Asianet News MalayalamAsianet News Malayalam

'എപിസ് കരിഞ്ഞൊടിയൻ': 224 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തി


1798 -ൽ ഫാബ്രിഷ്യസ് ഇന്ത്യയിൽ നിന്നും ശേഖരിച്ച ഡെന്മാർക്കിലെ കോപ്പൻ ഹേഗനിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ‘എപിസ്ഇൻഡിക്ക’ തേനീച്ചയുമായി താരതമ്യം ചെയ്തതിലൂടെയാണ് പുതിയ തേനീച്ചയുടെ കണ്ടുപിടുത്തത്തിന് സഹായകമായത്. 

Apis karinjodian New species of honey bee discovered in India after 224 years
Author
First Published Nov 4, 2022, 11:17 AM IST

ശ്ചിമഘട്ട ജൈവ വൈവിധ്യമേഖലയിൽ നിന്നും പുതിയ ഇനം തേനീച്ചയെ ഗവേഷക സംഘം കണ്ടെത്തി. ഇരുനൂറ് വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. ഇരുണ്ട നിറമായതിനാൽ ‘എപിസ് കരിഞ്ഞൊടിയൻ’എന്ന ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് നൽകിയിട്ടുള്ളത്. ‘ഇന്ത്യൻ ബ്ലാക്ക് ഹണിബീ' എന്നാണ് പൊതുനാമമായി നൽകിയിട്ടുള്ളത്. വാണിജ്യ അടിസ്ഥാനത്തിൽ ക്യഷി ചെയ്യാവുന്ന ഇനത്തിൽപെട്ട തേനിച്ചയാണിതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

സെപ്റ്റംബർ ലക്കം എന്‍റമോൺ (Entomon) ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1798-ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച ‘എപിസ് ഇൻഡിക്കയാണ്’ ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിമൊരു കണ്ടെത്തൽ ഉണ്ടാകുന്നത്. എപിസ് കരിഞ്ഞൊടിയൻ തേനീച്ചയുടെ കണ്ടുപിടുത്തത്തോട് കൂടി ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. 

ഇന്ത്യയില്‍ ഇതുവരെയായി ഒരെറ്റയിനം തേനീച്ച മാത്രമാണ് ഉള്ളതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് തന്നെ മൂന്നിനം തേനീച്ചകളെ കണ്ടെത്തിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന കര്‍ഷകര്‍ ഇന്ന് ‘എപിസ് കരിഞ്ഞൊടിയൻ’ നെ വളര്‍ത്തുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തുന്നത് തേന്‍ ഉല്പാദനം കൂട്ടാന്‍ സഹായിക്കും. എന്നാല്‍ ഇവ മറ്റ് തേനീച്ചകളില്‍ നിന്നും അല്പം അപകടകാരികളാണെന്നും ഡോ. എസ്. ഷാനസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാത്രമല്ല, കൃത്യമായി നോക്കിയില്ലെങ്കില്‍ ഇവയ്ക്ക് പെട്ടെന്ന് കൂട്ടം പിരിഞ്ഞ് പോകുന്ന സ്വഭാവം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെട്രാഗണുല പെർലൂസിപിന്നേ, ടെട്രാഗണുല ട്രാവൻകൊറിക്ക, ടെട്രാഗണുല (ഫ്ലാവോറ്റെട്രാഗോണുല) കാലോഫില്ല എന്ന മൂന്നിനം ചെറുതേനീച്ചകളെ 2019 ല്‍ ഡോ ഷാനസിന്‍റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. 

