Asianet News MalayalamAsianet News Malayalam

ലക്ഷങ്ങൾ വിലവരുന്ന ജാപ്പനീസ് മിയാസാക്കി, മാമ്പഴം വൻതോതിൽ കൃഷി ചെയ്യാൻ ഇന്ത്യയും...

ഈ മാമ്പഴത്തിന് വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്. നേരത്തെ ഇന്ത്യയിൽ ഒരു ദമ്പതികൾ ഈ മാമ്പഴം കൃഷി ചെയ്തിരുന്നു.

west bengal is to grow Japanese Miyazaki most expensive mango rlp
Author
First Published Feb 16, 2023, 11:24 AM IST

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴം ഉത്പാദിപ്പിക്കാൻ ഒരുങ്ങി പശ്ചിമ ബം​ഗാൾ. ജാപ്പനീസ് മിയാസാക്കി എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. ആ​ഗോള വിപണിയിൽ കിലോയ്ക്ക് ലക്ഷങ്ങൾ വരെ ഇതിന് വില വരാറുണ്ട്. ജപ്പാനിലെ മിയാസാക്കി നഗരത്തിൽ ആദ്യം കൃഷി ചെയ്തിരുന്ന ഈ മാമ്പഴം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ബം​ഗാളിലെ കൃഷി വകുപ്പ് മുൻകൈ എടുക്കുകയായിരുന്നു. അതോടെയാണ് മാൾ‌ഡ ജില്ലയിലേക്ക് മിയാസാക്കി മാമ്പഴം എത്താൻ പോകുന്നത്. 

ലോകമെമ്പാടും കയറ്റുമതി ചെയ്യുന്ന മാൾഡ മാമ്പഴങ്ങൾക്ക് പ്രശസ്തമാണ് ബം​ഗാളിലെ മാൾഡ. പശ്ചിമ ബംഗാളിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണിത്. ജപ്പാനിൽ നിന്ന് മിയാസാക്കി മാവിൻ തൈകൾ കൊണ്ടുവന്ന ശേഷം ബംഗാളിലെ ഇംഗ്ലീഷ് ബസാർ ബ്ലോക്കിൽ ഒരു മാവിൻ തോട്ടം തന്നെ വളർത്തിയെടുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മാവിൻ തൈകൾ ഒരാഴ്ചയ്ക്കകം ബം​ഗാളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വേറെയും നൂറോളം ഇനം മാമ്പഴങ്ങൾ മാൾഡയിൽ കൃഷി ചെയ്യുന്നുണ്ട്. അതോടൊപ്പം ഇനി ജാപ്പനീസ് മിയാസാക്കിയും ചേരും. 

മേഖലയിലെ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. സെഫൂർ റഹ്മാൻ ആണ് ജാപ്പനീസ് മിയാസാക്കി നട്ടു വളർത്താനുള്ള പദ്ധതിക്ക് മുൻകൈ എടുത്തത്. മിയാസാക്കിയുടെ 50 തൈകൾ ജപ്പാനിൽ നിന്നും ഒരു സ്വകാര്യ ഏജൻസി വഴിയാണ് കൊണ്ടുവരുന്നത് എന്നാണ് അറിയുന്നത്. അതേസമയം, ജാപ്പനീസ് മിയാസാക്കിയുടെ ഒരു തൈയ്ക്ക് ഏകദേശം 1000 INR വിലവരും എന്നും പറയുന്നു.

സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ആ​ഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ​ഗ്രാം മുതൽ 900 ​ഗ്രാം വരെ തൂക്കമുണ്ടാവും. 2.7 ലക്ഷം രൂപ വരെ ഇതിന് വില വരും എന്ന് കരുതുന്നു. ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയുന്നു. ഈ മാമ്പഴത്തിന് വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്. നേരത്തെ ഇന്ത്യയിൽ ഒരു ദമ്പതികൾ ഈ മാമ്പഴം കൃഷി ചെയ്തിരുന്നു. അന്ന് അത് സംരക്ഷിക്കാന്‍ 6 നായ്ക്കളെയും കാവൽക്കാരെയും ഏർപ്പാടാക്കിയത് വാർത്തയായിരുന്നു.

Follow Us:
Download App:
  • android
  • ios