പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ഉള്ള ഉപഭോക്താക്കൾ 15 ദിവസത്തിനകം തങ്ങളുടെ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ഈ നിർദേശം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം രാജ്യത്ത് എൽപിജി വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് ഈ നടപടി.
കൊച്ചി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യവ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല. ഇത്തരത്തിൽ പിഎൻജി കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ 15 ദിവസത്തിനകം തങ്ങളുടെ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യേണ്ടതാണ്. കണക്ഷൻ സറണ്ടർ ചെയ്യുന്നതിനായി https://mypngd.in എന്ന വെബ് പോർട്ടൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട എൽപിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു.


