ബെംഗളൂരു ആസ്ഥാനമായുള്ള അൾട്രാവയലറ്റ് അവരുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ടെസറാക്റ്റ് പുറത്തിറക്കി 48 മണിക്കൂറിനുള്ളിൽ 20,000-ത്തിലധികം ബുക്കിംഗുകൾ നേടി. ആവശ്യക്കാർ ഏറിയതിനെ തുടർന്ന് ആദ്യത്തെ 50,000 ബുക്കിംഗുകൾക്ക് പ്രാരംഭ വില ഓഫർ നീട്ടിയിരിക്കുകയാണ് കമ്പനി.

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് അൾട്രാവയലറ്റ് 2025 മാർച്ച് 5 നാണ് ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ ടെസറാക്റ്റും പുതിയ ഇലക്ട്രിക് ബൈക്ക് ഷോക്ക്‌വേവും അവതരിപ്പിച്ചത്. യഥാക്രമം 1.20 ലക്ഷം രൂപയും 1.50 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലായിരുന്നു ഇവ എത്തിയത്. ആ സമയത്ത്, ഇവിയുടെ പ്രാരംഭ വില ആദ്യത്തെ 10,000 ബുക്കിംഗുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളിൽ 20,000-ത്തിലധികം ബുക്കിംഗുകളുമായി അൾട്രാവയലറ്റ് ടെസറാക്റ്റ് കുതിച്ചു. വലിയ ഡിമാൻഡ് ലഭിച്ചതിനെത്തുടർന്ന് ആവേശഭരിതരായി ഓഫറുകൾ നീട്ടിയിരിക്കുകയാണ് ഇപ്പോൾ കമ്പനി എന്നാണ് റിപ്പോർട്ടുകൾ. അൾട്രാവയലറ്റ് ടെസറാക്ടിന്റെ പ്രാരംഭ വിലകൾ ഇനി മുതൽ ആദ്യത്തെ 50,000 ബുക്കിംഗുകൾക്ക് സാധുതയുള്ളതായിരിക്കും എന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. 

ഇന്ത്യയിലുടനീളമുള്ള ടെസറാക്ടിനോടുള്ള പ്രതികരണത്തിൽ തങ്ങൾ അതിയായി ആവേശഭരിതരാണെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അമിതമായ ഡിമാൻഡ്, അൾട്രാവയലറ്റിന്റെ ഭാവി മൊബിലിറ്റിയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസത്തിന്റെയും ആവേശത്തിന്റെയും തെളിവാണെന്നും ഈ വികസനത്തെക്കുറിച്ച് സംസാരിച്ച അൾട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു. ടെസറാക്റ്റ് മൊബിലിറ്റിയിലെ ഒരു മാതൃകാപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു എന്നും ഈ അവിശ്വസനീയമായ വേഗത ഉപയോഗിച്ച് ഈ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് റൈഡിംഗ് അനുഭവം പുനർനിർവചിക്കുന്നതിൽ കമ്പനി ആവേശഭരിതരാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

അൾട്രാവയലറ്റിന്‍റെ ആദ്യത്തെ ഇലക്ട്രിക്ക് സ്‍കൂട്ട‍ർ മോഡലാണിത്. ഇതുവരെ ഹെവി ഇലക്ട്രിക് ബൈക്കുകൾക്ക് പേരുകേട്ട അൾട്രാവയലറ്റിൽ നിന്നുള്ള ഈ ആദ്യ സ്കൂട്ടർ വളരെ ആകർഷകമാണ്. ഒരു കോംബാറ്റ് ഹെലികോപ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അൾട്രാവയലറ്റ് ടെസറാക്റ്റ് വരുന്നതെന്ന് കമ്പനി പറയുന്നുയ ഷാർപ്പായ വരകളും ഡിആർഎല്ലുകളുള്ള ഇരട്ട ഹെഡ്‌ലാമ്പ് സജ്ജീകരണവും അടങ്ങുന്ന ഒരു ആപ്രണിന്റെ രൂപത്തിൽ ഇതിൽ കാണാൻ കഴിയും. ടെസറാക്റ്റ് ഇലക്ട്രിക് സ്‍കൂട്ടർ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ ഡെസേർട്ട് സാൻഡ്, സ്റ്റെൽത്ത് ബ്ലാക്ക്, സോണിക് പിങ്ക് എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമെ, സ്‍കൂട്ടറിന്റെ സ്പോർട്ടി ലുക്കും യൂട്ടിലിറ്റിയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആക്‌സസറികളും സ്കൂട്ടറിനൊപ്പം ലഭ്യമാണ്. ടെസറാക്റ്റ് സ്‍കൂട്ടറിൽ നൽകിയിരിക്കുന്ന ബാറ്ററിയുടെ ശേഷി അൾട്രാവയലറ്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സ്‍കൂട്ടർ ഒറ്റ ചാർജിൽ 261 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സ്‍കൂട്ടറിന് വെറും 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന്റെ ഇലക്ട്രിക് മോട്ടോർ പരമാവധി 20.4 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു, പരമാവധി വേഗത മണിക്കൂറിൽ 125 കിലോമീറ്ററാണ്.

ഈ ഇലക്ട്രിക് സ്‍കൂട്ടർ വളരെ ലാഭകരമാണെന്ന് അൾട്രാവയലറ്റ് അവകാശപ്പെടുന്നു. ഇതിന്റെ നടത്തിപ്പ് ചെലവ് വളരെ കുറവാണ്. 100 രൂപയ്ക്ക് ചാർജ് ചെയ്താൽ ടെസെറാക്റ്റ് സ്കൂട്ടറിന് 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ, ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. റിവർ ഇൻഡിക്ക് ശേഷം, 14 ഇഞ്ച് വീലുള്ള രാജ്യത്തെ രണ്ടാമത്തെ ഇലക്ട്രിക് സ്‍കൂട്ടറാണിത്. മോശം റോഡുകളിൽ പോലും എളുപ്പത്തിൽ ഓടാൻ ഇത് സഹായിക്കും. F77 ബൈക്കിന് സമാനമായി, ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിന് ലഭിക്കുന്നു. ഇതിന് 34 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു, ഇതിനായി നിങ്ങൾക്ക് ഒരു ഫുൾ-ഫേസ് ഹെൽമെറ്റ് അതിനുള്ളിൽ ഘടിപ്പിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടെസെറാക്ടിന് 7 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ടിഎഫ്‍ടി ഡിസ്‌പ്ലേയും ഹാപ്‌റ്റിക് ഫീഡ്‌ബാക്കുള്ള ഹാൻഡിൽബാറും ഉണ്ട്. ഇതിന് മുന്നിലും പിന്നിലും ഡാഷ്‌കാം ലഭിക്കുന്നു. ഇന്ത്യൻ വിപണിയിലെ മറ്റൊരു ഇലക്ട്രിക് സ്‍കൂട്ടറിലും ഇത് ലഭ്യമല്ല. ഇതിനുപുറമെ, സ്‍മാർട്ട്‌ഫോണിന് വയർലെസ് ചാർജിംഗ് സൗകര്യവും നൽകുന്നുണ്ട്. ഈ സ്‍കൂട്ടറിന്‍റെ വിതരണം 2026 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ഇ-സ്‍കൂട്ടറും ഒപ്പം പുതിയൊരു ഇ-ബൈക്കും! എതിരാളികളെ ഞെട്ടിച്ച് അൾട്രാവയലറ്റ്