ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് കാറുകൾക്ക് 3.35 ലക്ഷം രൂപ വരെയുള്ള വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ടിയാഗോ, പഞ്ച്, നെക്സോൺ, കർവ്, ഹാരിയർ തുടങ്ങിയ ഇവി മോഡലുകൾക്കാണ് എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയൽറ്റി ബോണസുകൾ ലഭ്യമാക്കിയിരിക്കുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ വിവിധ ഇലക്ട്രിക് കാർ, എസ്‌യുവി മോഡലുകൾക്ക് 3.35 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം, നിലവിലുള്ള ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി ആനുകൂല്യം, കമ്പനി നൽകുന്ന പ്രത്യേക പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് ഓഫറുകൾ. മോഡൽ, വേരിയന്റ്, ഉപഭോക്താവിന്റെ യോഗ്യത എന്നിവ അനുസരിച്ച് ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ടാകും.
ഒക്ടോബറിലെ ടാറ്റ ഇലക്ട്രിക് കാർ ഓഫറുകൾ
- ടാറ്റ ടിയാഗോ ഇ.വി. — 1.45 ലക്ഷം രൂപ വരെ
- ടാറ്റ പഞ്ച് ഇ.വി. — 1.45 ലക്ഷം രൂപ വരെ
- ടാറ്റ നെക്സോൺ ഇ.വി. — 45,000 രൂപ വരെ
- ടാറ്റ കർവ് ഇ.വി. — 3.35 ലക്ഷം രൂപ വരെ
- ടാറ്റ ഹാരിയർ ഇ.വി. — 2.75 ലക്ഷം രൂപ വരെ
- ടിയാഗോ ഇ.വിക്ക് 1.45 ലക്ഷം രൂപ വരെ
ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് മോഡലായ ടിയാഗോ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള പതിപ്പിനാണ് നിലവിൽ 1.45 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്നത്. ലോങ് റേഞ്ച് എക്സ്ടി, എക്സ്ഇസഡ് പ്ലസ് വേരിയന്റുകൾക്ക് യഥാക്രമം 1.45 ലക്ഷം രൂപ വരെയും 1.25 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. മീഡിയം റേഞ്ച് വേരിയന്റുകൾക്ക് 65,000 രൂപ വരെ ലാഭിക്കാം.
പഞ്ച് ഇവിക്കും ഉത്സവ ഓഫർ
ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ടാറ്റ പഞ്ച് ഇ.വിക്കും ദീപാവലി ഓഫറുകൾ ലഭ്യമാണ്. 30 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള എൻട്രി ലെവൽ സ്മാർട്ട് വേരിയന്റിന് 95,000 രൂപ വരെ ആനുകൂല്യമുണ്ട്. മീഡിയം റേഞ്ച്, ലോങ് റേഞ്ച് വേരിയന്റുകൾക്ക് യഥാക്രമം 1.45 ലക്ഷം രൂപ വരെയും 1.25 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.
നെക്സോൺ ഇവിക്ക് 45,000 രൂപ വരെ
ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ നെക്സോൺ ഇ.വിക്ക് 45,000 രൂപ വരെ ആനുകൂല്യമാണ് ലഭിക്കുന്നത്. ഇതിൽ 10,000 രൂപയുടെ ഗ്രീൻ ബോണസും ഉൾപ്പെടുന്നു. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസോ, വാഹനം സ്ക്രാപ്പ് ചെയ്യുന്നവർക്ക് 35,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യമോ ലഭിക്കും. ഗ്രീൻ ബോണസ് ഉൾപ്പെടെ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 35,000 രൂപ വരെയും സ്ക്രാപ്പേജ് തിരഞ്ഞെടുക്കുന്നവർക്ക് 45,000 രൂപ വരെയും ലാഭിക്കാം.
കർവ് ഇവിക്ക് 3.35 ലക്ഷം രൂപ വരെ
ടാറ്റയുടെ ഇലക്ട്രിക് മോഡൽ നിരയിലെ ഏറ്റവും വലിയ ഓഫറുകളിലൊന്നാണ് കർവ് ഇ.വിക്ക് ലഭിക്കുന്നത്. നോൺ-എക്സ് വേരിയന്റുകൾക്ക് 3.35 ലക്ഷം രൂപ വരെ ആനുകൂല്യമുണ്ട്. എക്സ് വേരിയന്റുകൾക്ക് 65,000 രൂപ വരെയും ക്രിയേറ്റീവ് വേരിയന്റുകൾക്ക് 2.85 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.
ഹാരിയർ ഇവിക്കും വമ്പൻ ആനുകൂല്യം
ടാറ്റ ഹാരിയർ ഇ.വിയുടെ ഫിയർലെസ് പ്ലസ്, എംപവേർഡ് വേരിയന്റുകൾക്ക് 2.75 ലക്ഷം രൂപ വരെ ആനുകൂല്യമാണ് കമ്പനി നൽകുന്നത്. ഇതിൽ 1 ലക്ഷം രൂപയുടെ കമ്പനി പിന്തുണ, 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 75,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടുന്നു. ടാറ്റയുടെ ഇലക്ട്രിക് കാർ ഉടമകൾക്ക് 1 ലക്ഷം രൂപ വരെയും ടാറ്റയുടെ പെട്രോൾ, ഡീസൽ വാഹന ഉടമകൾക്ക് 50,000 രൂപ വരെയും ലോയൽറ്റി ആനുകൂല്യവും ലഭിക്കും. ദീപാവലി കാലത്ത് പുതിയ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫറുകൾ ശ്രദ്ധേയമായ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.


