Asianet News MalayalamAsianet News Malayalam

മുന്തിരി കൃഷി ചെയ്‍താല്‍ പത്മശ്രീ കിട്ടുമോ? ഇതാ മുന്തിരിത്തോട്ടത്തില്‍ നിന്ന് പത്മശ്രീ സ്വന്തമാക്കിയ കര്‍ഷകന്‍

ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം കാരണം മണ്ണിലെ പോഷകഗുണങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. രാസവളപ്രയോഗം പാടേ നിര്‍ത്തലാക്കാന്‍ സാധിച്ചുവെന്നതാണ് നേട്ടം. ഗോതമ്പിലും അരിയിലും മുന്തിരിച്ചെടിയിലും രാസവളങ്ങള്‍ ഉപയോഗിക്കാതെ ഉയര്‍ന്ന വിളവ് ഉത്പാദിപ്പിക്കാനുള്ള മാതൃകയാണ് ഇദ്ദേഹം കര്‍ഷകര്‍ക്ക് നല്‍കിയത്.

Story of Chintala Venkat Reddy farmer who win Padma Shri
Author
Alwal, First Published Jan 29, 2020, 10:50 AM IST

മുന്തിരിത്തോട്ടത്തില്‍ നൂതന കൃഷിരീതികള്‍ വികസിപ്പിച്ചെടുത്ത് ടണ്‍കണക്കിന് പോഷകഗുണമുള്ള മുന്തിരികള്‍ കൃഷി ചെയ്‍ത് പത്മശ്രീ സ്വന്തമാക്കിയ കര്‍ഷകനാണ് ചിന്തല വെങ്കട് റെഡ്ഡി. സെക്കന്തരാബാദിലെ ആല്‍വാളിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ചിന്തലയ്ക്ക് ചെറുപ്പം മുതലേ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നു.

ആള്‍വാറില്‍ ആദ്യമായി സ്വന്തം തലയില്‍ ഉദിച്ച ആശയങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും നൂതനമായതും സൃഷ്ടിപരമായതുമായ കാര്‍ഷികമുറകള്‍ അവലംബിച്ച് കൃഷി ചെയ്‍തത് ചിന്തലയാണ്. അതുപോലെ ഇവിടെ ആദ്യമായി തുള്ളിനനയും മുന്തിരിത്തോട്ടങ്ങളിലെ ജൈവകൃഷിരീതിയും തുടങ്ങിവെച്ചതും ഇദ്ദേഹമാണ്. മണ്ണിലെ പോഷകമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളും മുന്തിരിയിലെ പ്രൂണിങ്ങിന്റെ സാങ്കേതിക വിദ്യയും ചിന്തലയാണ് ആദ്യമായി കര്‍ഷകര്‍ക്ക് മനസിലാക്കിക്കൊടുത്തത്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതും കീടനിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിച്ചുമുള്ള മുന്തിരിക്കൃഷി ചെയ്‍ത് വിജയം കൈവരിച്ചയാളാണ് ഇദ്ദേഹം.

ഹൈദരാബാദിലെ കുന്ദന്‍പള്ളി എന്ന സ്ഥലത്ത് ഇദ്ദേഹത്തിന് സ്വന്തമായി ഒരു മുന്തിരിത്തോട്ടമുണ്ട്. അതുപോലെ സെക്കന്തരാബാദിലെ ആള്‍വാറില്‍ ഒരു അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഫാമുമുണ്ട്. ഇവിടെ നെല്ലും ഗോതമ്പും കറുത്ത മുന്തിരിയും പച്ചക്കറികളും കൃഷി ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് മുന്തിരി കൃഷി ചെയ്യുന്ന നിരവധി കര്‍ഷകരുണ്ട്. വിളകളെ ബാധിക്കുന്ന അസുഖങ്ങളെയും കീടാക്രമണങ്ങളെയും നിയന്ത്രിക്കാനുള്ള ഫലപ്രദമായ ഉപദേശങ്ങള്‍ അദ്ദേഹം നല്‍കുന്നു. പ്രൂണിങ്ങ്, മണ്ണിന്റെ ആരോഗ്യം, മുന്തിരിത്തൈകള്‍ വളര്‍ത്താനുള്ള പരിശീലനം, തുള്ളിനന എന്നിവയിലും ആവശ്യക്കാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇദ്ദേഹം നല്‍കുന്നു.