Apis karinjodian New species of honey bee discovered in India after 224 years

കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലുള്ള ഇന്‍റഗ്രേറ്റഡ് ഫാർമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷനിലെ അസിസ്റ്റന്‍റ്  പ്രഫസർ ഡോ. എസ്. ഷാനസ്, ചേർത്തല എസ്.എൻ. കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി അഞ്ജു കൃഷ്ണൻ ജി, കൊണ്ടോട്ടി ഇ. എം. ഇ. എ. കോളേജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. മഷ്ഹൂർ.കെ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്. മറ്റ് തേനിച്ചകളിൽ നിന്നും വ്യത്യസ്ഥമായി 'ഇന്ത്യൻ ബ്ലാക്ക് ഹണിബീ' കൾ കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്നതും അത് പോലെ തന്നെ അവയുടെ തേനിന് കട്ടികൂടുതലാണെന്നതും ഇവയെ വ്യാവസായിക അടിസ്ഥാനത്തിൽ തേൻ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത് വഴി രാജ്യത്തെ തേന്‍ ഉല്പാദനത്തില്‍‌ വന്‍ കുതിച്ച് ചാട്ടത്തിന് തന്നെ വഴി തുറക്കും. 

1798 -ൽ ഫാബ്രിഷ്യസ് ഇന്ത്യയിൽ നിന്നും ശേഖരിച്ച ഡെന്മാർക്കിലെ കോപ്പൻ ഹേഗനിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ‘എപിസ്ഇൻഡിക്ക’ തേനീച്ചയുമായി താരതമ്യം ചെയ്തതിലൂടെയാണ് പുതിയ തേനീച്ചയുടെ കണ്ടുപിടുത്തത്തിന് സഹായകമായത്. മൈറ്റോകോൺഡ്രിയൽ ഡി എൻ എ ഉപയോഗിച്ച് നടത്തിയ പഠനം പുതിയ തേനീച്ചയുടെ വർഗ്ഗസ്ഥിതി സ്ഥിരികരിക്കാൻ സഹായിച്ചു.  540 തേനീച്ചകളിലെ മൈറ്റോ കോൺഡ്രിയൽ ഡിഎൻഎ പരിശോധിച്ചതിൽ നിന്നും എപിസ് ഇൻഡിക്ക, എപിസ് സെറാന  എന്നീ തേനീച്ചകളുമായി എപിസ് കരിഞ്ഞൊടിയൻ ഗണ്യമായ ജനിതക വ്യതിയാനം കാണിക്കുന്നു എന്ന് ഗവേഷക സംഘം കണ്ടെത്തി. മൂന്ന് വർഷത്തിലധികം സമയമെടുത്താണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. ഗോവ, കർണാടക, കേരളം തമിഴ്നാടില്‍ പശ്ചിമഘട്ടത്തിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് 'എപിസ് കരിഞ്ഞൊടിയ' നെ പ്രധാനമായും കണ്ടുവരുന്നത്. 

ഇന്‍റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ച്വർ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റ് വിഭാഗങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിൽ ഈ  തേനീച്ചയെ വംശനാശ ഭീഷണി നേരിടുന്ന ഇനമായി തരം തിരിച്ചിരിക്കുന്നു. കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ വല്ലപ്പോഴും മാത്രമേ ഈ ഇനത്തിൽപ്പെട്ട തേനീച്ചയെ കാണപ്പെടുന്നുള്ളൂ. എപിസ് സെറാന തേനീച്ചയിൽ നിന്നും പരിണാമം സംഭവിച്ചുണ്ടായ കരിഞ്ഞൊടിയൻ തേനീച്ചകൾക്ക് പശ്ചിമഘട്ടത്തിലെ ചൂടിനോടും ഈർപ്പത്തോടും പൊരുത്തപ്പെടാനുള്ള ശേഷിയുള്ളവയാണെന്നതും ഇവയുടെ ഗുണങ്ങളാണ്. 

കൂടുതല്‍ വായനയ്ക്ക്:  ദ്രാവിഡാക്രിസ് അണ്ണാമലൈക്ക; ആദ്യ ദ്രാവിഡന്‍ പുല്‍ച്ചാടി ജനുസിനെ കണ്ടെത്തി
 

 

Follow Us:
Download App:
  • android
  • ios