ശ്വസിക്കുന്ന അടുക്കളകള്‍, സിന്ധു എം എഴുതിയ കവിതകള്‍

By Vaakkulsavam Literary FestFirst Published Aug 17, 2019, 7:29 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് സിന്ധു എം എഴുതിയ രണ്ടു കവിതകള്‍.

അടഞ്ഞ ലോകങ്ങള്‍ ഭേദിക്കുന്ന ഭാവനാ സഞ്ചാരങ്ങളാണ് സിന്ധുവിന്റെ എഴുത്തിനെ വേറിട്ടതാക്കുന്നത്. തുറസ്സുകളില്ലാത്ത ഇടങ്ങളുടെ അതിജീവനമാണത്. വീട്, സ്ത്രീ, വാതില്‍ എന്നിങ്ങനെ ആവര്‍ത്തിക്കുന്ന ഇടങ്ങളുടെ ജുഗല്‍ബന്ദി ആണത്. സാമൂഹ്യമായ ഉല്‍ക്കണ്ഠകള്‍ വിഷയമായി വരുമ്പോഴും അവയെ വിളക്കിച്ചേര്‍ക്കുന്ന പൊതുഭാവമായി ഈ കൊട്ടിയടക്കപ്പെട്ട ലോകങ്ങള്‍ സിന്ധുവിന്റെ കവിതകളില്‍ നിലനില്‍ക്കുന്നുണ്ട്. പെണ്ണെഴുത്തിന്റെ പതിവുചാലിലൂടെയല്ല സിന്ധുവിന്റെ കവിതകളുടെ നടത്തം. രാഷ്ട്രീയമായ ആകുലതകളും ആശങ്കകളും സൂക്ഷ്മമായി കടന്നുവരുന്ന ആ കവിതകള്‍ പക്ഷേ, തികച്ചും വൈയക്തികമായ പാളങ്ങളിലാണ് സഞ്ചരിക്കുന്നത്. ഓര്‍മ്മകളാണ് സിന്ധുവിന്റെ കവിതകള്‍ ചെന്നുനില്‍ക്കുന്ന മറ്റൊരിടം. വളര്‍ന്നിട്ടും വളരാതെ, ഓര്‍മ്മകളില്‍ ചൂണ്ടയിട്ടു ജീവിക്കുന്ന ഒരു കുട്ടിയുടെ അലസനടത്തങ്ങളായാണ് കവിതകളില്‍ അത് വന്നുചേരുന്നത്. ഓര്‍മ്മകള്‍ തിന്നുജീവിക്കുന്ന ജീവികളെന്ന് അത്തരം കവിതകളെ വിളിക്കാം. 

നോവലും കവിതയുമാണ് സിന്ധുവിന്റെ തട്ടകം. മാതൃഭൂമി ബുക്‌സ് നോവല്‍ പുരസ്‌കാരം നേടിയ 'സാന്‍ഡ്‌വിച്ച്' എന്ന നോവലിനെ സവിശേഷമാക്കുന്നത് ആ ഭാഷയാണ്. കവിത തന്നെയാണത്.  കവിതയിലെഴുതിയ ഒരു നോവല്‍ എന്നതിനെ വിളിക്കാം. പ്രവാസത്തിന്റെ പെണ്ണനുഭവങ്ങളെ രേഖാചിത്രങ്ങളും കവിതയും കൊണ്ട് അടയാളപ്പെടുത്തുന്ന വായനാനുഭവമാണത്.  അതേ സമയം, സിന്ധുവിന്റെ ചില കവിതകള്‍ ഫിക്ഷന്റെ സാദ്ധ്യതകള്‍ ആരായുന്നുണ്ട്. കഥ പറയുന്ന കവിതകളാണവ. ഇങ്ങനെ കഥയും ഫിക്ഷനും ഇടകലര്‍ന്നുനില്‍ക്കുന്ന ജൈവപരിസരമാണ് പലപ്പോഴും സിന്ധുവിന്റെ കവിതകളെ സാദ്ധ്യമാക്കുന്നത്.   

 

 

ശ്വസിക്കുന്ന അടുക്കളകള്‍

ഒഴിഞ്ഞു നിന്നൊരുവള്‍ 
അടുക്കളയിലേക്ക് നോക്കുമ്പോളത് 
താനെന്നു തോന്നും.

അലക്ഷ്യമായി വാരിക്കെട്ടിയ മുടി 
പടര്‍ന്ന കണ്മഷിപൊട്ട് 
നേരെ ഞൊറിഞ്ഞുടുക്കാത്ത സാരി 
കിഴിഞ്ഞു അരക്കു താഴെ ഒഴുകിപടര്‍ന്നു 
അവളവളെ തന്നെ കണ്ണാടിയില്‍ കാണുന്ന മാതിരി. 

എത്ര വിചിത്രമവള്‍ അടുക്കള പോല്‍. 
എത്ര അനാഥം അവളുടെ വേവുകള്‍, 
ഒരിക്കലും കൂടാത്ത മുറിവുപോല്‍. 
എത്ര ഏകാന്തമാ കാത്തിരിപ്പുകള്‍ 

തിളച്ചു തൂവും കാലത്തിനു മുന്‍പില്‍. 

