ടാറ്റ മോട്ടോഴ്‌സ് ഖത്തറിൽ പുതിയ LPO 1622 ബസ് പുറത്തിറക്കി. യൂറോ VI മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ ബസ്, മികച്ച പ്രകടനവും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കമ്പനി പ്രൈമ ശ്രേണിയിലുള്ള ഹെവി ട്രക്കുകളും അവതരിപ്പിച്ചു.
ടാറ്റാ മോട്ടോഴ്‌സ് വിദേശത്ത് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കമ്പനി ഖത്തറിൽ പുതിയ LPO 1622 ബസ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഖത്തറിലെ ഔദ്യോഗിക വിതരണക്കാരായ അൽ ഹമദ് ഓട്ടോമൊബൈൽസ് വഴിയാണ് മിഡിൽ ഈസ്റ്റിൽ ആദ്യത്തെ യൂറോ VI-കംപ്ലയിന്റ് ബസ് പുറത്തിറക്കിയത്. ജീവനക്കാർക്കായി പ്രത്യേകം നിർമ്മിച്ചതാണ് ഈ ബസ്. ഇത് യൂറോ VI മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇത് പ്രകടനം മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് സുഖസൗകര്യങ്ങൾ നൽകുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു. കൂടാതെ, ബസിന്റെ പരിപാലനച്ചെലവും കുറവാണ്. മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലെ വിപണിയിൽ തങ്ങളുടെ സ്ഥനം ശക്തിപ്പെടുത്താനാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ.
ടാറ്റ മോട്ടോഴ്‌സ് പ്രൈമ ശ്രേണിയിലുള്ള ഹെവി ട്രക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ ട്രക്കുകൾ യൂറോ-വി മാനദണ്ഡങ്ങൾ പാലിക്കുന്നു. ഖത്തറിന്റെ മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും നിർമ്മാണ ആവശ്യങ്ങളും കണക്കിലെടുത്താണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ശ്രേണിയിൽ പ്രൈമ 4040.K, പ്രൈമ 4440.S, പ്രൈമ 4040.T, പ്രൈമ 6040.S തുടങ്ങിയ ട്രക്കുകൾ ഉൾപ്പെടുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ LPO 1622 ബസിൽ കമ്മിൻസ് ISBe 5.6L യൂറോ VI എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിൻ 220 കുതിരശക്തിയും 925 ന്യൂട്ടൺ മീറ്റർ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ ബസ് രണ്ട് തരം സീറ്റിംഗ് ക്രമീകരണങ്ങളിൽ ലഭ്യമാണ്. ഒന്നിന് 65 സീറ്റുകളും മറ്റൊന്നിന് 61 സീറ്റുകളുമുണ്ട്. ഇത് വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് ബസ് ഉപയോഗിക്കാൻ അനുവദിക്കുന്നു.
ടാറ്റയുടെ പുതിയ LPO ബസിൽ സുരക്ഷയും ശ്രദ്ധിച്ചിട്ടുണ്ട്. എബിഎസ് സഹിതമുള്ള പൂർണ്ണ എയർ ഡ്യുവൽ-സർക്യൂട്ട് ബ്രേക്കിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. റോഡിൽ മികച്ച ഗ്രിപ്പിനായി ട്യൂബ്‌ലെസ് ടയറുകളും ഹെവി-ഡ്യൂട്ടി സസ്‌പെൻഷൻ സിസ്റ്റവും ഇതിലുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, വ്യത്യസ്ത സാഹചര്യങ്ങളിൽ മികച്ച പ്രകടനത്തിനായി മൾട്ടിമോഡ് സ്വിച്ച് എന്നിവയുൾപ്പെടെ നിരവധി ആധുനിക സവിശേഷതകൾ ഈ ടാറ്റ ബസിൽ ഉണ്ട്.
ടാറ്റ മോട്ടോഴ്‌സ് 40-ലധികം രാജ്യങ്ങളിൽ വാണിജ്യ വാഹനങ്ങൾ വിൽക്കുന്നുണ്ട്. ഒരുടൺ മുതൽ 60 ടൺ വരെ ഭാരമുള്ള കാർഗോ വാഹനങ്ങളും 9 സീറ്റർ മുതൽ 71 സീറ്റർ വരെയുള്ള ബസുകളും കമ്പനിക്കുണ്ട്. 9 സീറ്റർ മുതൽ 71 സീറ്റർ വരെയുള്ള പാസഞ്ചർ വാഹനങ്ങളും കമ്പനി നിർമ്മിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി സ്ഥാപിതമായ കമ്പനി 44 ബില്യൺ ഡോളർ വരുമാനം റിപ്പോർട്ട് ചെയ്യുകയും ഇന്ത്യ, യുകെ, യുഎസ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഗവേഷണ വികസന കേന്ദ്രങ്ങൾ പരിപാലിക്കുകയും ചെയ്യുന്നു.
1998 ൽ സ്ഥാപിതമായ അൽ ഹമദ് ഓട്ടോമൊബൈൽസ് അൽ മന ഹോൾഡിംഗ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഖത്തറിലെ വിപണിയിലെ വിവിധ ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ വിതരണക്കാരായി കമ്പനി പ്രവർത്തിക്കുന്നു.
