പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് പനോരമിക് സൺറൂഫ്, ലെവൽ-2 എഡിഎഎസ്, മറ്റ് പുതിയ സവിശേഷതകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ മാറ്റങ്ങളോടെ വരുന്നു.
2021-ൽ കുഷാഖിലൂടെ ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇടത്തരം എസ്‌യുവി വിഭാഗത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ മുഖ്യ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും നിരവധി അപ്‌ഡേറ്റുകൾ ലഭിച്ചു. അതേസമയം സ്കോഡ കുഷാഖ് ഇപ്പോഴും ഒരു പ്രധാന അപ്‌ഗ്രേഡിനായി കാത്തിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത്, അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങളോടെ പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
പുതിയ കുഷാഖിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ എസ്‌യുവി അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതുക്കിയ കുഷാഖ് കുറച്ചുകാലമായി പരീക്ഷണ ഘട്ടത്തിലാണ്. വാഹനത്തിന്‍റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ചില ശ്രദ്ധേയമായ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഒരു പനോരമിക് സൺറൂഫിന്റെ കൂട്ടിച്ചേർക്കലാണ് പ്രധാന നവീകരണങ്ങളിലൊന്ന്. എസ്‌യുവിയുടെ നിലവിലുള്ള മോഡലിൽ സിംഗിൾ-പാനൽ പവർ സൺറൂഫ് വാഗ്‍ദാനം ചെയ്യുന്നു. ഇത് ടോപ്പ്-എൻഡ് മോണ്ടെ കാർലോ ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവയിൽ ഇതിനകം ലഭ്യമായ ലെവൽ-2 എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിനും ലഭിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, തുടങ്ങിയ സവിശേഷതകളും വാഗ്‌ദാനം ചെയ്‌തേക്കാം. പുതിയ കുഷാക്കിൽ സൂക്ഷ്‍മമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. അപ്‌ഡേറ്റ് ചെയ്ത മോഡലിൽ ചെറുതായി പരിഷ്‍കരിച്ച ഹെഡ്‌ലാമ്പുകൾ, കൂടുതൽ ചതുരാകൃതിയിലുള്ള ലംബ സ്ലാറ്റുകളുള്ള ഫ്രണ്ട് ഗ്രിൽ, എയർ ഡാമിനായി കൂടുതൽ ചതുരാകൃതിയിലുള്ള പാറ്റേൺ, താഴ്ന്ന ഫോഗ് ലാമ്പ് ക്ലസ്റ്ററുകൾ എന്നിവ ഉൾപ്പെടുമെന്ന് സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നു. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലുകളുടെ സെറ്റ് സൈഡ് പ്രൊഫൈൽ പുതുക്കിപ്പണിയും. പിൻഭാഗത്ത്, പുതിയ സ്കോഡ കുഷാക്കിൽ എൽഇഡി സ്ട്രിപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന മെലിഞ്ഞ ടെയിൽലാമ്പുകളും ചെറുതായി ട്വീക്ക് ചെയ്ത ബമ്പറും ലഭിക്കാൻ സാധ്യതയുണ്ട്.
മെക്കാനിക്കലായി, പുതിയ സ്കോഡ കുഷാക്കിന്‍റെ എഞ്ചിൻ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. 115bhp, 1.0L TSI, 150bhp, 1.5L TSI എന്നീ രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി മിഡ്‌സൈസ് എസ്‌യുവി തുടർന്നും എത്തും എന്നാണ് റിപ്പോർട്ടുകൾ . ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ (1.0L വേരിയന്റുകൾ മാത്രം), 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (1.0L വേരിയന്റുകൾ മാത്രം), 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് (1.5L വേരിയന്റുകൾ മാത്രം) എന്നിവ ഉൾപ്പെടും.
