Asianet News MalayalamAsianet News Malayalam

നവജാതശിശുവിനെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുക. അമ്മ അടുത്തില്ലാത്ത അവസരങ്ങളിലോ മുലപ്പാൽ തീർത്തും ലഭ്യമല്ലാത്ത അവസ്ഥയിലോ മാത്രമേ കുഞ്ഞിന് പൊടിപ്പാൽ നൽകാവൂ. മുലപ്പാലും പൊടിപ്പാലും മാറി മാറി നൽകുന്നത് ഒഴിവാക്കണം. 

How to take Care of a Newborn Baby
Author
Trivandrum, First Published Nov 23, 2018, 11:53 AM IST

പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാൽ(കൊളസ്ട്രം) പിഴിഞ്ഞ് കളയരുത്. കുഞ്ഞുങ്ങൾക്ക് പ്രതിരോധ ശേഷിയേകുന്ന ആന്റിബോഡീസ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. നവജാതശിശുവിന്റെ പൊക്കിൾക്കൊടി കൊഴിഞ്ഞു പോകാൻ ഏഴ് ദിവസം വേണ്ടി വരും. അത് വരെ കുഞ്ഞുങ്ങളുടെ ദേഹം തുടച്ചെടുക്കുന്നതാണ് ഉത്തമം. അതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കാം.

പൊക്കിൾക്കൊടി പൂർണമായും ഉണങ്ങാൻ അനുവദിക്കണം. അല്ലെങ്കിൽ അണുബാധയുണ്ടാകാനിടയുണ്ട്. മാസം തികയാതെ ജനിച്ചതോ തൂക്കകുറവുള്ളതോ ആയ കുഞ്ഞുങ്ങൾ 2.5 കിലോ ഭാരം വയ്ക്കുന്നത് വരെ തുടച്ചെടുക്കുന്നതാണ് നല്ലത്. അതിന് ശേഷം സാധാരണ പോലെ കുളിപ്പിക്കാം. പൊക്കിൾക്കൊടിയിൽ ഒന്നും പുരട്ടേണ്ട ആവശ്യമില്ല. പൊക്കിൾക്കൊടിയിൽ  നിന്ന് വെള്ളം വരികയോ ദുർ​ഗന്ധം വരികയോ ചെയ്താൽ ഉടൻ ഡോക്ടറിനെ കാണുക.

 ഇവ പ്രത്യേകം ശ്രദ്ധിക്കണം...

1. ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുക. അമ്മ അടുത്തില്ലാത്ത അവസരങ്ങളിലോ മുലപ്പാൽ തീർത്തും ലഭ്യമല്ലാത്ത അവസ്ഥയിലോ മാത്രമേ കുഞ്ഞിന് പൊടിപ്പാൽ നൽകാവൂ. മുലപ്പാലും പൊടിപ്പാലും മാറി മാറി നൽകുന്നത് ഒഴിവാക്കണം. വെെറ്റിൻ ഡി പോഷകം ഡോക്ടറുടെ നിർദേശപ്രകാരം നൽകണം.

2. ടാൽകം പൗഡർ ഒരു കാരണവശാലും ഉപയോ​ഗിക്കരുത്. കുഞ്ഞുങ്ങൾക്ക് ലോഷനോ ഷാംപൂവോ ഉപയോ​ഗിക്കരുത്. എക്സിമയുള്ള കുഞ്ഞുങ്ങൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ക്രീമുകൾ ഉപയോ​ഗിക്കുക. 

3. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഉടുപ്പുകൾ വേണം കുഞ്ഞുങ്ങളെ ധരിപ്പിക്കേണ്ടത്. കുഞ്ഞുങ്ങൾക്ക് കോട്ടൺ തുണികൾ പരമാവധി ഉപയോ​ഗിക്കുക. തണുപ്പ് കാലങ്ങളിൽ എപ്പോഴും തൊപ്പിയും സോക്സും ധരിപ്പിക്കുക. യാത്ര പോകുമ്പോൾ മാത്രം ഡയപ്പറുകൾ ഉപയോ​ഗിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ ഡയപ്പർ റാഷിന് സാധ്യത കൂടുതലാണ്. 

4. മുഖത്ത് വെളുപ്പ്, ചുവപ്പ്, നീല നിറത്തിലുള്ള പാടുകൾ, സ്തനങ്ങളിലെ തടിപ്പ്, യോനിയിൽ നിന്നുള്ള രക്തസ്രവം ഇവയൊക്കെ നവജാതശിശുക്കളിൽ സാധാരണ കാണുന്നതാണ്. കുറച്ച് നാളുകൾ കഴിയുമ്പോൾ ഇവ മാറും. സംശയമുണ്ടെങ്കിൽ ഡോക്ടറിനെ കാണിച്ച് ഉറപ്പ് വരുത്തുക. 

5. ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തുള്ളിമരുന്നുകൾ ഉപയോ​ഗിക്കരുത്. കണ്ണിൽ നിന്ന് വെള്ളം വരുന്നത് സാധാരണയാണ് .ഇതിന് കണ്ണിന്റെ വശത്ത് നിന്ന് താഴേക്ക് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. 

6. നന്നായി മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ ദിവസവും ആറ് മുതൽ എട്ട് തവണ വരെ മൂത്രമൊഴിക്കുകയും ഒന്ന് രണ്ട് തവണ മലവിസർജനം നടത്തുകയും ചെയ്യും. ചില കുട്ടികൾക്ക് മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രമേ വയറ്റിൽ നിന്ന് പോകാറുള്ളൂ. ഇതിന് മരുന്നിന്റെ ആവശ്യമില്ല.

7. കിടന്ന് കൊണ്ട് പാൽ നൽകുന്നത് പൂർണമായും ഒഴിവാക്കുക. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടാകാൻ ഇത് കാരണമാകും. രാത്രിയിൽ തുടർച്ചയായി പാൽ കൊടുത്ത് കൊണ്ട് ഉറക്കരുത്. വായിൽ പൂപ്പൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുപ്പി പാൽ കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. ​ഗ്യാസ് കെട്ടാനും ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടാകാനും ഇത് കാരണമാകും. പൊടിപ്പാൽ നൽകേണ്ട ആവശ്യം  വന്നാൽ തല ഉയർത്തി പിടിച്ച് സ്പൂണിൽ മാത്രം നൽകുക. പാൽ നൽകിയതിന് ശേഷം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ തോളിൽ കിടത്തി ​ഗ്യാസ് തട്ടിക്കൊടുക്കണം. 

8. തുമ്മൽ, ചെറിയ ചുമ, മൂത്രം ഒഴിക്കുന്നതിനും മലവിസർജനത്തിനും മുൻപുള്ള കരച്ചിൽ ഇവയൊക്കെ സാധാരണമായി കണ്ടു വരുന്നതാണ്. അനാവശ്യമായി ഒരു മരുന്നും ഉപയോ​ഗിക്കരുത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോ​ഗിക്കുക. 

Follow Us:
Download App:
  • android
  • ios