Asianet News MalayalamAsianet News Malayalam

"ദിസ് ഈസ് റാംഗ്.." തെറ്റിച്ചോടിക്കുന്നവര്‍ക്കെതിരെ 'തെറ്റിച്ചൊല്ലി' കേരളാ പൊലീസ്!

നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ് രംഗത്തെത്തി

Kerala Police facebook post about how to drive vehicles in four lane and six lane national highways
Author
First Published Dec 6, 2022, 12:28 PM IST

സംസ്ഥാനത്തെ നാലുവരി, ആറുവരി ദേശീയപാതകളില്‍ ഡ്രൈവിംഗ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ് രംഗത്തെത്തി. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  "ദിസ് ഈസ് റാംഗ്.." എന്ന തലക്കെട്ടോടെയാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന്  ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് വ്യക്തമാക്കി. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലത് ട്രാക്കിലേക്ക് കയറാൻ പാടുള്ളൂ. തുടർന്ന് ഇടത് ട്രാക്കിൽ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കിൽ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അതേസമയം   "ദിസ് ഈസ് റാംഗ്.." എന്ന തലക്കെട്ട് വിവാദമാകുന്നുണ്ട്. ഈ പ്രയോഗത്തിലൂടെ ഭാഷാ ശൈലിയെ അവഹേളിച്ചെന്ന ആരോപണമാണ് ഉയരുന്നത്. ഇത് തമിഴും മലയാളവും കലര്‍ന്ന ഭാഷാശൈലിയില്‍ സംസാരിക്കുന്ന ചില തെക്കൻ ജില്ലക്കാരെയും ഇതര സംസ്ഥാനക്കാരെയും ആക്ഷേപിക്കുന്നതാണ് എന്ന ആരോപണമാണ് ഉയരുന്നത്. 

അതേസമയം ഇത്തരം റോഡുകളില്‍ പാലിക്കേണ്ട നിയമങ്ങളുടെ അജ്ഞതയും ചര്‍ച്ചയാകുന്നുണ്ട്. എന്താണ് ഈ നിയമങ്ങള്‍ എന്ന് അറിഞ്ഞിരിക്കാം. 

നാലുവരി ആറുവരി പാതകളിൽ ട്രാക്കുകൾ ഉപയോഗിക്കുന്നതിന് ഒരു നിയമമുണ്ട്. ഇതറിയാതെയാണ് പലരും വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നത്. ആറുവരി പാതകളിലെ ഇടതുവശത്തുള്ള ലൈൻ കാരിയേജ് വാഹനങ്ങൾക്കായി നീക്കിവച്ചതാണ്. വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്നാണ് നിയമം. ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.

'പരസ്യത്തില്‍ പറഞ്ഞ മൈലേജില്ല'; ഉടമയ്ക്ക് പ്രമുഖ കാര്‍ കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഇതിന് തൊട്ടടുത്തുള്ള ട്രാക്ക് കാറുകൾ പോലുള്ള വേഗപരിധി കൂടിയ വാഹനങ്ങൾക്ക് ഉള്ളതാണ്. ആറുവരിപ്പാതയിലെ മൂന്നാമത്തെ ട്രാക്ക് സ്പീഡ് ട്രാക്ക് എന്നാണ് അറിയപ്പെടുന്നത്. ഓവർടേക്കിങ്ങിനും അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുമായാണ് ഈ ട്രാക്ക് ഉപയോഗിക്കുന്നത്.

നാലുവരി പാതയിലും നിയമം ഇതുതന്നെയാണ്. ഇടതുവശം കാരിയേജ് ട്രാക്കും രണ്ടം ലൈൻ സ്പീഡ് ട്രാക്കുമാണെന്നതാണ് ഈ പാതകളിലെ മാറ്റം. എന്നാൽ പലപ്പോഴും ട്രക്കുകൾ പോലുള്ള ഹെവി വാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുന്നതാണ് നമ്മുടെ ഹൈവേകളിലെ പതിവ്. പിറകിൽ വരുന്ന കാറുകൾ ഹോൺ മുഴക്കിയാലും ഇവർ പരിഗണിക്കാറില്ല. ഇനി കാറുകൾക്ക് വേഗത കുറച്ച് പോകാനാണ് താൽപ്പര്യമെങ്കിൽ അവരും കാരിയേജ് ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. അതല്ലാതെ സ്പീഡ് ട്രാക്കില്‍ കയറി പതിയെ പോകാൻ പാടില്ല. 

എന്തായാലും സംസ്ഥാനത്തെ നാലുവരി, ആറുവരി ദേശീയപാതകളില്‍ ട്രാക്ക് നിയമം കർശനമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ സർക്കാർ. ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി. ഡ്രൈവർമാരെ ബോധവത്കരിച്ച് നിയമം പാലിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.  നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. തുടര്‍ന്നും നിയമം തെറ്റിച്ചാല്‍ നടപടിയെടുക്കും. ഇതോടൊപ്പം റോഡില്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പോലീസും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതയില്‍ പരിശോധനകളും നടത്തിത്തുടങ്ങി. 

Follow Us:
Download App:
  • android
  • ios