സ്കോഡയുടെ പുതിയ എസ്‌യുവിയായ കൈലാഖ് ഇപ്പോൾ സിഎസ്‍ഡി (കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്) വഴി പ്രതിരോധ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാണ്.

ന്ത്യയിലെ സിഎസ്‍ഡി (കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്) ഡിപ്പോകളില്‍ സ്കോഡ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായ കൈലാഖിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതായത്, നിലവിൽ സേവനം അനുഷ്‍ഠിക്കുന്നവരും വിരമിച്ചവരുമായ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ സിഎസ്‍ഡി വഴി കുറഞ്ഞ വിലയ്ക്ക് ഈ വാഹനം നേരിട്ട് വാങ്ങാന്‍ കഴിയും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കാന്റീൻ സ്റ്റോഴ്‌സ് വകുപ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിൽ ഒന്നാണ്, പ്രതിരോധ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്കോഡയുടെ സല്യൂട്ട് ഇന്ത്യാസ് ഹീറോസ് കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ സംരംഭം.

ഇന്ത്യയിൽ ഉടനീളമുള്ള സിഎസ്‍ഡി ഡിപ്പോകളിലാണ് സ്കോഡ കൈലാഖ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥർക്ക് സിഎസ്‍ഡി അംഗീകരിച്ച നിരക്കിൽ ഇത് വാങ്ങാം. സിഎസ്‍ഡി പ്രക്രിയ അനുസരിച്ച് പേപ്പർ വർക്കുകളും ഡോക്യുമെന്റേഷനും പ്രോസസ്സ് ചെയ്യും. ഡെലിവറി, വിൽപ്പനാനന്തര സേവനം എന്നിവയിൽ സ്കോഡ ഡീലർമാർ ഉപഭോക്താക്കളെ സഹായിക്കും. സിഗ്നേച്ചർ, സിഗ്നേച്ചർ+, പ്രസ്റ്റീജ് എന്നീ മൂന്ന് വേരിയന്റുകളിലാണ് സ്കോഡ കൈലാഖ് സിഎസ്ഡിയിൽ ലഭ്യമാകുന്നത് . മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇവ ലഭ്യമാകും. സിഎസ്‌ഡിയിൽ ലഭ്യമായ മൂന്നാമത്തെ വാഹനമാണ് സ്കോഡ കൈലാഖ്. നേരത്തെ കുഷാഖ്, സ്ലാവിയ എന്നിവയും ഡിപ്പോയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സ്കോഡ കൈലാഖ് വിശേഷങ്ങൾ

MQB-A0-IN പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കൈലാഖ്, യൂറോപ്യൻ വൈദഗ്ധ്യത്തോടെ വികസിപ്പിച്ചെടുത്ത ഒരു നിർമ്മിത ഇന്ത്യൻ എസ്‌യുവിയാണ്. സ്കോഡ കൈലാക്കിന്‍റെ മാനുവൽ വേരിയന്റിന് 8.25 ലക്ഷം മുതൽ 12.89 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് വേരിയന്‍റിന് 10.95 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയും ആണ് എക്സ്-ഷോറൂം വില. സ്കോഡ കൈലാക്കിന് ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ 1.0 ടിഎസ്ഐ എഞ്ചിൻ ഇതിൽ ലഭ്യമാണ്. ഈ എഞ്ചിൻ 114 bhp പവറും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനിൽ ലഭ്യമാണ്. സ്കോഡ കൈലാക്കിന്റെ ഓട്ടോമാറ്റിക് മോഡലിന് ലിറ്ററിന് 19.05 കിലോമീറ്ററും മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും മൈലേജ് നൽകാൻ കഴിയും.

കൈലാക്കിന്റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് സജ്ജീകരണം, പൂർണ്ണമായും കറുത്ത ഗ്രിൽ, പിന്നിൽ വീതിയേറിയ കറുത്ത സ്ട്രിപ്പുള്ള ടി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയുള്ള ഒരു ആധുനിക ഡിസൈൻ ഇതിന് ലഭിക്കുന്നു. അതിനുള്ളിൽ, ഡ്യുവൽ-സ്‌ക്രീൻ സജ്ജീകരണം, മെറ്റൽ ആക്‌സന്റുകൾ, ടിക്കറ്റ് ഹോൾഡർ, വയർലെസ് ചാർജിംഗ് തുടങ്ങിയ നിരവധി മികച്ച സവിശേഷതകൾ ലഭ്യമാണ്. അഞ്ച് പേർക്ക് ഈ കാറിൽ സഞ്ചരിക്കാം. ഇതോടൊപ്പം, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഒരു സ്‌പോർട്ടി സ്‌പോയിലർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സവിശേഷതകളും സ്‍കോഡ കൈലാക്കിന് ഉണ്ട്.