Asianet News MalayalamAsianet News Malayalam

ഇങ്ങനെയുമുണ്ടോ ഒരു മുന്തിരിക്ക് വില? ലക്ഷങ്ങൾക്ക് വരെ വിറ്റുപോകുന്ന റൂബി റോമൻ!

സാധാരണ ഒരു മുന്തിരിയുടെ നാലിരട്ടി വലിപ്പമുണ്ടാകും ഒരു റൂബി റോമൻ മുന്തിരിക്ക്. നിറത്തിനും രുചിക്കും കൂടി പ്രശസ്തമാണ് റൂബി റോമൻ.

ruby roman grapes of Japan
Author
First Published Jan 24, 2023, 2:06 PM IST

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്ത് സാധാരണമാണ്. ഓരോ ദിവസവും എന്ന പോലെ നിത്യോപയോ​ഗ സാധനങ്ങൾ മുതൽ ഉപഭോ​ഗവസ്തുക്കൾക്ക് വരെ വില വർധിക്കുകയാണ്. എന്നാൽ, ഈ മുന്തിരിയുടെ വില കേട്ടാൽ ശരിക്കും നാം ഞെട്ടിപ്പോകും. ഏതാണ് ആ മുന്തിരി എന്നല്ലേ? ജപ്പാനിൽ നിന്നുള്ള റൂബി റോമൻ മുന്തിരി ആണത്. ചുവപ്പ് നിറത്തിലുള്ള ഈ മുന്തിരി വില കൊണ്ട് അറിയപ്പെടുന്നതാണ്.

ലോകത്തിലെ ഏറ്റവും വിലയുള്ള മുന്തിരി എന്ന് അറിയപ്പെടുന്ന മുന്തിരിയാണ് റൂബി റോമൻ മുന്തിരി. ജപ്പാനിൽ നിന്നുമുള്ള ഈ മുന്തിരി ലക്ഷങ്ങൾക്ക് വരെ വിറ്റിട്ടുണ്ട്. സാധാരണ ഒരു മുന്തിരിയുടെ നാലിരട്ടി വലിപ്പമുണ്ടാകും ഒരു റൂബി റോമൻ മുന്തിരിക്ക്. നിറത്തിനും രുചിക്കും കൂടി പ്രശസ്തമാണ് റൂബി റോമൻ. ജൂലൈയിലാണ് സാധാരണയായി ഇതിന്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. പിന്നീട്, ജാപ്പനീസ് അവധിക്കാലമായ ഒച്ചുജെനിന്റെ സമയത്ത് ഇവ വിപണിയിൽ എത്തും. 2020 -ൽ നടന്ന ഒരു ലേലത്തിൽ ഏകദേശം ഒമ്പത് ലക്ഷത്തിന് വരെ റൂബി റോമൻ മുന്തിരി വിറ്റു പോയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഓരോ മുന്തിരിയ്ക്കും ഏകദേശം 30,000 രൂപ വിലവരുമത്രെ. 30 മുന്തിരിയടങ്ങുന്ന ഒരു കൂട്ടം ഹ്യോഗോ പ്രിഫെക്ചറിലെ അമഗസാക്കിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വിറ്റതായി ഫിനാൻഷ്യൽ എക്സ്പ്രസ് പറയുന്നു. ഇഷിക്കാവ പ്രവിശ്യയിലാണ് സാധാരണയായി ഈ മുന്തിരികൾ വളരുന്നത്. വിപണിയിൽ ഉയർന്ന മൂല്യമുള്ള ഈ മുന്തിരി ജാപ്പാൻകാർക്കിടയിൽ വളരെ അധികം പ്രാധാന്യം ഉള്ളവയാണ്. പലപ്പോഴും ഇവ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാറുണ്ട് ഇവിടെയുള്ളവർ. അവ ആരെയെങ്കിലും അഭിനന്ദിക്കുന്നതിനോ അതുപോലെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനോ ഒക്കെയുള്ള അടയാളമായും നൽകാറുണ്ട്. 

കേടൊന്നും വരാത്ത, കൃത്യമായ ആകൃതിയിലുള്ള മുന്തിരികൾ മാത്രം വിൽക്കാനും ജപ്പാനിലെ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കാറുണ്ട്. അതുപോലെ ഇതിന്റെ ​ഗുണമേന്മ വിലയിരുത്തുന്നതിനുള്ള കൃത്യമായ പരിശോധനകളും നടക്കുന്നുണ്ട്. ശേഷം സുപ്പീരിയർ, സ്പെഷൽ സുപ്പീരിയർ, പ്രീമിയം എന്നിങ്ങനെ ഇവയെ തരം തിരിക്കും. അതിൽ പ്രീമിയം ആണ് ഏറ്റവും മികച്ചത്. വളരെ അപൂർവമായാണ് പ്രീമിയം ​ഗണത്തിലുള്ള മുന്തിരികൾ കിട്ടുന്നത്. 

Follow Us:
Download App:
  • android
  • ios