കിയ ഇന്ത്യ 2022 ജൂലൈയിൽ 22,022 കാറുകൾ വിറ്റു. 47 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. സെൽറ്റോസ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി തുടർന്നു, സോനെറ്റ് രണ്ടാം സ്ഥാനത്തെത്തി.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ 2022 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാവിന്റെ ഇന്ത്യൻ ഉപസ്ഥാപനം 2022 ജൂലൈയിൽ 22,022 കാറുകൾ വിറ്റു എന്നും 47 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ വിൽപ്പന 15,016 യൂണിറ്റായിരുന്നു. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി കിയ സെൽറ്റോസ് തുടർന്നു. കിയ സോണറ്റ് രണ്ടാം സ്ഥാനത്തെത്തി.
വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!
മാസ വില്‍പ്പനയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ, കിയയുടെ വിൽപ്പന ഈ വർഷം ജൂണിലെ കണക്കനുസരിച്ച് ഈ മാസം എട്ട് ശതമാനം കുറഞ്ഞു. ജൂണില്‍ 24,024 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണ്. 2022 ജൂലൈയിൽ 21,932 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാത്രമേ കമ്പനിക്ക് കഴിഞ്ഞുള്ളൂ. ഇതില്‍ 8,451 യൂണിറ്റുകളോടെ കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു സെൽറ്റോസ്. തൊട്ടുപിന്നാലെ 7,215 യൂണിറ്റുകളുമായി സോണെറ്റ്, 5,978 യൂണിറ്റുകളുമായി കാരെൻസ്, 288 യൂണിറ്റുകൾ വിറ്റ കാർണിവൽ എന്നിവയും ഉണ്ട്.
വിതരണ ശൃംഖലയിലെ ക്രമാനുഗതമായ പുരോഗതിയും ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ തുടർച്ചയായ സ്നേഹവും കിയ ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ഈ വർഷം, 2021-നെ അപേക്ഷിച്ച് 28.4 ശതമാനം സഞ്ചിത വളർച്ചയോടെ തങ്ങൾ വ്യവസായത്തെ മറികടക്കുന്നു, ഇത് വ്യവസായ വളർച്ചയുടെ 16 ശതമാനത്തേക്കാൾ വളരെ കൂടുതലാണ് എന്നും കിയ ഇന്ത്യ വ്യക്തമാക്കി.
ഡെലിവറി ദിവസം തന്നെ ഉടമ പെരുവഴിയില്‍, വീണ്ടുമൊരു കിയ കദനകഥ!
"വരാനിരിക്കുന്ന ഉത്സവ സീസണിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡെലിവറികൾ നൽകുന്നതിന് സപ്ലൈകൾ മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കാൻ, 2022 ഫെബ്രുവരി മുതൽ ഞങ്ങളുടെ ഉൽപ്പാദന സൗകര്യം പരമാവധി ഒപ്റ്റിമൈസേഷനോടെ ഞങ്ങൾ പ്രവർത്തിപ്പിക്കുന്നു. കിയ ഇന്ത്യ അടുത്തിടെ അതിന്റെ ഡീലർഷിപ്പുകളിലുടനീളം രാജ്യവ്യാപകമായി ഒരു 'ഉടമസ്ഥാവകാശ-സേവന ക്യാമ്പ്' സംഘടിപ്പിച്ചു, ഈ ആഴ്‌ച നീണ്ടുനിൽക്കുന്ന ഈ ക്യാമ്പ് 30,000-ലധികം ഉപഭോക്താക്കളെ ആകർഷിച്ചു.." ഹർദീപ് സിംഗ് ബ്രാർ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതൽ മികച്ച പ്രതിമാസ വിൽപ്പനയാണ് കിയ സെൽറ്റോസ് നേടുന്നത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്.
ബാറ്ററിക്ക് കാറിനേക്കാൾ വില, വില്‍ക്കാമെന്ന് വച്ചപ്പോള്‍ ആക്രിവില; സ്‍തംഭിച്ച് കുടുംബം!
പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നാല് എയർബാഗുകൾ ഉള്‍പ്പടെ ഉള്ള സുരക്ഷാ സവിശേഷതകൾ അടക്കം നിരവധി അപ്‌ഡേറ്റുകൾ ഈ വാഹനത്തിന് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, 2022 കിയ സെൽറ്റോസിന് ശ്രേണിയില്‍ ഉടനീളം നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. നാല് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ് (ബിഎ), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ഹൈലൈൻ ടിപിഎംഎസ്), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ഇപ്പോൾ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകൾക്കുമായി മൾട്ടി-ഡ്രൈവ്, ട്രാക്ഷൻ മോഡുകൾക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുന്നു.
