Asianet News MalayalamAsianet News Malayalam

ഡെലിവറി ദിവസം തന്നെ ഉടമ പെരുവഴിയില്‍, വീണ്ടുമൊരു കിയ കദനകഥ!

സ്വന്തമായൊരു കാര്‍ എന്ന ഏറെക്കാലത്തെ സ്വപ്‍നം സാക്ഷാല്‍ക്കരിച്ച അന്നുതന്നെ ദുരന്തമായി മാറിയ ഒരു കിയ സെല്‍റ്റോസ് ഉടമയുടെ നൊമ്പരപ്പെടുത്തുന്ന അനുഭവം വീണ്ടും

Again the tragic story of the unfortunate Kia Seltos owner, brand new Kia Seltos break down thrice on delivery day
Author
Pune, First Published Aug 1, 2022, 1:07 PM IST

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ കുതിച്ചുപായുകയാണ്. മികച്ച മോഡലുകളുമായി ഇന്ത്യന്‍ വിപണിയെ വളരെപ്പെട്ടെന്ന് കീഴടക്കിയ കമ്പനി ഉപഭോക്താക്കളില്‍ നിന്നും വലിയ പരാതികളൊന്നും ഇല്ലാതെ മുന്നോട്ടു പോകുകയായിരുന്നു ഇതുവരെ. എന്നാല്‍ അടുത്തകാലത്തായി കമ്പനിയുടെ സമയം അത്ര ശരിയല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പല വാര്‍ത്തകളും സൂചിപ്പിക്കുന്നത്. കിയ സർവീസ് സെന്റർ കാർ നന്നാക്കിയതിന് പിന്നാലെ സെല്‍റ്റോസിന് തീ പിടിച്ച ഉടമയുടെ അനുഭവം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയൊരു സഭവത്തിലും വില്ലനായിത്തീര്‍ന്നിരിക്കുകയാണ് കിയയുടെ ഈ ജനപ്രിയ മോഡല്‍. 

വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!

പൂനെയിലെ ബാരാമതിയിൽ നിന്നാണ് സെല്‍റ്റോസ് പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. തന്റെ പുത്തന്‍ കിയ സെൽറ്റോസിന്റെ ഡെലിവറി എടുത്തതിന് ശേഷം ബുദ്ധിമുട്ട് നേരിട്ട ഒരു ഉപഭോക്താവിന്റെ വിശദാംശങ്ങൾ മോട്ടോര്‍ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെ ബാരാമതി സ്വദേശിയായ ബാലസോ ബാബൻറാവു എന്ന ഉടമയാണ് ഈ സംഭവത്തിലെ ഇര.  അദ്ദേഹം മോട്ടോർബീമിന് ഉടമ എഴുതിയ കത്തിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

“തന്റെ കുടുംബത്തിന് മെച്ചപ്പെട്ടതും സുഖപ്രദവുമായ ജീവിതം നൽകാൻ കഠിനാധ്വാനം ചെയ്യുന്ന മറ്റെല്ലാ വ്യക്തികളെയും പോലെ, എന്റെ കുടുംബത്തിന്റെ സ്വപ്‍നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ പരമാവധി അദ്ധ്വാനിക്കുന്നു..” ബാലസോ ബാബൻറാവു പറയുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ഒരു കാർ എന്നത് തന്‍റെ ഒരുപാട് കാലത്തെ സ്വപ്‍നം ആയിരുന്നു. 

