അവലോകനം ചെയ്താലും അറിയാന്‍ സാധിക്കും - മുഖ്യമായും ആളുകളുടെ മനോഭാവമാണ് രാത്രികള്‍ സ്ത്രീകള്‍ക്ക് അന്യവും അപരിചിതവും അപ്രാപ്യവുമാക്കുന്നത്. 

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ശ്രമിച്ചാല്‍ മാത്രമേ ഇതിനൊരു മാറ്റം വരൂ. സ്ത്രീകള്‍ രാത്രി പുറത്തു വന്നാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അവരുടെ സുരക്ഷക്ക് സ്വയം ഭീഷണിയാവില്ലെന്നും സ്വന്തം പരിചയത്തില്‍ അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവരുടെ ചിന്തയ്ക്കല്‍പ്പം വെളിച്ചം പകരാന്‍ സഹായിക്കുമെന്നും, എന്തെങ്കിലും അതിക്രമം കണ്ടാല്‍ അതിനെ തടയാനും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നും കുറച്ചെങ്കിലും  പുരുഷന്മാരും സ്ത്രീകളും വിചാരിച്ചാല്‍ ഇന്നത്തെ അവസ്ഥ കുറേയേറെ മാറും എന്നു തന്നെയാണ് ആശയും ആശ്വാസവും 

പരസ്പര ഭയവും, അസഹിഷ്ണുതയുമില്ലാതെ, തുറിച്ചുനോട്ടങ്ങളും, കുറ്റപ്പെടുത്തലും, പരസ്പര ഉപദ്രവങ്ങളുമില്ലാതെ, ഓരോ സ്ത്രീക്കും പുരുഷനും സമാധാനമായി നടക്കാന്‍ കഴിയുന്ന രാത്രികള്‍ പിറക്കുന്ന കിനാശ്ശേരിയാണെന്റെ എന്നത്തേയും പ്രതീക്ഷയില്‍. 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!
 

Follow Us:
Download App:
  • android
  • ios