ഒന്നരലക്ഷം രൂപ നഷ്‍ടപ്പെട്ടതിൽ തനിക്ക് പശ്ചാത്താപമില്ല.. എന്നാൽ പാവപ്പെട്ടവർ ഈ ഉൽപ്പന്നത്തിൽ വീഴരുത്.. ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനായ ഭവിഷ് അഗർവാളിന് ശക്തമായ സന്ദേശം അയക്കാൻ താൻ ആഗ്രഹിക്കുന്നു.. സ്‍കൂട്ടറിന് തീയിട്ട ശേഷം ഒല ഉടമ പറയുന്നത് ഇങ്ങനെ

രാജ്യത്തെ വാഹന വിപണിയിലേക്ക് ഒരു തരംഗമായി അലയടിച്ചെത്തിയ ഒരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കമ്പനിയാണ് ഒല. എന്നാല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി നിരാശരായവരുടെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ഒരു ഒല ഉടമ തകരാറിലായ ഒലയുടെ എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ കഴുതയെ ഉപയോഗിച്ച് കെട്ടിവലിച്ചാണ് പ്രതിഷേധിച്ചതെങ്കില്‍, തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം ഒരു ഒല ഉടമ നടത്തിയ പ്രതിഷേധം അല്‍പ്പം കൂടി ഞെട്ടിപ്പിക്കുന്നതാണ് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഒല സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് തമിഴ്‌നാട്ടിലെ ഉപയോക്താവ് പ്രതിഷേധം രേഖപ്പെടുത്തിയത്.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

തമിഴ്‌നാട്ട് സ്വദേശിയായ പൃഥ്വിരാജാണ് തന്‍റെ മൂന്നുമാസം മാത്രം പഴക്കമുള്ള വാഹനം അഗ്നിക്ക് ഇരയാക്കിയത്. പുതിയ സ്‌കൂട്ടറിന്റെ സാങ്കേതികവും പ്രകടനപരവുമായ പ്രശ്‌നങ്ങൾ കാരണമാണ് ഉടമ ഈ കടുംകൈ ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ജനുവരിയിലാണ് പൃഥ്വിരാജ് ഈ സ്‍കൂട്ടർ വാങ്ങിയത്. എന്നാൽ തുടക്കംമുതല്‍ കല്ലുകടി തുടങ്ങി. രജിസ്ട്രേഷൻ നടപടികൾ ഒല സുഗമമാക്കിയില്ല. ഏപ്രിലിൽ, അമ്പൂരിലെ വീട്ടിൽ നിന്ന് 100 കിലോമീറ്ററിലധികം അകലെയുള്ള ടൗണിൽ രജിസ്ട്രേഷൻ നടക്കുമെന്ന് ഒല സ്ഥിരീകരിച്ചു. രജിസ്‌ട്രേഷൻ ഓഫീസിലെത്തിയപ്പോൾ അധികാരപരിധിയിലെ പ്രശ്‌നങ്ങൾ പറഞ്ഞ് മടക്കി. 

പിന്നാലെ വാഹനത്തിന് കമ്പനി ഉറപ്പുനല്‍കിയ റേഞ്ച് ലഭിക്കാതിരിക്കുകയും പ്രകടനത്തില്‍ വലിയ കുറവുണ്ടാകുകയും ചെയ്‍തു. ഇതോടെ ഉടമ അസ്വസ്ഥനായി എന്നാണ് റിപ്പോള്‍ട്ട്. തകരാറിന്റെ വിവരം പലതവണ നിര്‍മാതാക്കളെ അറിയിച്ചപ്പോള്‍ അത് പരിശോധിക്കുകയും യാതൊരു പ്രശ്‌നവുമില്ലെന്ന് അറിയിക്കുകയുമായിരുന്നു. മൂന്ന് തവണ വാഹനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയപ്പോഴും ഒലയുടെ പ്രതികരണം ഇതായിരുന്നെന്നാണ് സൂചന. 

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ടിഓഫീസിൽ നിന്ന് മടങ്ങുമ്പോൾ പാതി വഴിയിൽ സ്‌കൂട്ടർ വീണ്ടും തകരാറിലായി. വീണ്ടും അദ്ദേഹം ഒല കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ടപ്പോൾ, ഏഴ് മുതൽ എട്ട് മണിക്കൂറിനകം സഹായം ലഭിക്കുമെന്ന് കമ്പനി പറഞ്ഞു. ഇതോടെ നിരാശനായ പൃഥ്വിരാജ് തന്റെ സുഹൃത്തുക്കളെ വിളിച്ച് രണ്ട് ലിറ്റർ പെട്രോൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കൾ സ്ഥലത്തെത്തിയപ്പോൾ ഉടമ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്‍കൂട്ടറിന് തീയിട്ടു. ഈ ദൃശ്യം കണ്ട് നിന്ന ആളുകളാണ് സ്‌കൂട്ടര്‍ കത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സീറ്റ് ഉള്‍പ്പെടെയുള്ളത് തുറന്ന ശേഷം പെട്രോള്‍ ഒഴിച്ച് സ്‌കൂട്ടറിന് തീ വയ്ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