പക്ഷേ, നിർഭാഗ്യവശാൽ, തന്‍റെ സ്വപ്‍നം ഒരു ദുരന്തമായി മാറിയെന്ന് ഉടമ പറയുന്നു. സംഭവം ഇങ്ങനെ:

2022 ജൂലൈ 14-നായിരുന്നു ആ സംഭവം. ബാരാമതിയിലെ ധോൻ കിയയിൽ നിന്നാണ് പുതിയ കിയ സെൽറ്റോസ് ബാലസോ ബാബൻറാവു സ്വന്തമാക്കുന്നത്.  തന്റെ ആദ്യ കാര്‍ സ്വന്തമാക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് ബാലാസോ ഡീലർഷിപ്പിലെത്തിയത്. ഏകദേശം ഉച്ചയ്ക്ക്  2.30 ഓടെ വാഹനം ഡെലിവറി എടുക്കാന്‍ താന്‍ ഷോറൂമില്‍ എത്തിയതായി ഉടമ പറയുന്നു. പിന്നാലെ കിയ ഡീലർഷിപ്പ് കാർ എത്തിച്ചു.  ബാലാസോ വാഹനത്തെ പൊതിഞ്ഞ ചുവന്ന തുണി അഴിച്ചു.

ബാറ്ററിക്ക് കാറിനേക്കാൾ വില, വില്‍ക്കാമെന്ന് വച്ചപ്പോള്‍ ആക്രിവില; സ്‍തംഭിച്ച് കുടുംബം!

ഡെലിവറിക്ക് തൊട്ടുപിന്നാലെയാണ് പ്രശ്‍നങ്ങള്‍ ആരംഭിച്ചത്. പുതിയ കിയ സെൽറ്റോസ് സ്റ്റാര്‍ട്ടാകാന്‍ വിസമ്മതിച്ചു. തുടർന്ന് സെയിൽസ്‍മാനെയും ബ്രാഞ്ച് മാനേജരെയും വിളിച്ചുവരുത്തി. എന്നാൽ, ടാങ്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലെന്നും അതിനാലാണ് കാർ സ്റ്റാർട്ട് ചെയ്യാന്‍ സാധിക്കാത്തതും എന്ന് അവർ പറഞ്ഞു. തുടര്‍ന്ന് ഇന്ധനം നിറച്ചതിന് ശേഷവും കിയ സെൽറ്റോസ് സ്റ്റാർട്ടായില്ല എന്ന് ഉടമ പറയുന്നു.

ഇതോടെ സർവീസ് ടെക്നീഷ്യൻമാർ കാർ വർക്ക്ഷോപ്പിലേക്ക് മാറ്റി. അവർ വാഹനത്തിലെ ഇന്ധന വിതരണ ലൈനുകൾ പരിശോധിക്കുകയും ടാങ്കിലെ ഇന്ധന നില അളക്കുന്ന ഫ്യൂവൽ ഫ്ലോട്ടര്‍ നീക്കം ചെയ്യുകയും ചെയ്‍തു. ഒടുവില്‍ ടെക്‌നീഷ്യൻമാര്‍ വാഹനത്തിലെ ബാറ്ററി മാറ്റി. പക്ഷേ എന്നിട്ടും പുതിയ സെൽറ്റോസ് സ്റ്റാര്‍ട്ടായില്ല. 

വൈകുന്നേരം ഏഴ് മണി വരെ പരിശോധിച്ചിട്ടും സര്‍വ്വീസ് സെന്ററിലെ സാങ്കേതിക വിദഗ്‌ദ്ധർക്ക് കാറിന്‍റെ പ്രശ്‌നത്തെ കുറിച്ച് ഒരു പിടിയും കിട്ടിയില്ല. ഇതോടെ നിരാശരായ ഉപഭോക്താവും കുടുംബവും വീട്ടിലേക്ക് മടങ്ങി. പിന്നീട് 7:45  ഓടെ ഡീലര്‍ഷിപ്പ് മാനേജരിൽ നിന്നും ഫോണ്‍ കോൾ ലഭിച്ചു .  “കാർ തയ്യാറാണെന്നും പിറ്റേന്ന് രാവിലെ 9:30 ഓടെ ഡെലിവർ ചെയ്യാനാണ് പ്ലാൻ എന്നും ബ്രാഞ്ച് മാനേജർ പറഞ്ഞു.. ” ബാലാസോ പറയുന്നു. 

കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!

തുടര്‍ന്ന് അടുത്ത ദിവസം ബാലാസോ ഡീലര്‍ഷിപ്പില്‍ നിന്നുള്ള വിളി പ്രതീക്ഷിച്ചിരുന്നു.  എന്നാൽ, നിശ്ചിത സമയവും കഴിഞ്ഞ് ഒരു മണിക്കൂറിലേറെ കാത്തിരുന്നിട്ടും കാർ വീട്ടിലെത്തിയില്ല.  ഷോറൂമിൽ വിളിച്ചപ്പോൾ അമ്പരപ്പിക്കുന്ന മറുപടിയാണ് ലഭിച്ചത്. കാറിന്റെ എഞ്ചിൻ വിചിത്രമായ ശബ്‍ദം ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു മറുപടി. എഞ്ചിൻ വിചിത്ര ശബ്‍ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നുമുള്ള ഷോറൂമിലെ സാങ്കേതിക വിദഗ്ധരുടെ മറുപടി കേട്ടതോടെ ഉടമ കൂടുതൽ നിരാശനായി.

ഇതിനിടെ പ്രശ്‌നം അന്വേഷിക്കാൻ പൂനെയിൽ നിന്ന് ഒരു സംഘത്തെ വിളിച്ചതായി ബ്രാഞ്ച് മാനേജർ വിളിച്ചു പറഞ്ഞു. പിന്നാലെ മാനേജര്‍ ഒരു ഡെമോ സെൽറ്റോസ് നൽകി. പിന്നീട്, മാനേജർ എന്നെ വിളിച്ച് കാർ തയ്യാറാണെന്നും വീട്ടില്‍ എത്തിക്കുമെന്ന് പറഞ്ഞതായും ബാലാസോ പറയുന്നു. ഒടുവില്‍ കാർ റെഡി ആയി ബാലസോയുടെ വീട്ടിൽ എത്തിച്ചു. എന്നാല്‍ വാഹനം ഓടിച്ചു നോക്കിയതോടെ പ്രശ്‍നം ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് ബാലാസോ  ശ്രദ്ധിച്ചു. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കാർ ഹഡപ്‌സറിലേക്ക് സര്‍വ്വീസ് സെന്‍ററിലേക്ക് കൊണ്ടുപോയി. ഒടുവിൽ, എല്ലാ പ്രശ്‍നങ്ങളും പരിഹരിച്ചതായി ജൂലൈ 16 ന് ഹഡപ്‌സർ സര്‍വ്വീസ് സെന്‍റര്‍ അദ്ദേഹത്തെ അറിയിച്ചു.

കാര്‍ വാങ്ങാന്‍ കാശില്ലേ? ഇതാ ആശ തീര്‍ക്കാന്‍ കിടിലന്‍ പദ്ധതിയുമായി ടാറ്റ!

എന്നാല്‍ അവരുടെ മറുപടിയിൽ അദ്ദേഹം തൃപ്‍തനായില്ല. പുതിയ കാറിലെ പ്രശ്‍നങ്ങളെക്കുറിച്ച വിശദമായി ചോദിച്ചപ്പോള്‍ വാഹനത്തിലെ ഇന്ധന ലൈൻ മാറ്റിസ്ഥാപിച്ചതായി ഉത്തരം ലഭിച്ചു. വാഹനത്തിന്റെ ഫ്യുവൽ ലൈൻ മാറ്റിയെന്ന് സർവീസ് സെന്റർ പറഞ്ഞതോടെ ബാലാസോ കാർ എടുക്കാൻ വിസമ്മതിച്ചു. താൻ പുതിയ കാറിനാണ് പണം നൽകിയതെന്നും, പാര്‍ട്‍സുകള്‍ മാറ്റി അറ്റകുറ്റപ്പണികൾ നടത്തിയ താന്‍ വാഹനം സ്വീകരിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 

"ഇനി ഡ്രൈവ് ചെയ്യുമ്പോൾ എനിക്ക് ഈ കാറിൽ പൂർണ വിശ്വാസമുണ്ടാകില്ല. ഭാവിയിൽ പ്രശ്‍നം ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? രണ്ട് ദിവസത്തിനുള്ളിൽ വാഹനം മൂന്ന് തവണയാണ് പണിമുടക്കിയത്. അടിയന്തര ഘട്ടത്തിൽ കാർ സ്റ്റാർട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ എന്തുചെയ്യും..?" ബാലാസോ രോഷത്തോടെ ചോദിക്കുന്നു. 

“ഞാൻ കാർ സ്വീകരിക്കില്ല, കാരണം മാറ്റിസ്ഥാപിച്ചതും നന്നാക്കിയതുമായ ഒരു പുതിയ കാർ വാങ്ങുന്നതിൽ അർത്ഥമില്ല,” അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 

ഇന്ത്യയിലെ നിയമങ്ങളുടെ അഭാവം
ഇന്ത്യയിൽ മോശം ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഒരു നിയമവുമില്ല. ഉപഭോക്താവിന് പരാതിപ്പെടാൻ കഴിയുന്ന ഉപഭോക്തൃ കോടതികൾ നിലവില്‍ ഉണ്ടെങ്കിലും കേടായ വാഹനം മാറ്റി പുതിയത് നല്കാന്‍ നിർമ്മാതാവിനോട് നിർദ്ദേശിക്കുന്ന ശക്തമായ ഒരു നിയമവും നിലവില്‍ ഇല്ല എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വികസിത രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ സാധാരണമാണ്. അത്തരം നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും ഉപകരണം, കാർ, ട്രക്ക് അല്ലെങ്കിൽ മോട്ടോർ സൈക്കിൾ തകരാറുള്ളതായി കണ്ടെത്തിയാൽ കമ്പനി ഉടൻ മാറ്റി നല്‍കുകയോ അല്ലെങ്കിൽ ഉപഭോക്താവിന് നഷ്‍ടപരിഹാരം നൽകുകയോ വേണം.

കിയ സെല്‍റ്റോസ്
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതൽ മികച്ച പ്രതിമാസ വിൽപ്പനയാണ് കിയ സെൽറ്റോസ് നേടുന്നത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

ഉല്‍പ്പാദനം നിര്‍ത്തി ഫാക്ടറി അടച്ചുപൂട്ടി ഒല; താല്‍ക്കാലികമെന്ന് കമ്പനി, കാരണത്തില്‍ ദുരൂഹത!

പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നാല് എയർബാഗുകൾ ഉള്‍പ്പടെ ഉള്ള സുരക്ഷാ സവിശേഷതകൾ അടക്കം നിരവധി അപ്‌ഡേറ്റുകൾ ഈ വാഹനത്തിന് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, 2022 കിയ സെൽറ്റോസിന് ശ്രേണിയില്‍ ഉടനീളം നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. നാല് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ് (ബിഎ), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ഹൈലൈൻ ടിപിഎംഎസ്), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ഇപ്പോൾ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകൾക്കുമായി മൾട്ടി-ഡ്രൈവ്, ട്രാക്ഷൻ മോഡുകൾക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുന്നു.

ഡീസൽ എഞ്ചിനിനൊപ്പം iMT അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും കിയ അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ ആദ്യത്തെ ഡീസൽ iMT കാറായി മാറി. മൊത്തത്തിൽ, പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുന്നു. ഇതിന് 113 എച്ച്പി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 138 എച്ച്പി 1.4 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ, 113 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ലഭിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6-സ്പീഡ് iMT, IVT, 7-സ്പീഡ് DCT, 6-സ്പീഡ് AT എന്നിവ ഉൾപ്പെടെ വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനത്തില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios