2025-ലെ മൂന്നാം പാദത്തിൽ സ്കോഡ ഓട്ടോ ഇന്ത്യ 110% വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി. കൈലാക്ക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ മോഡലുകളുടെ മികച്ച പ്രകടനവും പുതിയ ഉൽപ്പന്ന തന്ത്രങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ. 

2025 ലെ മൂന്നാം പാദത്തിലും സ്കോഡ ഓട്ടോ ഇന്ത്യ ശക്തമായ വളർച്ചാ നിരക്ക് തുടർന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 110% വാർഷിക വളർച്ച രേഖപ്പെടുത്തി. കൂടാതെ, 2025 സെപ്റ്റംബറിൽ ബ്രാൻഡ് 6,636 കാറുകൾ വിറ്റു, ഇത് മാസത്തിൽ 101% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. കൈലാക്കിനുള്ള സ്ഥിരമായ ഡിമാൻഡ്, കുഷാഖ്, സ്ലാവിയ, കൊഡിയാക്ക് എന്നിവയിൽ നിന്നുള്ള സ്ഥിരമായ സംഭാവനകൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്.

കമ്പനിയുടെ പുതിയ ഉൽപ്പന്ന തന്ത്രങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന നെറ്റ്‍വർക്കും

2025-ൽ സ്കോഡ ഓട്ടോ ഇന്ത്യയുടെ ശക്തമായ വളർച്ചയ്ക്ക് പിന്നിൽ കമ്പനിയുടെ പുതിയ ഉൽപ്പന്ന തന്ത്രങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന നെറ്റ്‍വർക്കുമാണ്. ബ്രാൻഡിന്റെ ആദ്യത്തെ സബ്-4 മീറ്ററായ കൈലാക്കിന്റെ വിൽപ്പന ഇതിനകം 34,500 യൂണിറ്റുകൾ കടന്നിട്ടുണ്ട്.2025 ജനുവരി മുതൽ സെപ്റ്റംബർ വരെ കമ്പനി 53,355 യൂണിറ്റുകൾ നേടുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ സ്കോഡ ഓട്ടോയുടെ 25 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി, കമ്പനി കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകളും അവതരിപ്പിച്ചു. അതേസമയം 177 നഗരങ്ങളിലായി 315-ലധികം ടച്ച്‌പോയിന്റുകളിലേക്ക് പുതിയ ഉപഭോക്തൃ ടച്ച്‌പോയിന്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

ലളിതമായ ജിഎസ്‍ടി ചട്ടക്കൂടിനൊപ്പം ഉത്സവ സീസണും വ്യവസായത്തിൽ ശക്തമായ ഒരു മുന്നേറ്റം സൃഷ്‍ടിച്ചു എന്നും സെപ്റ്റംബർ, മൂന്നാം പാദ ഫലങ്ങൾ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയോടുള്ള ശക്തമായ ഉപഭോക്തൃ പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞു. പ്രത്യേകിച്ച് കൈലാക്ക് കമ്പനിയെ സംബന്ധിച്ച് ഒരു യഥാർത്ഥ വളർച്ചാ ചാലകമായി മാറിയിരിക്കുന്നു എന്നും വളരുന്ന നെറ്റ്‌വർക്കും മൂല്യാധിഷ്‍ഠിത ഉടമസ്ഥാവകാശ അനുഭവവും ഉപയോഗിച്ച്, ഇന്ത്യയിലെ സ്കോഡയുടെ വളർച്ചാ യാത്ര ത്വരിതപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.