Asianet News MalayalamAsianet News Malayalam

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് നമ്മുടെ കാലത്തെ മികച്ച എഴുത്തുകാരിലൊരാളായ വിവി ഷാജു എഴുതിയ അഞ്ച് കവിതകള്‍. 

 

literature fest Five Poems by Shaju VV
Author
Thiruvananthapuram, First Published Aug 8, 2019, 6:13 PM IST

'വിചിത്രമായി വായിക്കുകയാണ്, തനിയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയാത്തവിധം വായിക്കുകയാണ് ഷാജു. സെര്‍ജി ബൂബ്കയേയും ഗ്രഹാംബെല്ലിനേയും ജയില്‍ചാട്ടത്തേയും വിവാഹമോചനത്തേയും വിധവയേയും കോട്ടുവായേയും പൂവാലനേയും മുലകളേയും ആണ്‍മുലയേയും പല്ലുതേപ്പിനേയും...'

ഇപ്പറയുന്നത് വിവി ഷാജുവിനെക്കുറിച്ചാണ്. ഷാജുവിന്റെ കവിതകളെക്കുറിച്ചാണ്. പറയുന്നത്, കല്‍പ്പറ്റ നാരായണന്‍. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം ഷാജുവിന്റെ കവിതകളിലേക്കും ഷാജുവിലേക്കുമുള്ള കൃത്യമായ പാലമാണ്. 

literature fest Five Poems by Shaju VV

പലമാതിരി ലോകങ്ങളില്‍ ജീവിക്കുന്ന ഷാജു എന്നൊരു മനുഷ്യന്‍ ചുറ്റുമുള്ള ലോകത്തെ വായിക്കുന്ന വിധമാണ് ആ കവിതകള്‍. ആ വായനയില്‍ ഷാജുവിന്‍േറതു മാത്രമായ നിരീക്ഷണങ്ങളുണ്ട്. അലസതയുണ്ട്. കളിമട്ടുണ്ട്. രോഷവും സങ്കടവും പ്രേമവും പ്രേമമില്ലായ്മയും പരിഹാസവും വേദനയും തമാശയും ഒക്കെയുണ്ട്. കവിതയ്ക്കു മാത്രം തൊടാനാവുന്ന ഭാവനയുടെ ഉന്‍മാദങ്ങളുണ്ട്. വിചിത്രമായ ആലോചനകളും അതിലും വിചിത്രമായി അത് അടയാളപ്പെടുത്തുന്ന മാന്ത്രികതയുമുണ്ട്. ഭാഷയിലും ആഖ്യാനത്തിലുമെല്ലാം പ്രസരിക്കുന്ന പുതുമയും കൂസലില്ലായ്മയുമുണ്ട്. ഒരിക്കലും പ്രായമാവാത്തൊരു കുട്ടിത്തമുണ്ട്. കളിയുടെയും ഫിലോസഫിയുടെയും ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയുമെല്ലാം അടിവേരുകളുള്ള ആ കവിതകള്‍ നാം ജീവിക്കുന്ന കാലത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ഭാവനയുടെ തീവണ്ടിമുറികളാണ്. 

 

literature fest Five Poems by Shaju VV

Image Courtesy: Jess Waters/Pixabay

ലിംഗച്ഛേദ സാംക്രമിക വ്യവഹാരം

.................

രാജ്യത്തെ
പിടിച്ചുകുലുക്കിയ
ലിംഗച്ഛേദ
സാംക്രമിക വ്യവഹാരത്തിന്
തുടക്കമിട്ടത്
പാര്‍വ്വതിയെന്ന
പതിനാലു വയസ്സുകാരി
പീഡകനായ
പിതാവിന്റെ
ജനന യന്ത്രം
അശോകാ ബ്ലേഡ് കൊണ്ട്
അറുത്തെടുത്തതോടെയാണ്.

യാഥാസ്ഥിതിക
വേദികളില്‍പ്പോലും
അവള്‍ പ്രകീര്‍ത്തിക്കപ്പെട്ടു.

പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍
ലിംഗച്ഛേദത്തിന്റെ
ഒറ്റപ്പെട്ട സംഭവങ്ങള്‍
അരങ്ങേറിയെങ്കിലും
തലമുതിര്‍ന്ന മനശാസ്ത്രജ്ഞന്‍മാര്‍ക്കോ
രാഷ്ട്രീയ ചിന്തകര്‍ക്കോ
പുരുഷലോകത്തെ
കനത്ത ഭീതിയിലാഴ്ത്താനിരിക്കുന്ന
പകര്‍ച്ചവ്യാധിയെ
പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല.

