മാരുതി സുസുക്കിയുടെ 2026 ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് 6.10 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, ലെവൽ 2 എഡിഎഎസ്, വെന്റിലേറ്റഡ് സീറ്റുകൾ, 10.1 ഇഞ്ച് സ്ക്രീൻ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി ഐ20 എന്നിവയുമായാണ് പുതിയ ബലേനോ മത്സരിക്കുന്നത്.
മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബാലെനോയുടെ 2026 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.10 ലക്ഷം എന്ന പ്രാരംഭ വിലയിലാണ് പുതിയ ബാലെനോ വിപണിയിൽ എത്തിയിരിക്കുന്നത്. ഇത് പ്രാരംഭ എക്സ്-ഷോറൂം വിലയാണ്. വേരിയന്റ് തിരിച്ചുള്ള പൂർണ വിലകൾ കമ്പനി ഉടൻ പ്രഖ്യാപിക്കും. പുതിയ ബാലെനോയിൽ ഡിസൈൻ മാറ്റങ്ങൾക്കൊപ്പം നിരവധി പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വിഫ്റ്റിൽ നിന്നുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് ലഭിക്കുന്നത്. ഉയർന്ന വേരിയന്റുകളിൽ ലെവൽ 2 എഡിഎഎസ് സംവിധാനവും ലഭിക്കും. എന്നാൽ ഈ വേരിയന്റുകളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി ഐ20, ടൊയോട്ട ഗ്ലാൻസ എന്നിവയുമായാണ് പുതിയ ബാലെനോയുടെ മത്സരം.
90 പിഎസ് കരുത്തുള്ള പെട്രോൾ എൻജിൻ
1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എൻജിനാണ് പുതിയ ബാലെനോയ്ക്ക് കരുത്തേകുന്നത്. 90 പിഎസ് പരമാവധി കരുത്തും 113 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. മാനുവൽ പതിപ്പിന് 23.80 കിലോമീറ്ററും എഎംടി പതിപ്പിന് 24.77 കിലോമീറ്ററും ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
സിഎൻജി പതിപ്പും
1.2 ലിറ്റർ പെട്രോൾ എൻജിനൊപ്പം ഫാക്ടറി ഫിറ്റഡ് സിഎൻജി സംവിധാനവും ലഭിക്കും. സിഎൻജി പതിപ്പിന് 77.5 പിഎസ് കരുത്തും 98.5 എൻഎം ടോർക്കുമാണ് ലഭിക്കുന്നത്. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളിലും സിഎൻജി പതിപ്പ് ലഭ്യമാണ്. 33.61 കിലോമീറ്റർ/കിലോഗ്രാം ഇന്ധനക്ഷമതയാണ് സിഎൻജി പതിപ്പിന്റെ അവകാശപ്പെടുന്ന മൈലേജ്.
വെന്റിലേറ്റഡ് സീറ്റുകൾ മുതൽ 10.1 ഇഞ്ച് സ്ക്രീൻ വരെ
പുതിയ ബാലെനോയുടെ അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡ്യുവൽ ടോൺ ക്യാബിൻ തീമിനൊപ്പം 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് പ്രധാന ആകർഷണം. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ലഭിക്കും. സെഗ്മെന്റിൽ ആദ്യമായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ടീവ് കൂളിങ് സംവിധാനമുള്ള ക്യു.ഐ സർട്ടിഫൈഡ് വയർലെസ് ഫോൺ ചാർജർ, സിംഗിൾ പെയിൻ സൺറൂഫ്, ക്ലാരിയൻ പ്രീമിയം സൗണ്ട് സിസ്റ്റം, പിൻ വിൻഡോ ഫീച്ചറുകൾ എന്നിവയും പുതിയ ബാലെനോയിലുണ്ട്.
ലെവൽ 2 എഡിഎഎസ്
പുതിയ ബാലെനോയിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലാണ് ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം. ഉയർന്ന വേരിയന്റുകളിൽ മാത്രമാണ് ഈ സംവിധാനം ലഭിക്കുക. ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്കിങ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ എഡിഎഎസ് പാക്കേജിന്റെ ഭാഗമാണ്. ആറ് എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കും. ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, എബിഎസ് വിത്ത് ഇബിഎസ്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്.
രൂപത്തിലും മാറ്റങ്ങൾ
പുതിയ ബാലെനോയുടെ മുൻഭാഗത്തിന് പൂർണമായും പുതുക്കിയ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. നീളമേറിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പരിഷ്കരിച്ച ബമ്പർ, പുതിയ എൽഇഡി ഡിആർഎല്ലുകൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും വാഹനത്തിന് ലഭിക്കും. ക്രോം ഡോർ ഹാൻഡിലുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, ഒആർവിഎമ്മുകൾ, ക്രോം വിൻഡോ ലൈൻ എന്നിവയിൽ കാര്യമായ മാറ്റങ്ങളില്ല. പിൻഭാഗത്ത് പുതുക്കിയ ബമ്പറും കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളുമാണ് നൽകിയിരിക്കുന്നത്. ‘എനിഗ്മാറ്റിക് ടീൽ’ എന്ന പുതിയ നിറവും 2026 ബാലെനോയുടെ പ്രത്യേകതയാണ്.


