Asianet News MalayalamAsianet News Malayalam

ഡ്രൈവറിൻ്റെ വായിൽ നിന്ന് നുരയും പതയും; യാത്രക്കാരില്ലാതെ വന്ന ലോഫ്ലോർ, കാറും ബൈക്കുമെല്ലാം ഇടിച്ചുതെറിപ്പിച്ചു

അമിതവേഗതയിൽ വന്ന ബസ് ഒരു ഇ-റിക്ഷയിലും പിന്നീട് ഒരു കാറിലും ഇടിക്കുന്നതായി കാണാം. ഇതിന് ശേഷവും പാഞ്ഞു വന്ന ബസ് നടപ്പാതയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചു കയറി.

bus rams multiple vehicles what happened driver reveals btb
Author
First Published Nov 5, 2023, 1:26 PM IST

ദില്ലി: ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ലോ ഫ്ലോര്‍ ഇലക്ട്രിക് ബസ് ഇടിച്ച് ഒരു മരണം. ദില്ലിയിലെ രോഹിണിയില്‍ യാത്രക്കാര്‍ ആരുമില്ലാതെ വന്ന ബസ് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. സോഷ്യൽ മീഡിയയിൽ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അമിതവേഗതയിൽ വന്ന ബസ് ഒരു ഇ-റിക്ഷയിലും പിന്നീട് ഒരു കാറിലും ഇടിക്കുന്നതായി കാണാം. ഇതിന് ശേഷവും പാഞ്ഞു വന്ന ബസ് നടപ്പാതയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചു കയറി.

ഉച്ചയ്ക്ക് 2.45 ന് രോഹിണി സെക്ടർ 3ൽ മദർ ഡിവൈൻ സ്കൂളിന് സമീപമാണ് അപകടം ഉണ്ടായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (രോഹിണി) ഗുരിഖ്ബാൽ സിദ്ധു പറഞ്ഞു. സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ രണ്ടുപേരെ ഡോ. ബാബാ സാഹിബ് അംബേദ്കർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു.  എന്നാല്‍, ഇതില്‍ ഒരാള്‍ മരണപ്പെടുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ച് അറിഞ്ഞിട്ടില്ല.

ബസിന്‍റെ ഡ്രൈവര്‍ സന്ദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അപസ്മാരം പോലെ വന്ന് ആരോഗ്യം പെട്ടെന്ന് വഷളാവുകയും ബസ് നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തുവെന്നാണ് ഡ്രൈവര്‍ നൽകിയിട്ടുള്ള മൊഴി. സന്ദീപിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. അതേസമയം, ഡ്രൈവറിന്‍റെ വായില്‍ നിന്ന് പത പോലെ എന്തോ ഒന്ന് വന്നിരുന്നുവെന്നാണ് ഒരു സാക്ഷി മൊഴി നൽകിയിട്ടുള്ളത്. യാത്രക്കാരെ എല്ലാം ഇറക്കിയ ശേഷം ബസ് ഡിപ്പോയിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയം റോഡ് മുറിച്ച് കടക്കാൻ നില്‍ക്കുകയായിരുന്ന യുവാവാണ് അപകടത്തില്‍ മരണപ്പെട്ടത്.  

കാമുകിയെ കാണാൻ രാത്രി വീട്ടിൽ; ഒളിച്ച സ്ഥലം കണ്ടാൽ മൂക്കത്ത് വിരൽ വയ്ക്കും, ഇതിപ്പോ എങ്ങനെ കയറി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios