ലോകത്തില്‍ തന്നെ ഏറ്റവും പഴക്കമുള്ള പഴവര്‍ഗമായാണ് ഈന്തപ്പഴം കരുതപ്പെടുന്നത്. അരക്കേഷ്യ കുടുംബത്തിലെ മധുരമുള്ള പഴങ്ങള്‍ തരുന്ന ഈ മരം വളരെക്കാലം ഉത്പാദനക്ഷമതയുള്ളതും വരള്‍ച്ചയിലും അതിജീവിച്ച് വളരാന്‍ കെല്‍പ്പുള്ളതുമാണ്. വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ തണല്‍ വിരിക്കുന്ന ഈ പന ജൈവരീതിയില്‍ വളര്‍ത്താവുന്നതാണ്.

പ്രത്യേകതരം മണ്ണിലേ ഈന്തപ്പന വളര്‍ത്താവൂ എന്ന് പറയാനാകില്ല. പക്ഷേ, ഉയര്‍ന്ന ഉത്പാദനമുണ്ടാകാന്‍ മണലിന്റെ അംശം നല്ലതാണ്. നന്നായി ഈര്‍പ്പം ആഗിരണം ചെയ്യാനുള്ള കഴിവും മണ്ണിനുണ്ടാകണം. ഉയര്‍ന്ന ക്ഷാരഗുണമുള്ളതും ഉപ്പുരസമുള്ളതുമായ മണ്ണില്‍ നന്നായി വളരും. വെള്ളവും പരിചരണവും വളരെക്കുറവ് മാത്രം മതിയെന്ന പ്രത്യേകതയുമുണ്ട്.

നാല് മുതല്‍ എട്ട് വര്‍ഷത്തിനുള്ളിലാണ് ഈന്തപ്പനയില്‍ പഴങ്ങളുണ്ടാകുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം തെരഞ്ഞെടുത്താല്‍ ഈന്തപ്പനയും വളരും. വരള്‍ച്ചയെ അതിജീവിക്കുന്ന മരമാണെങ്കിലും പൂക്കളുണ്ടാകുമ്പോഴും പഴങ്ങളുണ്ടാകുമ്പോഴും ധാരാളം വെള്ളം നല്‍കുന്നത് ഉത്പാദനം വര്‍ധിപ്പിക്കും. മണ്ണിന്റെ പി.എച്ച് മൂല്യം ഏഴിനും എട്ടിനും ഇടയിലായിരിക്കണം.

നടാനായി സ്ഥലം തയ്യാറാക്കുമ്പോള്‍ മണ്ണ് ഉഴുതുമറിക്കുന്നത് നല്ലതാണ്. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ തയ്യാറാക്കി രണ്ടാഴ്ചയോളം തുറന്ന് വെക്കണം. പിന്നീട് ചാണകപ്പൊടിയും വളക്കൂറുള്ള മണ്ണും യോജിപ്പിച്ച് കുഴി നിറയ്ക്കണം.

ആയുര്‍ദൈര്‍ഘ്യം ഏകദേശം 50 വര്‍ഷത്തോളമുള്ളതുകൊണ്ട് ചെടികള്‍ തമ്മില്‍ ആവശ്യമുള്ളത്ര അകലം നല്‍കണം. വരികള്‍ തമ്മില്‍ എട്ട് മീറ്ററെങ്കിലും അകലം നല്‍കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് 160 ചെടികള്‍ വളര്‍ത്താം.

വിത്ത് മുളപ്പിച്ചും അലൈംഗിക പ്രത്യുല്‍പാദന രീതിയിലൂടെയും തൈകള്‍ വളര്‍ത്തിയെടുക്കാം. വിത്ത് മുളപ്പിച്ച് വളര്‍ത്തുമ്പോള്‍ പൂക്കളുണ്ടാകുന്നതുവരെ ആണ്‍ചെടിയാണോ പെണ്‍ചെടിയാണോ എന്ന് മനസിലാക്കാന്‍ കഴിയില്ല. നാലോ അഞ്ചോ വര്‍ഷമായാല്‍ ശാഖകള്‍ മുളച്ച് വരികയും മാതൃസസ്യത്തില്‍ നിന്ന് വേര്‍പെടുത്തി മാറ്റിനടാവുന്നതുമാണ്. ഒരു മരത്തിന് രണ്ട് ശാഖകള്‍ ഒരു വര്‍ഷത്തില്‍ മുളപൊട്ടി വരാറുണ്ട്. ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെലവ് കുറച്ച് കൃഷി ചെയ്യാം.

വ്യാവസായികമായി വളര്‍ത്താന്‍ മാതൃസസ്യത്തില്‍ നിന്നുണ്ടാകുന്ന ശിഖരങ്ങളാണ് മാറ്റിനടുന്നത്. നാലോഅഞ്ചോ വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകുമെങ്കിലും ഏകദേശം 15 വര്‍ഷമെടുത്താണ് പരമാവധി ഉത്പാദനശേഷിയിലെത്തുന്നത്. അതായത് ഓരോ മരത്തില്‍ നിന്നും 40 മുതല്‍ 80 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കാം.

ഈന്തപ്പനയില്‍ ആണ്‍പൂക്കളാണ് പെണ്‍പൂക്കളേക്കാള്‍ വളരെ നേരത്തേയുണ്ടാകുന്നത്. വ്യാവസായികമായി വളര്‍ത്തുമ്പോള്‍ കൈകള്‍ കൊണ്ടോ യന്ത്രങ്ങള്‍ ഉപയോഗിച്ചോ പരാഗണം നടത്താറുണ്ട്. ആണ്‍പൂക്കളിലുള്ള പൂങ്കുല മുറിച്ചെടുത്ത് പെണ്‍പൂക്കളിലേക്ക് ചേര്‍ത്ത് വെച്ചാണ് പരാഗണം നടത്തുന്നത്.

കൈകള്‍ കൊണ്ട് പരാഗണം നടത്തുന്ന രീതിയാണ് ഈന്തപ്പനയില്‍ കൂടുതല്‍ കാര്യക്ഷമം. പെണ്‍പൂക്കള്‍ വിടര്‍ന്ന് പരാഗം സ്വീകരിക്കാന്‍ തയ്യാറാകുന്ന സമയം കൃത്യമായി മനസിലാക്കുകയെന്നത് വൈദഗ്ധ്യം ആവശ്യമുള്ള കല തന്നെയാണ്. സാധാരണ ഗതിയില്‍ അഞ്ച് ആണ്‍ചെടികള്‍ ഉണ്ടെങ്കില്‍ 100 പെണ്‍ചെടികളില്‍ പരാഗണം നടത്താമെന്നതാണ് കണക്ക്.

പഴങ്ങള്‍ വിളവെടുക്കുന്നത് വിപണിയിലെ ഡിമാന്‍റ് അനുസരിച്ചാണ്. ചിലപ്പോള്‍ പഴങ്ങള്‍ മൂപ്പെത്താതെ തന്നെ വിളവെടുത്ത് ആവശ്യക്കാര്‍ക്ക് എത്തിക്കും. ചിലര്‍ പകുതി മൂപ്പെത്തിയാല്‍ വിളവെടുക്കും. ചിലര്‍ പഴങ്ങള്‍ പൂര്‍ണമായും പഴുത്താല്‍ മാത്രം വിളവെടുക്കും. അനുയോജ്യമായ സാഹചര്യത്തില്‍ വളരുന്ന ഈന്തപ്പനയില്‍ നിന്നും 120 കിലോ മുതല്‍ 140 കിലോ വരെ പഴങ്ങള്‍ ലഭിക്കും.