മുന്തിരിത്തോട്ടത്തിലെ ശാസ്ത്രീയവും നൂതനവുമായ കൃഷിരീതികളിലൂടെ 105 ടണ്‍ മുന്തിരിയാണ് ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് ഇദ്ദേഹം വിളവെടുത്തത്. അനബ്-ഇ-ഷാഹി എന്ന മുന്തിരിയില്‍ നിന്നാണ് ഇത്രയും ടണ്‍ വിളവ് ലഭിച്ചത്. അതുപോലെ വിത്തില്ലാത്ത മുന്തിരിയുടെ ഇനമായ തോംപ്‌സണ്‍ എന്നയിനത്തില്‍ നിന്നും 84 ടണ്‍ വിളവെടുക്കാനും കഴിഞ്ഞു.

2002 -ല്‍ വികസിപ്പിച്ചെടുത്ത മണ്ണിലെ പോഷകഗുണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള രീതികള്‍ മുന്തിരിത്തോട്ടങ്ങളില്‍ തന്നെയാണ് ഇദ്ദേഹം ആദ്യമായി പരീക്ഷിച്ചത്. കുന്ദന്‍പള്ളിയിലെ ഫാമിലാണ് വിജയകരമായി മുന്തിരി വിളയിച്ചത്. 2003 -ല്‍ ഇതേ സാങ്കേതിക വിദ്യ അദ്ദേഹം ഗോതമ്പിലും അരിയിലും കറുത്ത മുന്തിരിയിലും പ്രയോഗിച്ചു. അങ്ങനെ ഉയര്‍ന്ന പോഷകഗുണമുള്ള വിളകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം കാരണം മണ്ണിലെ പോഷകഗുണങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. രാസവളപ്രയോഗം പാടേ നിര്‍ത്തലാക്കാന്‍ സാധിച്ചുവെന്നതാണ് നേട്ടം. ഗോതമ്പിലും അരിയിലും മുന്തിരിച്ചെടിയിലും രാസവളങ്ങള്‍ ഉപയോഗിക്കാതെ ഉയര്‍ന്ന വിളവ് ഉത്പാദിപ്പിക്കാനുള്ള മാതൃകയാണ് ഇദ്ദേഹം കര്‍ഷകര്‍ക്ക് നല്‍കിയത്.

ചിന്തല തന്റെ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് ലഭിക്കാനായി നിരവധി രാജ്യങ്ങളിലേക്ക് അപേക്ഷിച്ചു. ഇന്ത്യ, ആസ്‌ട്രേലിയ, ശ്രീലങ്ക, യൂറോപ്പ്, സൗത്ത് ആഫ്രിക്ക, യൂറേഷ്യ, മഡഗാസ്‌കര്‍, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, റൊമാനിയ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചു. 1999 -ലെയും 2001 -ലെയും സംസ്ഥാന പുരസ്‌കാരമടക്കം 2006 -ലെ ഉത്തം ഋതു പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.

ഗോതമ്പ്, നെല്ല് ബജ്‌റ, കരിമ്പ്, പച്ചക്കറികള്‍ എന്നിവയെല്ലാം നട്ടുവളര്‍ത്തിയതിനുപുറമേ നാഷനല്‍ സീഡ് കോര്‍പറേഷനിലേക്ക് വിത്തുകള്‍ സംഭാവന ചെയ്യുകയും ചെയ്തു. പത്ത് വര്‍ഷത്തോളം ആന്ധ്രാപ്രദേശ് സീഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലേക്കും താന്‍ കൃഷി ചെയ്തുണ്ടാക്കിയ വിവിധതരം വിത്തുകള്‍ നല്‍കി.

Follow Us:
Download App:
  • android
  • ios