എക്സ്പ്രസ് വേകളിൽ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും പ്രവേശനം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. 

രുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അതിവേഗ ഇടനാഴികളിൽ, അതായത് എക്സ്പ്രസ് വേകളിലും ആക്സസ് നിയന്ത്രിത റോഡുകളിലും പ്രവേശിക്കുന്നത് തടയാൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഡൽഹി-എൻസിആറിൽ, അത്തരം വാഹനങ്ങൾ പ്രധാന പാതകളിൽ പ്രവേശിച്ച് നിരന്തരം നിയമങ്ങൾ ലംഘിക്കുന്നു. ഇതുമൂലം റോഡ് അപകട സാധ്യത ഗണ്യമായി വർദ്ധിച്ചു.

ജൂൺ 4 ന് നിതിൻ ഗഡ്‍കരി അധ്യക്ഷത വഹിച്ച ഒരു സുപ്രധാന യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയും മുഖ്യമന്ത്രി രേഖ ഗുപ്‍തയും ഈ യോഗത്തിൽ പങ്കെടുത്തു. നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും എങ്ങനെയാണ് അതിവേഗ റോഡുകളിലേക്ക് നിർഭയമായി പ്രവേശിക്കുന്നത് എന്ന വിഷയത്തിൽ യോഗത്തിൽ ഗൗരവമായ ചർച്ച നടന്നു.

ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും അനധികൃത ഹോർഡിംഗുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനോടും (എംസിഡി) ഗഡ്‍കരി നിർദ്ദേശിച്ചിട്ടുണ്ട്. ഇവ കാരണം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

യുഇആർ-II, ഡൽഹി-ഗുഡ്ഗാവ് എക്സ്പ്രസ് വേ, ദ്വാരക എക്സ്പ്രസ് വേ തുടങ്ങിയ റൂട്ടുകളിൽ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും പ്രവേശനം നിരോധിച്ചുകൊണ്ട് 2024 ജനുവരിയിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസിന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ സൈൻബോർഡുകളും നിയമങ്ങളും ഉണ്ടായിരുന്നിട്ടും പലരും നിയമം പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അതിവേഗ റോഡുകളിൽ അച്ചടക്കം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഗഡ്‍കരി വ്യക്തമാക്കിയതായി ഒരു മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിൽ മാത്രമേ റോഡ് അപകടങ്ങൾ കുറയ്ക്കാനും ഗതാഗതം സുഗമമായി നടക്കാനും കഴിയൂ എന്നും നിയമങ്ങൾ ലംഘിക്കുമ്പോഴെല്ലാം പിടിക്കപ്പെടുമെന്ന ഭയം ഇല്ലെങ്കിൽ ആളുകൾ നിയമങ്ങൾ പാലിക്കില്ലെന്നും പോലീസ് അത് ഗൗരവമായി നടപ്പിലാക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. 

ഡൽഹി-ഗുഡ്ഗാവ്, ദ്വാരക എക്സ്പ്രസ് വേ തുടങ്ങിയ ആക്സസ് നിയന്ത്രിത പ്രദേശങ്ങളിലെ ഗതാഗത നിയമലംഘനങ്ങളിൽ ഏകദേശം 63 ശതമാനവും ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും നിയമവിരുദ്ധമായ പ്രവേശനം മൂലമാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.