3831 കോടി ചെലവാക്കിയ റോഡ്, 5 കിലോമീറ്റര്‍ തുറന്നത് വ്യാഴാഴച, പാലത്തിലൊരു വിള്ളൽ, സത്യം അറിയാതെ കത്തിയ വിവാദം
സംസ്ഥാനത്തെ റോഡ് നിര്‍മാണ വകുപ്പിന് കീഴിൽ പണി തീര്‍ത്ത റോഡിന്റെ നിര്‍മാണം ഗുണമേന്മയില്ലാതെ നടത്തിയെന്നും അഴിമതി നടന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നു.

പാട്ന: ബിഹാറിൽ 3831 കോടി ചെവിൽ നിര്‍മിച്ച പാതയിലെ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാരുടെ ആരോപണം. ബിഹാറിലെ വമ്പൻ പദ്ധതികളിലൊന്നായ ജെപി ഗംഗ പാത ഏപ്രിൽ പത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം തികയും മുമ്പ് പാലത്തിന്റെ തൂണുകൾക്കിടയിൽ റോഡിൽ വിള്ളലുണ്ടായി എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. ദിദാര്‍ഗഞ്ചിനടുത്താണ് വിള്ളലുണ്ടായതെന്നും വീഡിയോ വിശദീകരിക്കുന്നു.
ഇതോടെ വലിയ വിവാദത്തിലേക്ക് വിഷയം മാറി. സംസ്ഥാനത്തെ റോഡ് നിര്‍മാണ വകുപ്പിന് കീഴിൽ പണി തീര്‍ത്ത റോഡിന്റെ നിര്‍മാണം ഗുണമേന്മയില്ലാതെ നടത്തിയെന്നും അഴിമതി നടന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നു. എന്നാൽ ഈ വിള്ളൽ നിര്‍മാണത്തിലെ പോരായ്മയല്ലെന്ന് വിശദീകരിക്കുകയാണ് റോഡ് നിര്‍മാണ വകുപ്പ് മന്ത്രി നിതിൻ നബിൻ. ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ സംസ്ഥാന റോഡ് വികസന കോർപ്പറേഷൻ ലിമിറ്റഡ് (ബിഎസ്ആർഡിസിഎൽ) പരിശോധന നടത്തിയെന്നും വിടവുകൾ നിര്‍മാണത്തിലെ വിള്ളലുകളല്ല, മറിച്ച് എക്സ്പാൻഷൻ ജോയിന്റുകളാണെന്നും മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റങ്ങൾ അതിജീവിക്കാൻ രൂപകൽപ്പന ചെയ്ത് മനപ്പൂര്‍വം ഉണ്ടാക്കിയ 10 മില്ലിമീറ്റര്‍ എക്സ്പാൻഷൻ ജോയിന്റാണ് ഇത്. കാലാവസ്ഥാ മാറങ്ങൾ ഉണ്ടാകുമ്പോൾ റോഡ് വികസിക്കുകയും ചുരുങ്ങുകയും ചെയ്യാനാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ വിടവ് നികത്താൻ ചെറിയ പ്ലാസ്റ്ററിങ് നടത്തിയിരുന്നു. എന്നാൽ ഏപ്രിൽ പത്തിന് വാഹന ഗതാഗതം തുടങ്ങിയപ്പോൾ ഇത് ഇളകി മാറിയതാകാം. ജോയിന്റ് ഫില്ലര്‍ ഉപയോഗിച്ച് നിലവിൽ വിടവ് കണ്ട സ്ഥലം അടയ്ക്കുമെന്നും ബിഎസ്ആർഡിസിഎൽ മാനേജിംഗ് ഡയറക്ടറും ബിആർപിഎൻഎൻഎൽ ചെയർമാനുമായ ഷിർസത് കപിൽ അശോക് സ്ഥലം പരിശോധിച്ച ശേഷം അറിയിച്ചു. ഏപ്രിൽ 16-നകം ജെപി ഗംഗാ പാതയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജനറൽ മാനേജർക്ക് മന്ത്രി നബിൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ദിഘ മുതൽ ദിദാർഗഞ്ച് വരെനീളുന്ന 20.5 കിലോമീറ്റർ ദൈർഘ്യമുള്ള ജെപി ഗംഗാ പാത നാല് ഘട്ടങ്ങളിലായി 3,831 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ദിഘ മുതൽ പിഎംസിഎച്ച് വരെയുള്ള ആദ്യ പാത 2022 ജൂൺ 24-നും, രണ്ടാം ഘട്ടം ഗൈഘട്ട് വരെ 2023 ഓഗസ്റ്റ് 14-നും, മൂന്നാമത്തേത് കങ്കൺ ഘട്ട് വരെ 2024 ജൂലൈ 10-നും തുറന്നിരുന്നു. കങ്കൺ ഘട്ട് മുതൽ ദിദാർഗഞ്ച് വരെയുള്ള അവസാന ഭാഗമായ അഞ്ച് കിലോമീറ്റര്‍ ആണ് ഏപ്രിൽ 10-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
അപൂര്‍വ നേട്ടം! അമ്മ കരസേനയിലെ ലഫ്.ജനറൽ, മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റ്; ഇരുവർക്കും സേനാ മെഡൽ