Scroll to load tweet…

കമ്പനി നിര്‍ദേശിച്ചിട്ടുള്ള സമയമെടുത്ത് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്തിട്ടും വെറും 44 കിലോമീറ്റര്‍ മാത്രമാണ് യാത്ര ചെയ്യാന്‍ സാധിച്ചതെന്നായിരുന്നു ഉടമയുടെ ഏറ്റവുമൊടുവിലെ പരാതി. ഈ ആഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ സ്‌കൂട്ടറിനുണ്ടാകുന്ന രണ്ടാമത്തെ പ്രശ്‌നമായിരുന്നു ഇത്. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും വാഹനത്തിന് തീയിടുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധത്തിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് വാഹനം കത്തിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍.

Ola : തീപിടിക്കുന്ന സംഭവം; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

ഒന്നരലക്ഷം രൂപ നഷ്‍ടപ്പെട്ടതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും എന്നാൽ പാവപ്പെട്ടവർ ഈ ഉൽപ്പന്നത്തിൽ വീഴരുതെന്നും പൃഥ്വി പറയുന്നു. ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനായ ഭവിഷ് അഗർവാളിന് ശക്തമായ സന്ദേശം അയക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒല ഇലക്ട്രിക് സ്‍കൂട്ടർ പ്രശ്‍നങ്ങൾ
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷകണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടിയ വാഹനം തരംഗം തീര്‍ത്തിരുന്നു. എന്നാല്‍, നിരത്തിലെത്തിയതോടെ ഒല അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

ഒലയ്‌ക്കെതിരെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. പൂനെയില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഈ സ്‌കൂട്ടറിനെ കുറിച്ച് ഉയരുന്നത്. റിവേഴ്‌സ് മോഡിലേക്ക് മാറ്റാതെ തന്നെ ആക്‌സിലലേറ്റര്‍ തിരിച്ചതോടെ സ്‌കൂട്ടര്‍ പിന്നിലേക്ക് പോയി അപകടമുണ്ടായതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്കും പരിക്കേറ്റു. സാധാരണയായി, റിവേഴ്സ് മോഡ് ഒരു നിശ്ചിത വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സ്‍കൂട്ടർ ആ വേഗ പരിധിയും ലംഘിച്ചു. ചക്രം പിന്നിലേക്ക് കറങ്ങുമ്പോൾ സ്‍കൂട്ടർ മണിക്കൂറിൽ 100 ​​കിലോമീറ്ററിലധികം വേഗത്തിലാകുന്നതായി റിപ്പോർട്ടുകളുണ്ട്. പൂനെയിലെ ലോഹെഗാവിലും ഒരു ഒല സ്‍കൂട്ടറിന് തീപിടിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓലയുടെ സ്‍കൂട്ടറാണ് കത്തിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താൻ ഒല ഇലക്ട്രിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഒല ഇലക്ട്രിക്കിന്‍റെ തിരിച്ചുവിളി
അടുത്തിടെ, ഒല ഇലക്ട്രിക് 1,441 യൂണിറ്റ് എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. സ്‌കൂട്ടറിന് തീപിടിച്ച അതേ ബാച്ചിലുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വിശദമായ പരിശോധനയുടെ ഭാഗമായ ഒരു മുൻകൂർ നടപടിയാണിത് എന്നാണ് ഒല പറയുന്നത്.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

എന്തായാലും പുതിയ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി അത്ര നല്ലതല്ല എന്നുവേണം കരുതാന്‍. കാരണം അവരുടെ സ്‌കൂട്ടറുകൾ ഇനിയും വ്യക്തമാകാത്ത കാരണങ്ങളാൽ തീ സ്‌ഫോടനങ്ങൾ നേരിടുന്നത് പതിവായിരിക്കുന്നു. 2020 ഒക്‌ടോബർ മുതൽ, മൂന്ന് ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ചു. കഴിഞ്ഞ മാസത്തിൽ ഒല ഇലക്ട്രിക്, പ്യുവർ ഇവി, ജിതേന്ദ്ര ഇവി എന്നിവയുടെ സ്‌കൂട്ടറുകൾക്കും തീപിടിച്ചിരുന്നു. പല അപകടങ്ങളിലും മരണം സംഭവിച്ചു എന്നതും ഈ വാഹനങ്ങളുടെ ഭാവിയെ ആശങ്കയില്‍ ആഴ്‍ത്തുന്നു.

വീണ്ടും ഇവി അപകടം, സ്‍കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്