2019-ൽ ഓട്ടോപൈലറ്റ് ഡ്രൈവർ സഹായ സംവിധാനം ഘടിപ്പിച്ച ടെസ്‌ല മോഡൽ എസ് ഉൾപ്പെട്ട ഒരു മാരകമായ അപകടത്തിന് കമ്പനി ഭാഗികമായി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. 

ട്ടോപൈലറ്റ് ഡ്രൈവർ സഹായ സംവിധാനം ഘടിപ്പിച്ച ടെസ്‌ല മോഡൽ എസ് ഉൾപ്പെട്ട ഒരു മാരകമായ അപകടത്തിൽ കമ്പനിക്ക് കോടതയിൽ നിന്നും കനത്ത തിരിച്ചടി. അപകടത്തിന് കമ്പനി ഭാഗികമായി ഉത്തരവാദിയാണെന്ന് മിയാമിയിലെ ഒരു ഫെഡറൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. അപകടത്തിലെ ഇരകളായ വാദികൾക്ക് ടെസ്‌ല കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകാനും ഫ്ലോറിഡ ജൂറി ഉത്തരവിട്ടു. റിപ്പോർട്ട് അനുസരിച്ച്, ശിക്ഷാനടപടിയായും നഷ്ടപരിഹാരമായും ഏകദേശം 242.5 മില്യൺ ഡോളർ (ഏകദേശം 2,100 കോടി രൂപ) കമ്പനി നൽകാനാണ് ജൂറിയുടെ ഉത്തരവ്. സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ കമ്പനിയുടെ ഭാവിക്ക് പ്രധാനമാണെന്ന് വിശേഷിപ്പിച്ച എലോൺ മസ്‌കിന് ഈ തീരുമാനം തിരിച്ചടിയാണ്.

2019 ൽ ഒരു മോഡൽ എസ് ഒരു എസ്‌യുവിയുമായി ഇടിച്ച അപകടത്തിലാണ് ഈ ഉത്തരവെന്ന് സി‌എൻ‌ബി‌സി റിപ്പോർട്ട് ചെയ്യുന്നു. ഈ അപകടത്തിൽ ഒരു കാൽനടയാത്രക്കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാർ ഡ്രൈവറും ഓട്ടോപൈലറ്റ് സിസ്റ്റവും കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ പരാജയപ്പെട്ടതിനാലാണ് അപകടം സംഭവിച്ചതെന്ന് ഇരകൾ വാദിച്ചു. മൊബൈൽ ഫോണിലെ ശ്രദ്ധ കാരണം താൻ കാറിൽ നിന്ന് ശ്രദ്ധ തിരിക്കപ്പെട്ടുവെന്ന് ടെസ്‌ല കാറിന്റെ ഡ്രൈവർ പറഞ്ഞിരുന്നു. 

ടെസ്‌ല ഒരു ഓട്ടോപൈലറ്റ് കാറായതിനാൽ, ജൂറി ഈ അപകടത്തിന് കമ്പനിയും ഉത്തരവാദിയാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു. അപകടത്തിൽ ടെസ്‌ല 33 ശതമാനം പിഴവ് വരുത്തിയതായി ഫ്ലോറിഡ ജൂറി കണ്ടെത്തി, ബാക്കി 67 ശതമാനം ഡ്രൈവർ ജോർജ്ജ് മക്ഗീയുടെ മേൽ ചുമത്തി. വിധിന്യായത്തിന്റെ ഭാഗമായി, ടെസ്‌ല ആകെ 243 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഈ തുകയിൽ 129 മില്യൺ ഡോളർ യഥാർത്ഥ നഷ്ടപരിഹാരവും 200 മില്യൺ ഡോളർ ശിക്ഷാ നഷ്ടപരിഹാരവും ഉൾപ്പെടുന്നു.

ഡ്രൈവർ മറ്റാരെങ്കിലുമാണെങ്കിൽ പോലും ഈ കേസിൽ കമ്പനിക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ടെസ്‌ല തങ്ങളുടെ ഓട്ടോപൈലറ്റ് സിസ്റ്റത്തിന്റെ കഴിവുകൾ പെരുപ്പിച്ചു കാണിച്ചതായും ഇത് ഡ്രൈവർമാരെ ആവശ്യത്തിലധികം അതിൽ വിശ്വാസമർപ്പിക്കുന്നതിലേക്ക് നയിച്ചതായും ഇരകളുടെ അഭിഭാഷകർ ആരോപിച്ചു. ടെസ്‌ലയുടെ ഓട്ടോപൈലറ്റ് മനുഷ്യരേക്കാൾ മികച്ച രീതിയിൽ ഡ്രൈവ് ചെയ്യുന്നു എന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് കോടതിയിൽ നടത്തിയ പ്രസ്താവനകളും അവർ ഉദ്ധരിച്ചു. ടെസ്‌ല ഓട്ടോപൈലറ്റ് നിയന്ത്രിത-ആക്‌സസ് ഹൈവേകൾക്കായി മാത്രമാണ് രൂപകൽപ്പന ചെയ്‌തതെന്നും എന്നാൽ മറ്റിടങ്ങളിൽ ഡ്രൈവർമാർ അത് ഉപയോഗിക്കുന്നതിൽ നിന്ന് മനഃപൂർവ്വം തടഞ്ഞില്ലെന്നും വാദികളുടെ മുഖ്യ അഭിഭാഷകനായ ബ്രെറ്റ് ഷ്രൈബർ ടെക്ക്രഞ്ചിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ടെസ്‌ലയുടെ നുണകൾ റോഡുകളെ തെറ്റായ സാങ്കേതികവിദ്യയുടെ പരീക്ഷണ പാതയാക്കി മാറ്റിയെന്നും സാധാരണ അമേരിക്കക്കാരെ അപകടത്തിലാക്കി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓട്ടോപൈലറ്റിനെ മറികടന്ന് ഡ്രൈവർ മക്ഗീ സ്വയം ആക്സിലറേറ്ററിൽ അമർത്തിയതിനാൽ അപകടത്തിന് പൂർണ്ണമായും ഉത്തരവാദിയല്ലെന്ന് ടെസ്‌ല കോടതിയെ അറിയിച്ചു. ഡ്രൈവർമാർ എപ്പോഴും സ്റ്റിയറിംഗ് വീലിൽ കൈകൾ വച്ചിരിക്കാനും ജാഗ്രത പാലിക്കാനും തങ്ങളുടെ കാറുകൾ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് കമ്പനി പറയുന്നു. ടെസ്‍ലയുടെ ഈ ഓട്ടോ പൈലറ്റ് സാങ്കേതികവിദ്യ തുടക്കം മുതൽ തന്നെ വിവാദത്തിലായിരുന്നു.