ഫെമിനിസ്റ്റു ചിന്തകര്‍,
മാധ്യമങ്ങള്‍,
ചലച്ചിത്രങ്ങള്‍,
ജനപ്രിയ സാഹിത്യം തുടങ്ങിയ
ആഖ്യാന കേന്ദ്രങ്ങള്‍
പീഢകരുടെ
അവയവഛേദന രാഷ്ട്രീയത്തെ
പ്രകീര്‍ത്തിച്ചു.

ഓരോരുത്തരും
അവരവരുടെ രക്ഷകരാകുക
എന്ന ട്രോള്‍
ഫേസ് ബുക്കില്‍
ചോരയിറ്റുന്ന കത്തി സഹിതം വന്നത്
വൈറലായി.

മൂന്നു മാസത്തിനുള്ളില്‍
70 ലിംഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടതോടെ
ആണുലകം
സന്ദര്‍ഭത്തിന്റെ ഗൗരവം
മനസിലാക്കിത്തുടങ്ങി.

പാര്‍വ്വതിയില്‍ നിന്നു കൃത്യം
നൂറാമത്തെ ദിവസം മാത്രം
ആസൂത്രിതമായ
ഗൂഢാലോചന പോലെ
നൂറു ലിംഗങ്ങള്‍
അരിഞ്ഞു വീഴ്ത്തപ്പെട്ടതോടെ
പ്രസിഡണ്ടുമുതല്‍
സാധാരണക്കാര്‍ വരെയുള്ള
പുരുഷന്‍മാരുടെ
അരക്കെട്ടിനെ കേന്ദ്രീകരിച്ച്
വിറയലോടെ
പനി പടര്‍ന്നു

രാജ്യത്തില്‍
അപ്രഖ്യാപിത അടിയന്തിരാവസ്ഥ
പ്രാവര്‍ത്തികമായി.

നിദ്രാ രാഹിത്യം ബാധിച്ച
ഒരു രാജ്യത്തിലെ
മുഴുവന്‍ പുരുഷപ്രജകളും
ഏറ്റവും അടുപ്പമുള്ള
പെണ്ണുങ്ങളെ പോലും ഭയന്ന്
സ്വന്തം ലിംഗത്തിനു
രാത്രികളില്‍ നടുക്കത്തോടെ
കാവലിരുന്നു.

ലിംഗച്ഛേദന കര്‍മം
ചെയ്തിട്ടില്ലാത്ത പെണ്ണുങ്ങള്‍ക്ക്
പെണ്ണുങ്ങള്‍ക്കിടയില്‍
സ്വീകാര്യത കുറഞ്ഞതോടെ
നിരുപദ്രവകാരികളായ
പുരുഷലിംഗങ്ങള്‍ പോലും
മരണമേറ്റു വാങ്ങേണ്ടിവന്നു.

ഉന്നത പോലീസുദ്യോഗസ്ഥരും
ആഭ്യന്തര വകുപ്പും
രഹസ്യയോഗം ചേര്‍ന്നു.

ആ യോഗത്തില്‍ തന്റെ തുടയില്‍
ഇക്കിളിയിട്ട ഡിജിപിയുടെ ലിംഗം
തല്‍സമയം മുറിച്ചെടുത്ത
വനിതാ എസ് പി
മാധ്യമങ്ങളില്‍
പേടി സ്വപ്നം പോലെ നിറഞ്ഞാടി.

ലിംഗം മുറിച്ച പെണ്ണുങ്ങളെ കൊണ്ടു
ജയില്‍ നിറഞ്ഞതോടെ
ശിക്ഷ പിഴയായി
ചുരുക്കേണ്ടി
വന്നു.

'നീ അതു ഇതുവരെ ചെയ്തിട്ടില്ലേ' എന്നു
കൂട്ടുകാരികള്‍
അതു ചെയ്യാത്തവരെ
നാണം കെടുത്തി.

മാര്‍ക്കറ്റില്‍
പലതരം ലിംഗസംരക്ഷണയന്ത്രങ്ങള്‍
വിറ്റഴിഞ്ഞു.

ലിംഗം നഷ്ടപ്പെട്ട പുരുഷന്‍മാരുടെ
ഭയങ്കര
ലൈംഗിക പീഡനങ്ങള്‍ നിയന്ത്രിക്കാന്‍
പട്ടാളത്തിനു പോലും
കഴിഞ്ഞില്ല.

രാജ്യം രണ്ടായി
ധ്രുവീകരിക്കപ്പെട്ടു.

ലിംഗം നഷടപ്പെട്ട അധിക ഊര്‍ജ്ജം
പുരുഷന്‍മാര്‍
യുദ്ധം,
കല,
ശാസ്ത്രം
എന്നിവയില്‍ വിന്യസിച്ചു.


literature fest Five Poems by Shaju VV
Image Courtesy:johnnie shannon/Pixabay 

 

ഒരേ വിധിയുള്ള ഇരട്ടകള്‍

.........................

ക്രിക്കറ്റില്‍
ലാസ്റ്റ്മാന്‍
ഒരു
ഇരട്ട സംഖ്യയാണ്!

ഒരുമിച്ചേ
അവര്‍ക്ക് 
ജീവിതമുള്ളൂ,
മരണവും.

ഇണപിരിയുന്നില്ല 
ഒരാള്‍ മാത്രമായി 
ശേഷിക്കുന്നില്ല.

ഒറ്റശവപ്പെട്ടിയില്‍
അടക്കാം 
രണ്ടുടലുകളും.

ഒരമ്മയ്ക്കും
ഇങ്ങനെ 
കരളുരുകിയിട്ടില്ല.

നീയില്ലാതെ 
ഞാനില്ല 
കണ്ണേയെന്ന 
പ്രണയവാക്യമിവിടെ 
ആലങ്കാരികമല്ല,
ഒട്ടുമില്ലതിശയോക്തി.

ഒരു 
അശ്രദ്ധയിലെ 
ആക്‌സിഡന്റില്‍
പെട്ടവനും 
കണ്ടവനും 
മരണം.

രണ്ടറ്റം കാണാനുള്ള 
മരണപ്പാച്ചിലില്‍ 
തീരം കണ്ടവനും 
മരണം,
അപരനു 
കാണാനായില്ലെങ്കില്‍.

ഒരാളുടെ 
മരണവൃത്താന്തമറിഞ്ഞു 
മറ്റേയാള്‍ 
ചങ്ക് പൊട്ടിമരിക്കുന്നതിന്റെ 
സമയദൂരം 
പോലുമില്ല,
അതുപോലുമില്ല.

ഒരേ 
നിമിഷാര്‍ദ്ധത്തില്‍ 
മൃത്യു.

അവനവന്‍കരുതലവിടെ 
അപരനു വേണ്ടിക്കൂടി. 
ഇണയ്ക്കായുള്ള 
പ്രാര്‍ത്ഥന, 
അവനവനായിക്കൂടി. 

ഒന്നു നേടേണ്ട, 
ആരുമായിത്തീരേണ്ട, 
നിന്റെ 
ഉണ്‍മതന്നെ 
സായൂജ്യമെന്നു 
ഒരു പങ്കാളിയും 
മറ്റേയാളിനെ 
ഉള്ളതില്‍ 
ഉള്ളുനിറഞ്ഞു 
കൂടെ 
കൊണ്ടു
നടന്നിട്ടില്ല.

എത്രമേല്‍ 
പരസ്പരാശ്രിതം, 
അവരുടെ 
ഓരോ 
നിമിഷവും. 
അത്രമേല്‍ 
ഗാഢാശ്ലേഷിതം 
അവരുടെയവനിവാഴ്‌വു,
വിസ്മയം!

ഹ്രസ്വജീവിതം
ദീര്‍ഘകാമന.

അവസാനത്തെ 
രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ 
കളിച്ചുതുടങ്ങുമ്പോള്‍
ജീവിതം മരണത്തിന്റെ
പ്രമേയസംഗീതമാവുന്നു, 

ഇണ 
ജീവിതവും 
മരണവുമാകുന്നു. 

കളി 
കാര്യമാകുന്നു. 

 

literature fest Five Poems by Shaju VV

Image Courtesy /Pixabay 


എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം
യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു

..................


അയാള്‍ ഉണ്ടായേക്കുമെന്നു കരുതി
അവള്‍ പങ്കെടുക്കാതെ പോയ
ചലച്ചിത്രമേളകള്‍,
റാലികള്‍, പൊതുയോഗങ്ങള്‍,
പാരഗണ്‍,
അവള്‍ കൂടി വരാതെ
പൂര്‍ത്തിയാവാത്ത
സ്വപ്നങ്ങള്‍,
അങ്ങനെ.

അവളെ കൂട്ടിമുട്ടുമെന്ന് ഭയന്ന്
അയാള്‍ വേണ്ടെന്നു വച്ച
പ്രിയപ്പെട്ട ബാര്‍,
മറൈന്‍ ഡ്രൈവ്,
ഷഹബാസിന്റെ മ്യൂസിക് പ്രോഗ്രാമുകള്‍,
കോഴിക്കോടെന്ന
അവരുടെ പൊതു നഗരം.

അവളുണ്ടാകുമെന്നു കരുതി
അയാളും
അയാള്‍ കാണുമെന്നു കരുതി
അവളും
നോര്‍വ്വെയിലെ ജോലി
വേണ്ടെന്നു വച്ചു.

അവരുടെ പ്രണയം കൊണ്ടുണ്ടായ
ആത്മനഷ്ടങ്ങളേക്കാള്‍
അധികമായിരുന്നു,
പരസ്പരം കാണുമെന്ന ഭീതി
വെട്ടിച്ചുരുക്കിയ
അനന്തര ജീവിതം.

അവളോടൊപ്പം
വയ്യെന്നതുകൊണ്ടയാളും
അവളുണ്ടാകുമെന്നതിനാലയാളും
പിന്‍ വാങ്ങിയ
ഹിമാലയം യാത്രയില്‍
വണ്ടിമറിഞ്ഞ്
അവരുടെ നാലുകൂട്ടുകാര്‍
മരിച്ചു പോയിരുന്നു
എന്നതുകൂടി പറയാതെ വയ്യ.

പൊതു സുഹൃത്തുക്കളുടെ
കല്യാണം, ശവമടക്ക്, ചോറൂണ്
ഇവകളിലൊന്നും പങ്കെടുക്കാതെ
അവരിരുവരും
എല്ലാത്തില്‍ നിന്നും
വിദൂരപ്പെട്ടു.

എന്നിട്ടും
പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം
യാദ്യച്ഛികത
അവര്‍ക്കിട്ടു പണിഞ്ഞു

ആളൊഴിഞ്ഞ ആ കമ്പാര്‍ട്ടുമെന്റില്‍
അവള്‍
അയാള്‍ക്കഭിമുഖപ്പെട്ടു പോയി.

ഉച്ചവെയിലായിരുന്നു,
തിന്നുന്ന ചൂടായിരുന്നു.
ട്രെയിന്‍ വിജനമായ ഒരിടത്ത്
സ്വയം ഏറെ നേരം പുഴുങ്ങാനിട്ടനേരമായിരുന്നു.

അയാളുടെ ചീര്‍ത്ത
കരുവാളിച്ച
മുഖത്ത് സിറോസിസിന്റെ ആരംഭം
അവളും
അവളുടെ വിളറിയ കണ്ണുകളില്‍
ചോര തുപ്പി തുപ്പി
തന്നെ തന്നെ പ്രസവിച്ചൊഴിയാന്‍
കഷ്ടപ്പെടുന്ന
ക്ഷീണിത ഗര്‍ഭപാത്രത്തെ
അയാളും വായിച്ചു.

തങ്ങള്‍ പിരിഞ്ഞതെന്തിനെന്ന്
ഓര്‍ത്തെടുക്കാനാവാതെ
അവര്‍
ഒരേ നിമിഷം അമ്പരന്നു.

ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്ക്....
അവള്‍ അവര്‍ക്കിടയിലെ
അതേ പഴയ അസഹിഷ്ണുതയോടെ
അയാളോടു ക്രുദ്ധയായി.

അല്‍പ്പനേരം കഴിഞ്ഞ്
വെള്ളക്കുപ്പി നീട്ടി
അയാള്‍ നീരസപ്പെട്ടു:

വെള്ളം കുടിക്കാതെ
മൂത്രപ്പഴുപ്പു വന്ന് മാരക
ആന്റിബയോട്ടിക്സ്
കഴിക്കുന്നതാണല്ലോ
നിന്റെ പുരോഗമനം ?

സ്റ്റേഷനെത്തിയപ്പോള്‍
അവളിറങ്ങി,
അയാളുമിറങ്ങുമെന്നറിയാന്‍
അവള്‍ക്ക്
തിരിഞ്ഞു നോക്കേണ്ടതില്ല.

വീട്ടിലെത്തി ഉപ്പു ചാക്കു പോലുള്ള
ശരീരങ്ങള്‍ തമ്മില്‍
ആലിംഗനപ്പെട്ടപ്പോള്‍
നിശ്വാസത്തില്‍
അവര്‍ക്ക് പതിനൊന്നു വര്‍ഷത്തിന്റെ
കാലം അനുഭവപ്പെട്ടു.

അന്നുണ്ടായിരുന്ന പ്രവിശ്വകളെല്ലാം
ഇന്നുമുണ്ടോ എന്ന ധൃതിയോടെ
അവളുടെ ഉടലിലയാള്‍
പരവശനായി
ഉഴറി പരതിയപ്പോള്‍
അവള്‍ പൊട്ടിച്ചിരിച്ചു:

ഇപ്പോഴും നിനക്ക് രതി
നൂറു മീറ്റര്‍ ഓട്ടം തന്നെയാണല്ലേ?

അവധാനതയിലാണ്
സൗന്ദര്യ രഹസ്യം എന്ന
അവളുടെ പഴയ കാവ്യശകലം
അന്നേരം അയാളോര്‍ത്തു.

കാലം പണിഞ്ഞു നാശമാക്കിയ
ശരീരങ്ങളില്‍ കരുണയോടെ
അവര്‍ ഉമ്മ വച്ചു.

അവള്‍ ചെറുപയറിനു കടുകു വറുത്തിടുന്നേരം
മേക്കഴുകുന്ന അയാള്‍
രോഷത്തോടെ വിളിച്ചു പറഞ്ഞു:

കടുകു പൊട്ടിക്കുമ്പോള്‍
സിമ്മി ലിടണമെന്ന്
നിനക്കെത്ര പറഞ്ഞാലും
മനസിലാവില്ല

അതു പറഞ്ഞു തീര്‍ന്നയുടന്‍
അയാള്‍ക്കും
കേട്ടു തീര്‍ന്നയുടന്‍
അവള്‍ക്കും
പിരിഞ്ഞതെന്തിനെന്ന്
ഓര്‍മ്മയായി.

 

literature fest Five Poems by Shaju VV

Image Courtesy /Pixabay

 

ഒറ്റവഴിപ്രണയമധുരം 
ആസ്വദിച്ചു തുടങ്ങിയാല്‍
അവള്‍ പ്രണയിക്കല്ലേയെന്നു
നിങ്ങള്‍ മുട്ടിപ്രാര്‍ത്ഥനചെയ്തുപോകും!

..............


വണ്‍വേ പ്രണയംപോലെ
ജീവിതഗന്ധിയായൊരു 
ജീവിതമില്ല.

ഒരു ഫ്രീസറിലും വെക്കേണ്ട ,
ചീഞ്ഞു പോകില്ല 
ആ ചാള.

ചെടിക്കില്ല 
ആ അലഭ്യവിഭവം.

മടുക്കില്ല 
ആ അപ്രാപ്യ 
ദേശം.

സങ്കല്‍പ്പത്തിലെ
ഭൂട്ടാനാണ് സുന്ദരമെന്നു
അകയാത്രികര്‍ക്കറിയാം.

പ്രണയത്തിന്റെ 
ഉച്ചിയിലെത്തിയാല്‍പ്പിന്നെ
ഇറങ്ങിപ്പോരുകയേ 
വഴിയുള്ളൂ.
ആയിരിക്കുന്നതില്‍ത്തന്നെ
ആയിരിക്കുകവയ്യ

എവറസ്റ്റിലെത്തിയാല്‍
തിരിച്ചിറങ്ങുകയെന്നേ 
ചെയ്യാനുള്ളൂ.

ഹോ ,ചന്ദ്രനല്ലേ 
എന്നു കോരിത്തരിച്ച്
ആംസ്‌ട്രോങ് 
അവിടെ കുടിലുകെട്ടിയില്ല

ഉച്ചസ്ഥായിയില്‍ പാട്ടു നീളില്ല
പരമാവധിയായാല്‍
അവധിയില്ല.
ഉയരം കൂടുംതോറും 
ചായയുടെ 
കടുപ്പം കൂടുമായിരിക്കും.
പതനത്തിന്റെ കടുപ്പവും.

അനശ്വരങ്ങളായ 
പ്രണയങ്ങളെല്ലാം
ഏകദിശാപ്രണയങ്ങളാണ്.

അത് നിങ്ങളെ 
എക്കാലത്തേക്കുമായി
കൌമാരത്തില്‍ സ്റ്റഫ് ചെയ്യുന്നു.
അതിസാഹസികരാക്കുന്നു.
നിത്യോന്മാദികളാക്കുന്നു.
ഭാവിയുടെ കാമുകനാക്കുന്നു
എല്ലാ യാത്രകളും
അവളില്‍ അവസാനിക്കുന്നു.
ഓരോ പ്രണയത്തിലും
അവളെ തിരയുന്നു.

കോമാളിക്കും 
കൊലയാളിക്കുമിടയിലെ
ഊഞ്ഞാല്‍ സവാരിക്കാരനാക്കുന്നു.
കണ്ണില്‍ പ്രകാശമുള്ള
വിഷാദിയാക്കിമാറ്റുന്നു.
സദാ നിങ്ങളെ 
ഒരു പൊട്ടന്‍ഷ്യല്‍ ചാവേറാക്കുന്നു.

അയാളുടെ നെടുവീര്‍പ്പിനു
ഒരു സൈന്യത്തെയാകെ 
വിഷാദികളാക്കാന്‍ കഴിയും.

കുടിക്കുംതോറും
അധികരിക്കുന്ന ഏക
പാനപാത്രമാണ്
ഏകപക്ഷീയപ്രണയം.

ഒറ്റയ്ക്ക് കളിക്കാവുന്ന
ഡബിള്‍സ് ടെന്നീസ്.

ലക്ഷ്യബോധമില്ലായ്മ,
ഒരു സെല്‍ഫ് ഹെല്പ് ആചാര്യനും
അവള്‍ക്കുമീതെ 
ആരോപിക്കാനാവില്ല.
ഏകലക്ഷ്യോന്മുഖമായ
ഒരു ധ്യാനമാണത്.

ഏതു ഭൂകമ്പത്തിലും
അവളാ കെട്ടിടം വിട്ടോടില്ല.
അവനില്ലാതായാല്‍പ്പോലും
ആ വിഹിതം അവള്‍ മുടക്കുന്നില്ല.

ഒറ്റവഴിപ്രണയമധുരം 
ആസ്വദിച്ചു തുടങ്ങിയാല്‍
അവള്‍ പ്രണയിക്കല്ലേയെന്നു
നിങ്ങള്‍ മുട്ടിപ്രാര്‍ത്ഥനചെയ്തുപോകും!

 

literature fest Five Poems by Shaju VV

Image Courtesy: Stephan Keller /Pixabay 


പ്രണയം ഭരണമാണെന്നവള്‍ 
തിരിച്ചറിയും വരെ
എനിക്കവളെ ഭരിക്കണം!

...............

എനിക്കൊരു 
ഏകാധിപതിനിയായ ഭരണാധികാരിണിയുടെ 
പ്രണയ ഭാജനമാകണം.

അംഗരക്ഷകരുടെ
കണ്ണുവെട്ടിച്ചതിസാഹസികമായി 
അവളെന്റെ അപ്പാര്‍ട്ടുമെന്റില്‍ വന്നു വരം കിടക്കണം.

ഞാന്‍ വാതില്‍ തുറന്നെന്നു വരാം, ഇല്ലെന്നും .

കല്ലു പോലത്തെയവള്‍
ഞാന്‍ വാതില്‍ തുറന്നില്ലെങ്കില്‍
നിലത്ത് കൂനിക്കൂടിയിരുന്ന് ഏങ്ങിയേങ്ങിക്കരയണം.

കരച്ചിലടക്കിപ്പിടിച്ചവളയല്‍പ്പക്ക രാജ്യത്തിന്റെ 
അതിര്‍ത്തിക്കപ്പുറത്തെ ഗ്രാമത്തില്‍ പെണ്ണുങ്ങളുമാണുങ്ങളും 
സ്വസ്ഥരായി ചപ്പാത്തി പരത്തിയും പാട്ടുകേട്ടും പ്രണയിച്ചും 
നക്ഷത്രങ്ങളെ കണ്ടും ആഹ്ലാദിച്ചിരിക്കുന്ന 
നിശാ സ്വച്ഛന്ദതയിലേക്ക് 
ഷെല്ലുകള്‍ വര്‍ഷിക്കാന്‍ സേനാധിപനോട് ആജ്ഞാപിക്കും.

അന്നേരമവള്‍ക്കായി 
ഞാന്‍ വാതില്‍ മലര്‍ക്കെത്തുറക്കും, 
അവള്‍ക്കിഷ്ടമുള്ള സംഗീതം വയലിനില്‍ വായിക്കും, 
മുലകളില്‍ നിന്നും ചെറിപ്പഴത്തെ മീട്ടിയുണര്‍ത്തും.

ഏകാധിപതിനിയായ
രാഷ്ട്ര നായികയപ്പോള്‍ 
അതിര്‍ത്തിക്കപ്പുറത്തെ ഗ്രാമത്തില്‍ 
വിമാനങ്ങളില്‍ നിന്നും 
മധുര പലഹാരങ്ങളും
സംഗീത ശകലങ്ങളും വര്‍ഷിക്കാന്‍ ആവശ്യപ്പെടും.

അവളുടെയേകാകിതയിലും 
ഭീതിയിലും 
പ്രണയത്തിന്റെ രാഗങ്ങള്‍ 
ഞാന്‍ വായിക്കുന്ന പ്രഭാതങ്ങളില്‍ സ്വേച്ഛാധിപതിനിയായ 
ആ പ്രധാനമന്ത്രിണി സ്വതന്ത്രേച്ഛുക്കളായ പ്രവിശ്യകളുടെ 
കൂടു തുറന്നു വിടുമായിരിക്കും.

ഞാന്‍ മറ്റൊരുവളുമായി 
പ്രണയത്തിലാണെന്നറിയുന്ന നാളവള്‍ 
അയല്‍ രാജ്യത്തിലെ പ്രസിഡണ്ട് 
ചതിയനായ ഭീരുവാണെന്നു 
ട്വീറ്റു ചെയ്യും.

അവളുടെ മുടിയിലെ
പേനുകളെ കൊന്നും
പിന്‍ കഴുത്തിലെ 
തന്ത്രപ്രധാനമായ കോശ സ്ഥലങ്ങളില്‍ 
ഉമ്മ വച്ചും ചെവിക്കുള്ളില്‍ 
വിരലുകള്‍ കൊണ്ട് ഇക്കിളിയിട്ടും 
ലാഘവമാര്‍ന്നിരിക്കുന്ന 
സായാഹ്നങ്ങളിലൊന്നില്‍ 
കര്‍ക്കശക്കാരിയായ 
ആ ഏകാധിപതിനി 
ജയിലില്‍ നിന്നും
ഏഴു മാവോ വാദികളെ
നിരുപാധികം വിട്ടയക്കും.

എന്റെ വയലിനെയവള്‍ 
അധിനിവേശം കൊണ്ടു നേടിയെടുക്കാനാവാത്ത 
വികാര സാമ്രാജ്യമെന്നു വിളിക്കണം.

എനിക്കൊരു ഏകാധിപതിനിയായ 
ദേശ നായികയെ
പ്രണയിക്കണം.

അഭേദ്യമായ അവളുടെ
ആന്തരിക സാമ്രാജ്യ രഹസ്യങ്ങളില്‍
വിജിഗീഷുവായ പുഴുവിനെപ്പോലെ
ജിജ്ഞാസയോടെ ഇഴഞ്ഞു നടക്കണം.


ഒരെറുമ്പിനെപ്പോലും ഭരിക്കാനറിയാത്ത 
എന്റെ കാല്‍ച്ചുവട്ടില്‍ 
അവള്‍ ആജ്ഞകള്‍ക്കു 
കാതോര്‍ത്തു കിടക്കണം.

അങ്ങേയറ്റം ഭരണേച്ഛുവായ
സ്ത്രീയെക്കാള്‍ 
സ്വേച്ഛാധിപതിയാണ് 
ദുര്‍ബലനായ ഓരോ പുരുഷനുമെന്ന് പിറുപിറുത്തു 
അവള്‍ ഇറങ്ങിപ്പോകുന്ന
ദിവസം വരെയും 
എനിക്കവളെ പ്രണയം കൊണ്ടു ഭരിക്കണം.

പ്രണയം ഭരണമാണെന്നവള്‍ 
തിരിച്ചറിയും വരെ
എനിക്കവളെ ഭരിക്കണം!

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

Follow Us:
Download App:
  • android
  • ios