Asianet News MalayalamAsianet News Malayalam

പൊന്ന് വിലയുള്ള 'പൂവൻ', കെ റെയിൽ വിരുദ്ധ സമരസമിതിയുടെ വാഴക്കുല വിറ്റുപോയത് വൻ തുകയ്ക്ക്, തങ്കമ്മയ്ക്ക് സഹായം

മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട് നിർമ്മാണത്തിനായി ഈ തുക സമരസമിതി കൈമാറുകയും ചെയ്തു

K rail protest committee harvest banana and auctioned for huge amount money given for thankamma who lost home in chengannur etj
Author
First Published Sep 19, 2023, 12:05 PM IST

തിരുവല്ല: കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധസൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുലയ്ക്ക് പൊതുലേലത്തിൽ വിറ്റുപോയത് വൻതുകയ്ക്ക്. പൊന്നുംവിലയ്ക്കാണ് തിരുവല്ല കുന്നന്താനത്ത് ഒരു വാഴക്കുല ലേലത്തിൽ പോയത്. കെ. റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധസൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുലയാണ് പൊതുലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോയത്. മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട് നിർമ്മാണത്തിനായി ഈ തുക സമരസമിതി കൈമാറുകയും ചെയ്തു.

പൊന്നും വിലയാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ഈ പൂവൻ കുലയ്ക്കുള്ളത്. കെ. റെയിൽ കടന്നുപോകുന്ന കുന്നന്താനത്ത് സമരസമിതി പ്രതിഷേധ സൂചകമായി നട്ട വാഴയാണ് കുലച്ചത്. വെയിലും മഴയും കൊണ്ട് ചെയ്ത സമരമാണ്. സമരവാഴക്കുല വെറുതെ കളയാൻ സമരസമിതിക്ക് മനസ് വന്നില്ല. രണ്ടര മണിക്കൂർ നീണ്ട പൊതുലേലമാണ് ഈ കുലയ്ക്കായി നടന്നത്. പത്തല്ല, നൂറല്ല , പതിനായിരമല്ല, 28000 രൂപയ്ക്ക് നടയ്ക്കൽ കവലയിലെ ചുണക്കുട്ടന്മാർ ഈ വാഴക്കുല ലേലത്തിൽ പിടിച്ചത്. പിരിഞ്ഞുകിട്ടിയ തുക സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി വീട് നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയുടെ ഭവനനി‍ർമ്മാണ ഫണ്ടിലേക്ക് കൈമാറി.

കെ റെയിൽ പദ്ധതിക്ക് അനൂകൂലമായി നിലപാടെടുത്ത എംഎൽഎമാരോടുള്ള പ്രതിഷേധ സൂചകമായാണ് 11 ജില്ലകളിലും സമരസമിതി വാഴനട്ടത്. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭസമയത്ത് ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒന്നാണ് ചെങ്ങന്നൂരില്‍ വിധവയായ തങ്കമ്മയുടെ വീട്ടു മുറ്റത്തെ അടുപ്പില്‍ മന്ത്രി സജി ചെറിയാന്‍ സര്‍വേ കല്ല് നാട്ടിയത്. ചോര്‍ന്നൊലിക്കുന്ന വീടിന് പകരം തങ്കമ്മക്ക് മനോഹരമായ വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞാണ് അന്ന് സജി ചെറിയാന്‍ മടങ്ങിയത്. എന്നാല്‍ ഒന്നരക്കൊല്ലം കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സമര സമിതി പിരിവെടുത്ത് തങ്കമ്മക്ക് ഒരു വീട് പണിയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 14 നായിരുന്നു തങ്കമ്മയുടെ വീട്ടു മുറ്റത്തെ അടുപ്പില്‍ മഞ്ഞക്കുറ്റിയിട്ടത്. കെ റെയില് ഇട്ട സര്‍വേ കല്ല് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം സ്കൂട്ടറോടിച്ച് വിധവയായ തങ്കമ്മയുടെ വീട്ടിലെത്തിയ മന്ത്രി സജി ചെറിയാന്‍ ,വീട്ടിലെ ആകെയുള്ള അടുപ്പിനുള്ളില്‍ തന്നെ കെ റെയില്‍ കുറ്റിയിട്ടു. പകരം മനോഹര വീട് വെച്ചുനല്കുമെന്ന വാക്കും നല്‍കി. തന്‍റെ ഓഫീസിലെത്തി ഒരു അപേക്ഷ നല്‍കിയാല്‍ മാത്രം മതിയെന്നായിരുന്നു മന്ത്രിയുടെ വാക്ക്. അതനുസരിച്ച് തങ്കമ്മ അപേക്ഷയും നല്‍കി. പക്ഷേ ഇപ്പോള്‍ ഒന്നൊരക്കൊല്ലം പിന്നിട്ടു.

മന്ത്രിയുടെ വാക്കുകള്‍ ജലരേഖയായി. ലൈഫ് പദ്ധതിയില്‍ പെടുത്തിയെങ്കിലും പട്ടികയില് 48 ാം സ്ഥാനത്താണ് തങ്കമ്മയുള്ളത്. അതായത് വീട് കിട്ടാന് വര്‍ഷങ്ങളറേ കാത്തിരിക്കണം. ഒരു അപകടത്തെ തുടര്‍ന്ന വലത് കൈക്ക് സ്വാധീനമില്ല.ജോലി ചെയ്യാന്‍ കഴിയില്ല. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്പോഴാണ് കെ റെയില്‍വിരുദ്ധ സമിതി തന്നെ മുന്നോട്ട് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios