ഹ്യുണ്ടായിയും കിയയും നാല് പുതിയ കോംപാക്റ്റ് എസ്‌യുവി മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. പുതിയ വെന്യു, ബയോൺ, ഇൻസ്റ്റർ ഇവി, സിറോസ് ഇവി എന്നിവയാണ് ഈ മോഡലുകൾ. 

നിങ്ങൾ ഒരു കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? അടുത്ത വർഷം പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണോ? എങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ഹ്യുണ്ടായിയും കിയയും ഈ സെഗ്‌മെന്റിൽ ആകെ നാല് മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇവ വെറും ഫേസ്‌ലിഫ്റ്റുകളായിരിക്കില്ല, മറിച്ച് നൂതന സാങ്കേതികവിദ്യയും സവിശേഷതകളും, പുതിയ ഡിസൈൻ ഭാഷയും ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളുമുള്ള പുതിയ മോഡലുകളാണ്. വരാനിരിക്കുന്ന ഹ്യുണ്ടായ്, കിയ കോംപാക്റ്റ് എസ്‌യുവികളെക്കുറിച്ച് പരിശോധിക്കാം.

പുതുതലമുറ ഹ്യുണ്ടായി വെന്യു

2025 നവംബറിൽ പുതിയ വെന്യു വിൽപ്പനയ്‌ക്കെത്തുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സ്ഥിരീകരിച്ചു. ഒക്ടോബർ 24 ന് മുമ്പ് ആസൂത്രണം ചെയ്തിരുന്ന ലോഞ്ച് റദ്ദാക്കി . കോംപാക്റ്റ് എസ്‌യുവിക്ക് അകത്തും പുറത്തും ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എങ്കിലും എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഹ്യുണ്ടായി വെന്യുവിൽ ക്രെറ്റയിൽ നിന്ന് കടമെടുത്ത ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അതിന്റെ എഡിഎഎസ് സ്യൂട്ടിനെ ലെവൽ-2 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. പുതിയ വെന്യുവിന് 360-ഡിഗ്രി ക്യാമറയും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിച്ചേക്കാം.

ഹ്യുണ്ടായ് ബയോൺ

തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ ഹ്യുണ്ടായി ബയോൺ 2026 പകുതിയോടെ ഇന്ത്യയിലെത്തും. നാല് മീറ്ററിൽ കൂടുതൽ നീളമുള്ള ഗ്ലോബൽ-സ്‌പെക്ക് മോഡലിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ-സ്‌പെക്ക് ബയോൺ ഒരു സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവി ആയിരിക്കാനാണ് സാധ്യത. നിലവിൽ, ഉൽപ്പന്നത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. ഹ്യുണ്ടായി ബയോണിൽ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. ഈ പവർട്രെയിൻ ഹൈബ്രിഡ് സിസ്റ്റവുമായി പൊരുത്തപ്പെടും. കോംപാക്റ്റ് ക്രോസ്ഓവറിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യാം.

ഹ്യുണ്ടായി ഇൻസ്റ്റർ ഇവി

2026 ന്റെ രണ്ടാം പകുതിയിൽ ഹ്യുണ്ടായി ഇൻസ്റ്റർ-ഇവി അടിസ്ഥാനമാക്കിയുള്ള കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു . ടാറ്റ പഞ്ച് ഇവിക്ക് എതിരായി ഈ പുതിയ മോഡൽ സ്ഥാനം പിടിക്കും. ആഗോള വിപണികളിൽ, ഹ്യുണ്ടായി ഇൻസ്റ്റർ ഇവിക്ക് സ്റ്റാൻഡേർഡ് 42kWh, ലോംഗ്-റേഞ്ച് 49kWh ബാറ്ററി ഓപ്ഷനുകൾ ഉണ്ട്, ഇത് യഥാക്രമം 300 കിലോമീറ്ററും 355 കിലോമീറ്ററും അവകാശപ്പെടുന്ന റേഞ്ച് നൽകുന്നു. സവിശേഷതകളുടെ കാര്യത്തിൽ, ഈ പുതിയ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റത്തോടുകൂടിയ 360-ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എഡിഎഎസ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യും.

കിയ സിറോസ് ഇ വി

കിയ ഇന്ത്യയിൽ സിറോസ് ഇവിയുടെ പരീക്ഷണം ആരംഭിച്ചു. 2026 ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത് ഇവിയുടെ യഥാർത്ഥ സ്റ്റാൻസും ഡിസൈൻ ഭാഷയും നിലനിർത്തുമെന്നാണ്. സീൽഡ്-ഓഫ് ഗ്രിൽ, മുൻവശത്ത് ചാർജിംഗ് പോർട്ട്, 'ഇവി' ബാഡ്ജിംഗ് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. അകത്ത്, ഇലക്ട്രിക് എസ്‌യുവിക്ക് പുതിയ ട്രിമ്മുകളും അപ്ഹോൾസ്റ്ററിയും ലഭിച്ചേക്കാം. കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ചില ഇവി-നിർദ്ദിഷ്ട സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ലഭിച്ചേക്കാം. ഇതിന്റെ പവർട്രെയിൻ സജ്ജീകരണം ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയിൽ നിന്ന് കടമെടുത്തേക്കാം.