ശ്വസിക്കുന്നുണ്ട് അടുക്കള. 

പെറ്റു കൂട്ടിയ 
രുചികളുടെ 
മണങ്ങളുടെ ഓര്‍മയില്‍ 
ഗര്‍ഭപാത്രം പോല്‍ തുടിക്കുന്നുണ്ട്. 

ആരുമില്ലാത്തപ്പോള്‍ 
അടുക്കളയിലേക്ക് നോക്കുമ്പോള്‍ 
അതൊറ്റക്ക് സംസാരിക്കുന്നത് കേള്‍ക്കാം. 
ആ ഭാഷക്ക് വാക്കുകള്‍ ഉണ്ടാവില്ല. 
കടുക് പൊട്ടിത്തെറിക്കുന്ന മാതിരിയോ
പപ്പടത്തിന്റെ ശീ.. പോലെയോ 
ഉള്ളൊരു പൊള്ളി പിടയല്‍. 

മാറ്റി വെച്ച യാത്രകളും വഴികളും 
പുസ്തകങ്ങളും ഇഷ്ടങ്ങളും 
തുറന്നു വെച്ച് ഒറ്റയിരിപ്പാണത്. 
തള്ളി തുറക്കാനോ മുട്ടി വിളിക്കാനോ കഴിയില്ല. 

വലിയൊരു വാതിലിന്റെ 
കനമുള്ള കാവലുണ്ടെന്ന് തോന്നും. 
ഒഴിഞ്ഞ പാത്രങ്ങളുടെ ശൂന്യതയില്‍ നിന്ന് 
പുറപ്പെട്ടു പോയ വിശന്ന മനസ്സാണ് 
ഓരോ അടുക്കളക്കും. 
വേരുകളില്ലാത്ത മരം പോലെയാണത് 
കണ്ണുകള്‍ തുറക്കുന്നത് 
പ്രകൃതിയിലേക്കാണ്.


വാന്‍ഗോഗിന്റെ ഒറ്റചെവി 

ഒറ്റചെവിയനായ് 
വാന്‍ഗോഗ് 
നിങ്ങളെങ്ങിനെ ശിഷ്ടകാലം ജീവിച്ചു എന്നറിയില്ല 
രണ്ടുമില്ലാതെ ജീവിക്കുന്നതിലും കഠിനമാണ് 
ഏതെങ്കിലും ഒന്നുമാത്രമാകുന്നത് 
ഇണകളില്‍ ഒരാള്‍ മരിച്ചു മറ്റെയാള്‍ 
ഒറ്റക്ക് കഴിയും മാതിരി. 

പരാതികളൊഴിഞ്ഞ നേരമുണ്ടാകില്ല. 
ഒരുമിച്ചു കേള്‍ക്കേണ്ട ശബ്ദമത്രക്കും 
ഒന്നില്‍ നിറഞ്ഞു ശംഖുപോലിരമ്പും. 
പകുതിയിലാവസാനിച്ച ജീവിതതാളങ്ങള്‍ 
അപശ്രുതിയായി അലയടിക്കും. 
ഒറ്റയായിരിക്കുന്നതിന്റെ ഏകാന്തത 
കേള്‍ക്കാത്തതൊക്കെയും കേള്‍പ്പിക്കും 
ശൂന്യത നിറയും മറ്റേ പകുതിയില്‍ 
കേട്ടതൊക്കെ പിന്നെയുമാവര്‍ത്തിക്കും 
ഒരുവേള അവിടെ ഉണ്ടോ എന്നുപോലും 
വിരലിനാല്‍ പരതും.

ചില സ്വരങ്ങള്‍ പിടി തരാതെ 
വഴുതും 
കിണറ്റിലേക്കെറിയുന്ന കല്ലുപോല്‍ 
മുഴങ്ങി അനാഥമാകും. 
ഒരു ചെവിയിലൂടെ കേട്ടത് 
മറുചെവിയിലൂടെ വിടാന്‍ 
കഴിയാതെ ശ്വാസം മുട്ടും.
ശ്മശാനം പോലെയുളള നിശബദത 
കൊണ്ടിടക്ക് ഇരുകാതുമില്ലെന്ന് അമ്പരപ്പിക്കും. 
കുളിക്കുമ്പോളും മുഖം കഴുകുമ്പോളും 
ഒന്നില്ലെന്നതിന്റെ അഭാവത്തെ 
തുവര്‍ത്തി നികത്തണം.
ഒറ്റക്ക് ഒന്നിനെ ബാക്കി വെക്കുന്നതിലും 
നല്ലത് ഒന്നുമില്ലാതിരിക്കലാണ്.
ഒറ്റച്ചെവിയായി മുറിഞ്ഞടരും നിര്‍ജീവമൗനത്തേക്കാള്‍ 
ഇരുകാതുകളുടെയും ശാന്തസുന്ദരമാം 
നിശബ്ദത കാമുകിക്കു മുറിച്ചു 
നല്‍കാമായിരുന്നു.

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

click me!