പത്തുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയ പുടിനെ, ട്രംപ് B-2 സ്റ്റെൽത്ത് ബോംബറുകളുടെയും എഫ്-22 യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.
പത്തുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയ റഷ്യന്‍ പ്രസിഡന്‍റായ വ്ളാഡിമർ പുടിനെ നിരവധി വിമാനങ്ങളുടെ അകമ്പടിയോടെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്. എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ വ്‌ളാഡിമിർ പുടിൻ തന്റെ വിമാനത്തിൽ നിന്ന് ഇറങ്ങി ഡൊണാൾഡ് ട്രംപിനെ കാണുന്ന നേരത്ത് ബി-2 സ്റ്റെൽത്ത് ബോംബറുകളും എഫ്-22 യുദ്ധവിമാനങ്ങളും ആകാശത്ത് പറന്നുയർന്നു. യുഎസ് വ്യോമത്താവളത്തിലേക്ക് പുടിനും ട്രംപും ഒരുമിച്ച് നടന്ന് നീങ്ങുന്നതിനിടെ തലയ്ക്ക് മുകളിലൂടെ ബി2 സ്റ്റെല്‍ത്ത് വിമാനം ഇരമ്പിയെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോംബർ വിമാനത്തിന്‍റെ ശബ്‍ദം കേട്ട് പുടിന്‍ തല ഉയര്‍ത്തി ഒരു നിമിഷം വിമാനങ്ങളെ നോക്കുന്നതും ഈ വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇത്തരമൊരു സ്വീകരണം നൽകുന്നതിലൂടെ പുടിനെ തങ്ങളുടെ സൈനിക ശക്തി അറിയിക്കുകയായിരുന്നു ട്രംപിന്‍റെ ലക്ഷ്യം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 12:35 ഓടെയാണ് വ്‌ളാഡിമിർ പുടിൻ തന്റെ വിമാനത്തിൽ അമേരിക്കൻ മണ്ണിൽ വന്നിറങ്ങിയത് . ഡൊണാൾഡ് ട്രംപിന്റെ വിമാനമായ 'എയർഫോഴ്‌സ് വൺ' പുടിനെ സ്വീകരിക്കാൻ നേരത്തെ അവിടെ വന്നിറങ്ങിയിരുന്നു. പുടിൻ എത്തിയതോടെ ഇരു നേതാക്കളും കണ്ടുമുട്ടി കൈകൊടുത്തു. ട്രംപ് ആദ്യം കൈ നീട്ടി, തുടർന്ന് പുടിനും. ഇരുവരും കുറച്ച് നിമിഷങ്ങൾ സംസാരിച്ച ശേഷം കാറിനടുത്തേക്ക് നീങ്ങി.
അതേസമയം, ആകാശത്ത് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടു. ശബ്‍ദം കേട്ട് രണ്ട് നേതാക്കളും നിന്നു. പുടിൻ തലയുയർത്തി ആകാശത്തേക്ക് നോക്കി, തുടർന്ന് രണ്ട് നേതാക്കളും മുന്നോട്ട് നീങ്ങി. റഷ്യൻ പ്രസിഡന്റ് തന്‍റെ ഓറസ് ലിമോസിനിലേക്ക് നീങ്ങിയപ്പോൾ, യുഎസ് പ്രസിഡന്റ് അദ്ദേഹത്തെ തന്റെ കാറായ 'ദി ബീസ്റ്റ്'-ൽ ഇരിക്കാൻ ക്ഷണിച്ചു. പുടിൻ അത് സ്വീകരിച്ചു. ഇരുവരും ഒരേ കാറിലാണ് ഉച്ചകോടി വേദിയിലെത്തിയത്. ഇതിനിടയിൽ, രണ്ട് നേതാക്കളുടെയും ശരീരഭാഷ പോസിറ്റീവായി കാണപ്പെട്ടു. മറ്റൊരു രാജ്യത്തിന്റെ തലവൻ യുഎസ് പ്രസിഡന്റിനൊപ്പം കാറിൽ യാത്ര ചെയ്യുന്നത് അത്ര സാധാരണമല്ല.
നിസാരക്കാരല്ല F22 റാപ്റ്ററും, B2 ബോംബറുകളും
അതേസമയം ഉഗ്ര പ്രഹര ശേഷിയുള്ളവയാണ് യു എസ് വ്യോമസേനയുടെ ബി 2 ബോംബർ വിമാനങ്ങൾ. 30,000 പൗണ്ട് ഭാരമുള്ള ബങ്കർ - ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയുന്നവയാണ് ബി 2 വിമാനം . മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കൻ സ്റ്റെൽത്ത് സാങ്കേതികവിദ്യയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന യുഎസ് വ്യോമസേനയിലെ ആയുധമാണ് ബി-2 സ്റ്റെൽത്ത് ബോംബർ. 1989-ൽ ആദ്യമായി ഈ വിമാനം പറന്നു. ശത്രു വ്യോമ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയറാനുള്ള അത്ഭുതകരമായ കഴിവ് ബി-2 സ്റ്റെൽത്ത് ബോംബറിനുണ്ട്. നോർത്ത്‌റോപ്പ് ഗ്രുമ്മാൻ എന്ന കമ്പനിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
അടുത്തിടെ ഇറാനും ഇസ്രയേലും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തില്‍ അമേരിക്ക ഇടപെട്ടതോടെയാണ് ബി2 സ്റ്റെല്‍ത്ത് ബോംബറുകള്‍ വാർത്തകളിൽ നിറയുന്നത്. അത്യാധുനിക സംവിധാനങ്ങൾ എല്ലാമുള്ള, റഡാറുകളുടെ കണ്ണുവെട്ടിക്കാൻ അനായാസം കഴിയുന്ന ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്ക് ഒന്നിന് രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് ഏകദേശ വില. ബി2 ബോംബറുകളുടെ പരിപാലനത്തിന് മാത്രമായി അമേരിക്ക പ്രതിവര്‍ഷം 40 മില്യണ്‍ യുഎസ് ഡോളറാണ് ചെലവാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
B-2 സ്റ്റെൽത്ത് ബോംബർ വിമാനത്തിന്റെ പ്രത്യേകത, അവയെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ കഴിയില്ല എന്നതാണ്. കൂടാതെ, വളരെ ഉയർന്ന ഉയരത്തിൽ പറക്കാൻ ഇതിന് കഴിയും. ഇത് ശത്രുക്കളുടെ വ്യോമ പ്രതിരോധനിരയെ ഇതിനെ എതിരിടുന്നത് വളരെ ബുദ്ധിമുട്ടുള്ളതാക്കുന്നു. B-2 സ്റ്റെൽത്ത് ബോംബറിന് ശത്രു ലക്ഷ്യങ്ങളെ പൂർണ്ണ കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അത്യാധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ പരമ്പരാഗത റഡാർ സംവിധാനങ്ങൾക്ക് ഇത് കണ്ടെത്താൻ കഴിയില്ല.
പ്രത്യേക ഘടനയും ചിറകുകളുടെ പ്രത്യേക രൂപകൽപ്പനയും വളരെ കുറഞ്ഞ ഇൻഫ്രാറെഡും കാരണം, ഇത് വെറും 0.001 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു റഡാർ ക്രോസ് സെക്ഷൻ സൃഷ്ടിക്കുന്നു. ഇതൊരു ചെറിയ പക്ഷിക്ക് തുല്യമാണ്. അതായത് റഡാറിൽ ഒരു കുഞ്ഞിക്കുരുവിയെന്നുപോലും തോന്നിപ്പിക്കാതെ ശത്രുവിന്റെ പ്രദേശത്ത് പ്രവേശിച്ച് അവരുടെ താവളങ്ങളെ പൂർണ്ണ കൃത്യതയോടെ ആക്രമിക്കാൻ B-2 സ്റ്റെൽത്ത് ബോംബറിന് സാധിക്കും. ഒറ്റയടിക്ക് 6,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ ഈ വിമാനത്തിന് കഴിയും. ഭാരമേറിയ ആയുധങ്ങൾ വഹിക്കാൻ ഇതിന് കഴിവുണ്ട്.
ഇറാനെ നേരിടാൻ അമേരിക്ക ഈ ആയുധം ഉപയോഗിച്ചതും ഇക്കാരണങ്ങളാലാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്രായേൽ ആക്രമിച്ചിരുന്നു. പക്ഷേ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഭൂമിക്കടിയിലായതിനാൽ ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ അവയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. ഭൂഗർഭ ഘടനകളെ നശിപ്പിക്കാൻ കഴിയുന്ന ആയുധങ്ങൾ ഇസ്രായേലിന്റെ പക്കലില്ല. അത്തരമൊരു സാഹചര്യത്തിൽ, അമേരിക്ക രംഗത്തെത്തുകയും 30,000 പൗണ്ട് ഭാരമുള്ള മാസിവ് ഓർഡനൻസ് പെനട്രേറ്റർ അല്ലെങ്കിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുകയും ചെയ്‍തു. ബി-2 സ്റ്റെൽത്ത് ബോംബറിൽ നിന്ന്, ഭൂമിക്കടിയിൽ പോലും വൻ നാശം വിതയ്ക്കാൻ ഇതിന് ശക്തിയുണ്ട്. ഫോർഡോയിലെ ഭൂഗർഭ ആണവ ഘടന നശിപ്പിക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചു. ഭൂമിയിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ കഴിയുന്ന അതിശക്തമായ സ്ഫോടകവസ്തുക്കളാണ് ബങ്കർ ബസ്റ്ററുകൾ. ബങ്കറുകൾ നശിപ്പിക്കാനാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്. ഒരിക്കലും നശിപ്പിക്കാൻ സാധിക്കില്ലെന്ന് കരുതുന്ന സ്ഥലങ്ങളെ ലക്ഷ്യം വയ്ക്കാനാണ് ഈ ജിപിഎസ് ഗൈഡഡ് ബോംബുകൾ ഉപയോഗിക്കുന്നത്.
