ഇന്ത്യൻ ഇവി വിപണിയിൽ ടെസ്‌ലയുടെ വരവിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, ടാറ്റയും മഹീന്ദ്രയും ടെസ്‌ലയെക്കാൾ മുന്നിലാണെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ കമ്പനികൾക്ക് ഇവിടെ ചെയ്യാൻ കഴിയുന്നത് മസ്‌കിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്ത്യയിൽ ഇലക്ട്രിക് കാറുകൾക്കുള്ള ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താൽ, ടെസ്‌ല പോലുള്ള ആഗോള ഇലക്ട്രിക് വാഹന (ഇവി) കമ്പനികളും ഇന്ത്യയിലേക്ക് വരുന്നു. ടെസ്‌ല ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ആദ്യ ഷോറൂം തുറക്കുന്നതിനുള്ള കരാർ കമ്പനി അടുത്തിടെ അന്തിമമാക്കിയതോടെ, ടെസ്‌ല ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ പലതരം ചർച്ചകളും സജീവമായിട്ടുണ്ട്. അത്തരമൊരു ചർച്ചയ്ക്കിടെ, ജെഎസ്‍ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ ഒരു വലിയ പ്രസ്‍താവന നടത്തി.

ടെസ്‌ല പോലുള്ള ആഗോള കമ്പനികളേക്കാൾ ഇന്ത്യയിലെ പ്രാദേശിക കമ്പനികൾ മുന്നിലാണെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു. ഇന്ത്യൻ കമ്പനികൾ, പ്രത്യേകിച്ച് ടാറ്റയും മഹീന്ദ്രയും, ടെസ്‌ലയേക്കാൾ വളരെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സജ്ജൻ ജിൻഡാൽ പറഞ്ഞു, "എലോൺ മസ്‌ക് ഇവിടെയില്ല, അദ്ദേഹം അമേരിക്കയിലാണ്. ഞങ്ങൾ ഇന്ത്യക്കാർ ഇവിടെയുണ്ട്. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ചെയ്യാൻ കഴിയുന്നത് മസ്‍കി ഇവിടെ ചെയ്യാൻ കഴിയില്ല." ട്രംപിന്റെ കുടക്കീഴിൽ അവർക്ക് അമേരിക്കയിൽ പലതും ചെയ്യാൻ കഴിയുമെന്ന പറഞ്ഞ സജ്ജൻ ജിൻഡാൽ മസ്‍ക് വളരെ മിടുക്കനാണെന്നതിൽ സംശയമില്ല എന്നും വ്യക്തമാക്കി. ബഹിരാകാശ പേടകം പോലുള്ള വ്യത്യസ്ത കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുവെന്നും മസ്‍ക് അത്ഭുതകരമായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ ജിൻഡാൽ പക്ഷേ ഇന്ത്യയിൽ വിജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും തുറന്നുപറഞ്ഞു. 

"ട്രംപിന്റെ ഭരണത്തിന് കീഴിൽ ടെസ്‌ലയ്ക്ക് അമേരിക്കയിൽ വിജയിക്കാൻ കഴിയും, പക്ഷേ ഇന്ത്യയിൽ അതിജീവിക്കുക എളുപ്പമല്ല. മസ്‌ക് വളരെ മിടുക്കനാണ്, ബഹിരാകാശ പേടകങ്ങൾ, റോക്കറ്റുകൾ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പക്ഷേ കാറുകൾ മറ്റൊരു കാര്യമാണ്. ഇന്ത്യയിൽ വിജയിക്കുക എളുപ്പമല്ല," സജ്ജൻ ജിൻഡാൽ പറയുന്നു.

വില 21 ലക്ഷത്തിൽ താഴെ! ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിലേക്ക്, ചങ്കിടിച്ച് വമ്പന്മാർ!

കഴിഞ്ഞ വർഷം ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജി മോട്ടോറുമായി ചേർന്ന് ജെഎസ്ഡബ്ല്യുവും ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോറും ചേർന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ എന്ന പുതിയ സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. അതിനുശേഷം എംജി മോട്ടോർ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ടാറ്റയുടെയും മഹീന്ദ്രയുടെയും ഇലക്ട്രിക് വാഹന ശ്രേണിയുമായി നേരിട്ട് മത്സരിക്കുന്ന പുതിയ ഇലക്ട്രിക് കാറായ എംജി വിൻഡ്‌സർ അടുത്തിടെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഇതിനുപുറമെ, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറായ എംജി സൈബർസ്റ്ററും ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്.

അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ ടെസ്‌ല സിഇഒ എലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ടെസ്‌ലയുടെ ഇന്ത്യയിലെ പ്രവേശനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) ആദ്യത്തെ ഷോറൂം തുറക്കുന്നതിനുള്ള കരാർ ടെസ്‌ല അന്തിമമാക്കി. ഇതിനായി, ബികെസിയിലെ ഒരു വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ 4,000 ചതുരശ്ര അടി സ്ഥലം കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ചതുരശ്ര അടിക്ക് 900 രൂപ പ്രതിമാസ വാടകയാണെന്നാണ് പറയുന്നത്. അതായത് പ്രതിമാസം ഏകദേശം 35 ലക്ഷം രൂപയാണ് വാടക.

ഷോറൂമിനുള്ള പാട്ടക്കരാർ ടെസ്‌ല ഒപ്പുവച്ചു, വാടക 3.7 കോടി

ടെസ്‌ല അഞ്ച് വർഷത്തേക്ക് ഈ സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്. അവിടെ കമ്പനി തങ്ങളുടെ കാറുകളുടെ വിശാലമായ ശ്രേണി പ്രദർശിപ്പിക്കും. ഏപ്രിൽ മുതൽ കമ്പനിക്ക് കാറുകൾ വിറ്റുതുടങ്ങിയേക്കും. മുംബൈയ്ക്ക് പുറമെ, രാജ്യ തലസ്ഥാനമായ ഡൽഹിയിലും ഒരു ഷോറൂം തുറക്കാൻ ടെസ്‌ല പദ്ധതിയിടുന്നു. ഇതിനായി കമ്പനി ഡൽഹിയിലെ എയ്റോസിറ്റിയിൽ ഒരു ഷോറൂമിനായി സ്ഥലം അന്വേഷിക്കുകയാണ്. എന്നിരുന്നാലും, ഇതുസംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

ഒടുവിൽ എല്ലാം ശരിയാകുന്നു! ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ, മാസവാടക കേട്ട് ഞെട്ടരുത്!