നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും, വികസന പദ്ധതികളെ ഇല്ലാതാക്കുന്ന സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കണ്ണൂർ: നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും അത്തരമൊരു പദ്ധതി സംസ്ഥാനത്ത് വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ജനിച്ചു വീഴുന്ന എല്ലാ വികസന പദ്ധതികളെയും ഇല്ലാതാക്കുന്നതും അതിനായുള്ളതെല്ലാം പിഴുതെടുക്കുന്നതുമായ സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സി പി എമ്മിന് അങ്ങനെയൊരു നിലപാടില്ലെന്നും നാടിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളെ പാർട്ടി എപ്പോഴും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും എം വി ജയരാജൻ വിവരിച്ചു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ റെയിലിന് ബദലായുള്ള പുതിയ അതിവേഗ പാതക്കായുള്ള യു ഡി എഫ് സർക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീധരന്‍റെ പ്ലാനിന് കൈകൊടുക്കാൻ വിഡിഎസ് സർക്കാർ

അതേസമയം ഇ ശ്രീധരന്‍റെ അതിവേഗ റെയിൽപാതയുമായി കൈകൊർക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മെട്രോമാന്‍റെ പദ്ധതി യു ഡി എഫിലും മന്ത്രിസഭായോഗത്തിലും ചർച്ച ചെയ്യാനാണ് ആലോചന. സിൽവർലൈനിന് റെഡ് സിഗ്നൽ ഇട്ടപ്പോൾ തന്നെ വി ഡി എസ് സർക്കാറിന്‍റെ മനസിൽ ശ്രീധരന്‍റെ ബദൽ ഉണ്ടായിരുന്നു. സ്ഥലമേറ്റെടുപ്പ് കെ റെയിലിനെക്കാൾ കുറവായതിനാലാണ് മെട്രാമാന്‍റെ ട്രാക്കിലേക്കുള്ള എൻട്രിക്കൊരുക്കം. 70 ശതമാനത്തോളം പാത തൂണുകളിലൂടെയും 20 ശതമാനം ഭൂഗര്‍ഭ പാതയുമാണ് വിഭാവനം ചെയ്യുന്നത്. യു ഡി എഫിലും മന്ത്രിസഭയിലും ചർച്ച ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ ഗ്രീൻ സിഗ്നൽ നൽകാനാണ് നീക്കം. പക്ഷെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പാത കാസർകോട് വരെ നീട്ടുന്നത് അടക്കം മാറ്റങ്ങളും ആലോചനയിലുണ്ട്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാണ് ശ്രീധരന്‍റെ പാത. ശ്രീധരന്‍റെ ഇടക്കാല റിപ്പോർട്ടിൽ ഭേദഗതികളോടെ സംസ്ഥാന സർക്കാർ തന്നെ ഔദ്യോഗിക പദ്ധതിയായി കേന്ദ്രത്തിന് സമർപ്പിക്കുമോ എന്നാണ് അറിയേണ്ടത്. ബദൽ പാതാ നിർദ്ദേശം ശ്രീധരൻ റെയിൽവെ മന്ത്രാലയത്തിന് സമർപ്പിച്ച് നാളേറെയായിട്ടും അനുകൂലമായ തീരുമാനം ഉണ്ടായിരുന്നില്ല. അതേസമയം കെ റെയിൽ വിരുദ്ധ സമിതിക്കൊപ്പം സമരത്തിൽ സജീവമായ യു ഡി എഫ് പുതിയ പാതയിലേക്ക് നീങ്ങുമ്പോൾ സമരസമിതി ശക്തമായ എതിർപ്പ് തുടരുകയാണ്.