Asianet News MalayalamAsianet News Malayalam

പഴക്കം 5500 വർഷം, പുരാതന ന​ഗരത്തിന്റെ കവാടം കണ്ടെത്തി, ഒപ്പം കോട്ടയുടെ ഭാഗങ്ങളും

ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയു​ഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാ​ഗങ്ങളും ഇവിടെ കണ്ടെത്തി. 

5500 year old gate discovered in Israel rlp
Author
First Published Aug 16, 2023, 3:24 PM IST

ഇസ്രായേലിൽ സുപ്രധാനമായ ഒരു കണ്ടെത്തലുമായി ​ഗവേഷകർ. 5500 വർഷം പഴക്കമുള്ള ഒരു കവാടമാണ് ഇപ്പോൾ ​ഗവേഷകർ ഇവിടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന നഗരമായ ടെൽ എറാനിയിലേക്കുള്ളതാണ് കല്ലും മണ്ണും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാത എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി ചൊവ്വാഴ്ച പറഞ്ഞു. 

കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെയാണ് ഗവേഷകർ ഈ പ്രവേശനകവാടം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാനമായ കണ്ടെത്തൽ. ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയു​ഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാ​ഗങ്ങളും ഇവിടെ കണ്ടെത്തി. 

പുരാതന കാലത്തെ നഗര കേന്ദ്രങ്ങളും, അവയെങ്ങനെയാണ് പ്രതിരോധം തീർത്തിരുന്നത് എന്നും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ആന്റിക്വിറ്റീസ് അതോറിറ്റി ഇതിനെ കുറിച്ച് പ്രതികരിച്ചത്. 

ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിക്ക് വേണ്ടി എക്സ്കവേഷൻ ഡയറക്ടർ എമിലി ബിഷോഫ് പറഞ്ഞത്, 'വെങ്കല യു​ഗത്തിന്റെ ആദ്യകാലത്ത് നിന്ന് ഇങ്ങനെ ഒരു കണ്ടെത്തൽ നടക്കുന്നത് ആദ്യമായിട്ടാണ്. ​ഗേറ്റ് നിർമ്മിക്കാനും കോട്ടയുടെ മതിലുകൾ നിർമ്മിക്കാനുമുള്ള കല്ലും മണ്ണും എല്ലാം ദൂരെ നിന്നുമാണ് കൊണ്ടുവന്നിട്ടുള്ളത്. കോട്ടയുടെ മതിലുകൾ നിർമ്മിച്ചെടുത്തിട്ടുള്ളവയാണ്. ഒന്നോ അല്ലെങ്കിൽ കുറച്ചോ ആളുകളെ കൊണ്ട് ഇത് സാധിക്കില്ല. ഈ കോട്ട നഗരവൽക്കരണത്തിന്റെ തുടക്കത്തിൽ ഉണ്ടായിട്ടുണ്ടായേക്കാവുന്ന സാമൂഹികമായ സംഘാടനത്തിന്റെ തെളിവാണ്' എന്നാണ്.

'ഇതുവഴി സഞ്ചരിച്ചിരുന്നവർ അത് വ്യാപാരികളായാലും ശത്രുക്കളായാലും ഈ ആകർഷകമായ കവാടം കടന്ന് തന്നെയാവണം പോയിട്ടുണ്ടാവുക' എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി റിസർച്ചർ മാർട്ടിൻ ഡേവിഡ് പാസ്റ്റർനേക്ക് പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios