ബിഗ് ബോസ്സിലെ മത്സരാര്‍ഥികള്‍ എല്ലാവരും മികച്ച പ്രകടനത്തോടെ ഷോ മുന്നോട്ടു കൊണ്ടുപോകുകയാണ്. എല്ലാവരും ഒന്നാം സ്ഥാനത്ത് എത്താൻ ശ്രമിക്കുന്നു. അതിനിടയ്‍ക്ക് സംഘര്‍ഷങ്ങളും കയ്യാങ്കളിയുമുണ്ടാകാറുണ്ട്. വീട്ടിലുള്ളവരെ ഓര്‍ത്ത് മത്സരാര്‍ഥികള്‍ വിഷമം പങ്കുവയ്‍ക്കാറുമുണ്ട്. മകളെ ഓര്‍ത്ത് സങ്കടപ്പെടുന്ന അമൃതയെയാണ് ഇന്ന് കണ്ടത്.

എലീനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അമൃത മകളെ ഓര്‍ക്കുന്ന രംഗം കണ്ടത്. ഉറങ്ങാൻ കിടക്കുന്ന അമൃത മകളെ കുറിച്ച് പറയുകയാണ്. മകളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് അമൃത പറയുന്നു. കുശുമ്പും കുന്നായ്‍മയുമൊക്കെ മടുത്തു. ഇതൊന്നും എക്സ്പീരിയൻസ് ചെയ്യാൻ വയ്യ. എനിക്ക് മകളെ വല്ലാതെ മിസ് ചെയ്യുന്നു. എനിക്ക് മോളൊപ്പം നിന്നാല്‍ മതി. ഞാൻ തിരിച്ചുവരണമെന്നാണ് അവള്‍ പറയുന്നത്. അവള്‍ക്ക് തന്നെ മിസ് ചെയ്യുന്നുണ്ടാകുമെന്നും അമൃത പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ലോകമെമ്പാടും പോകുന്നതല്ലേ അവളോടും പറഞ്ഞിട്ടല്ലേ വന്നത് എന്നും മറ്റുള്ളവര്‍ ചോദിച്ചു. അമ്മാ പോകണ്ട എന്നാണ് അവള്‍ പറഞ്ഞത് എന്ന് അമൃത പറഞ്ഞു. ഞാൻ എവിടെയെങ്കിലും പോയാല്‍ അവള്‍ എന്റെ ഉടുപ്പൊക്കെ കെട്ടിപ്പിടിച്ചാണ് കിടക്കാറ്. ഞാൻ വിദേശത്ത് ഒക്കെ പോയാല്‍ 10 വീഡിയോ കോള്‍ എങ്കിലും അവള്‍ വിളിക്കും. എന്നെ കിട്ടാത്ത അവസ്ഥയാകുമ്പോള്‍ അവള്‍ എന്റെ മുടിയൊക്കെ മുറിച്ചുകൊണ്ടുപോകും. അങ്ങനത്തെ ക്രേസി ഉള്ള കുട്ടിയാണ്. ഇപ്പോള്‍ വെക്കേഷൻ ആയതുകൊണ്ട് രാവിലെ മുതല്‍ അവള്‍ തന്നെ ആലോചിച്ചു കൊണ്ട് കിടക്കുകയാകുമെന്നും അമൃത പറഞ്ഞു.