ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് ഓരോ അംഗത്തിനും പുതിയ ടാറ്റ സിയറ എസ്‌യുവി സമ്മാനിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നതിന് വമ്പൻ പ്രഖ്യാപനവുമായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ടാറ്റ സിയറയുടെ ഒരോ യൂണിറ്റ് വീതം ടീമിലെ ഓരോ അംഗത്തിനും കമ്പനി സമ്മാനിക്കും. ഐസിസി വനിതാ ലോകകപ്പ് വിജയത്തിനു ശേഷമുള്ള ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ ഈ വമ്പൻ പ്രഖ്യാപനം. ഈ മാസം അവസാനം എസ്‍യുവി പൊതുജനങ്ങൾക്കായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് പതിപ്പുകൾ കമ്പനി സമ്മാനമായി നൽകും.
ഇതിഹാസങ്ങൾക്ക് മറ്റൊരു ഇതിഹാസത്തെ സമ്മാനിക്കുന്നു
നവംബർ 2 ന് നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ ആണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയത്. ഇന്ത്യൻ വനിതാ ടീം ലോകകപ്പ് നേടുന്നത് ഇതാദ്യമായിരുന്നു. ഈ ചരിത്ര വിജയം ആഘോഷിക്കാനും ഈ കളിക്കാരെ ആദരിക്കാനുമുള്ള സമയമാണിതെന്ന് ടാറ്റാ മോട്ടോഴ്സ് പറയുന്നു. "അസാധാരണമായ പ്രകടനങ്ങളിലൂടെയും മികച്ച വിജയങ്ങളിലൂടെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഴുവൻ രാജ്യത്തെയും അഭിമാനഭരിതരാക്കിയിട്ടുണ്ട്. അവരുടെ യാത്ര ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്ന നിശ്ചയദാർഢ്യത്തിന്റെയും വിശ്വാസത്തിന്റെയും ശക്തിയെ പ്രതീകപ്പെടുത്തുന്നു. ഈ ഇതിഹാസങ്ങൾക്ക് മറ്റൊരു ഇതിഹാസത്തെ അതായത് ടാറ്റ സിയറയെ സമ്മാനിക്കുന്നത് ടാറ്റ മോട്ടോഴ്‌സിന് അഭിമാനകരമാണ്," ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഒരു ഐക്കണിക് മോഡലാണ് സിയറ. 1991 ൽ ഇന്ത്യയുടെ മുൻനിര ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായി ആദ്യമായി അവതരിപ്പിച്ച മൂന്നു ഡോർ സിയറ, അതിന്റെ വേറിട്ട ഗ്ലാസ്‌ഹൗസ് പിൻഭാഗവും കരുത്തുറ്റ നിലപാടും കാരണം ജനപ്രിയമായി മാറി. 2000 കളുടെ തുടക്കത്തിൽ ഈ മോഡൽ നിർത്തലാക്കിയെങ്കിലും വാഹന പ്രേമികൾക്കിടയിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. ഇപ്പോൾ സിയറയുടെ പുതിയ അവതാരം ആധുനിക ഡിസൈൻ, നൂതന സാങ്കേതികവിദ്യ, ഒരു ഇലക്ട്രിക് പവർട്രെയിൻ എന്നിവയുമായി തിരിച്ചുവരവ് നടത്തുന്നു.
പുതിയ ടാറ്റ സിയറ എങ്ങനെയുണ്ട്?
90-കളിലെ ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രം എഴുതപ്പെടുമ്പോൾ, ടാറ്റ സിയറ സ്വർണ്ണ ലിപികളിൽ കൊത്തിവയ്ക്കപ്പെടും. "ജീവിതശൈലി വാഹനം" ആദ്യമായി രാജ്യത്തിന് പരിചയപ്പെടുത്തിയത് എസ്‌യുവിയായിരുന്നു. ഇപ്പോൾ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, ടാറ്റ മോട്ടോഴ്‌സ് ഈ ഐതിഹാസിക ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുകയും ടാറ്റ സിയറയെ പൂർണ്ണമായും പുതിയൊരു ശൈലിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്നു.
എക്സ്റ്റീരിയർ ഡിസൈൻ
പുതിയ സിയറ അതിന്റെ രൂപകൽപ്പനയിൽ നൊസ്റ്റാൾജിയയുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സവിശേഷമായ മിശ്രിതം കൊണ്ടുവരും. ശിൽപങ്ങളുള്ള ഹുഡ്, മൂർച്ചയുള്ള ആംഗിൾ ലൈനുകൾ, കറുത്ത നിറത്തിലുള്ള ഗ്രില്ലിൽ കൊത്തിയെടുത്ത 'SIERRA' നെയിംപ്ലേറ്റ് എന്നിവ ഇതിന്റെ സവിശേഷതയാണ്. മുൻവശത്ത് കണക്റ്റുചെയ്‌ത എൽഇഡി ലൈറ്റ് ബാർ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, തൂണുകളിലെ കളർ ഡീറ്റെയിലിംഗ് എന്നിവ മുൻ സിയറയുടെ ഐക്കണിക് 'റാപ്പ്-എറൗണ്ട് ഗ്ലാസ്' ലുക്കിന് ഒരു ആധുനിക രൂപം നൽകുന്നു.
ക്യാബിൻ എങ്ങനെ?
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, കോ-പാസഞ്ചർ ഡിസ്പ്ലേ എന്നിവയുൾപ്പെടെ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണമായിരിക്കും പുതിയ സിയറയുടെ ഉൾഭാഗം. ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, അഡ്വാൻസ്ഡ് കണക്റ്റിവിറ്റി എന്നിവയും എസ്‌യുവിയുടെ സവിശേഷതകളാണ്.
എഞ്ചിൻ ഓപ്ഷനുകൾ
ടാറ്റയുടെ മൾട്ടി-പവർട്രെയിൻ തന്ത്രത്തിന്റെ ഭാഗമായി, സിയറ തുടക്കത്തിൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം ഒരു പൂർണ്ണ ഇലക്ട്രിക് വേരിയന്റും പുറത്തിറക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വില എത്രയായിരിക്കും?
ടാറ്റ സിയറയുടെ വിലയെക്കുറിച്ച് ഇപ്പോൾ വ്യക്തമല്ല. പുതിയ ടാറ്റ സിയറയ്ക്ക് 13.50 ലക്ഷം മുതൽ 24 ലക്ഷം വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. മഹീന്ദ്ര ഥാർ റോക്സ്, എംജി ഹെക്ടർ തുടങ്ങിയ എസ്‌യുവികളുമായി ഇത് മത്സരിക്കും.


