ബിഗ് ബോസ് വീടിന്റെ ഗതിമാറ്റിയ വരവായിരുന്നു അമൃതയുടെയും അഭിരാമിയുടെയും. സഹോദരിമാരായ ഇരുവരും വീട്ടിലേക്ക് എത്തിയതോടുകൂടി മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അസ്വസ്ഥതകള്‍ കാണിച്ചവരും തുറന്നുപറഞ്ഞവരും വീട്ടിലുണ്ടായിരുന്നു. രജിത് കുമാര്‍ പുറത്തുപോയതോടെ വിജയിയാകാന്‍ വലിയ സാധ്യത കല്‍പ്പിക്കുന്ന മത്സരാര്‍ത്ഥികള്‍ കൂടിയാണ് അമൃതയും അഭിരാമിയും. ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളികള്‍ വേറെ ലെവലുതന്നെ ആവുകയാണ്. ടാസ്‌കുകളില്‍ പലപ്പോഴും സജീവമാകാതിരുന്ന എലീനയടക്കം കഴിഞ്ഞ ദിവസം കാണിച്ച ഊര്‍ജം ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണ് അമൃതയും എലീനയും തമ്മില്‍ തര്‍ക്കമുണ്ടായത്.

മഫിന്‍ എടുത്ത് മാറ്റിവച്ചതും അതില്ലെന്ന് കള്ളം പറഞ്ഞതും, പിന്നാലെ അത് ഫ്രിഡ്ജില്‍ കണ്ട അലസാന്‍ഡ്ര കഴിക്കുകയും ചെയ്ത സംഭവവും പിന്നാലെ ഫുക്രു ചെയ്തതുമായിരുന്നു മോഹന്‍ലാല്‍ എത്തിയപ്പോഴുണ്ടായ ചര്‍ച്ചകളിലൊന്ന്. സംഭവത്തില്‍ മോഹന്‍ലാലിന്റെ മുന്നില്‍ വച്ചുതന്നെ എലീനയും അമൃതയും അഭിരാമിയും സുജോയുമെല്ലാം തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ബാക്കിയെന്നോണം ഇന്നലെ നടന്ന തര്‍ക്കവും പിന്നാലെ നടന്ന സംഭവങ്ങളും രസകരമായിരുന്നു.  അമൃതയുമായുള്ള തര്‍ക്കത്തിനിടെ, എലീന മോഹന്‍ലാല്‍ വന്നപ്പോള്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും അത് നിര്‍ത്തണമെന്നും അമൃത പറഞ്ഞു. അപ്പോള്‍ സോറി പറഞ്ഞ് തിരിച്ചുപോന്ന എലീന കരയുകയായിരുന്നു പിന്നീട്. തനിക്ക് ഷോയില്‍ വിജയിച്ചില്ലെങ്കിലും ചീത്തപ്പേരില്ലാതെ പോകണമെന്നു പറഞ്ഞായിരുന്നു എലീന കരഞ്ഞത്.


അഭീ, ഇതൊക്കെ കേട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ. എനിക്ക് പറ്റുന്നില്ല. പോയാലോ എന്ന് അമൃത ചോദിച്ചപ്പോള്‍ അരികില്‍ തന്നെ നില്‍ക്കുകയായിരുന്ന അഭി ഒന്നും പറഞ്ഞില്ല. കുശുമ്പും കുന്നായ്മയും എനിക്ക് പറ്റുന്നില്ലെന്ന് അമൃത പറഞ്ഞു. രാത്രിയില്‍ കിടക്കുമ്‌പോഴും ഇതേക്കുറിച്ച് അമൃത പറഞ്ഞു. അപ്പോള്‍ അമൃതയെ ആശ്വസിപ്പിക്കാനായി രഘുവും സുജോയുമുണ്ടായിരുന്നു. അമൃതയോട് കിടക്കാന്‍ അഭി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. തനിക്ക് പാപ്പുവിനെ കാണണമെന്നും അവളുടെ ശബ്ദത്തില്‍ എനിക്കത് അറിയാമെന്നും അമൃത പറഞ്ഞു.

ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചതാണ്. ഇനിയും അനുഭവിക്കാന്‍ വയ്യ. കുശുമ്പും കുന്നായ്മയുമൊക്കെ മടുത്തു. ഞാന്‍ തിരിച്ചുവരണമെന്നാണ് അവള്‍ പറഞ്ഞത്. അവളും തന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വെക്കേഷനൊക്കെ തുടങ്ങിയോണ്ട് വീട്ടില്‍ത്തന്നെയല്ലേ. താന്‍ ബിഗ് ബോസിലേക്ക് വരുന്നതിനേ് അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ പോവണ്ടെന്നാണ് പറഞ്ഞത്. നിങ്ങള്‍ ഷോയ്‌ക്കൊക്കെ പോകാറുള്ളതല്ലേയെന്ന് രഘു ചോദിച്ചപ്പോള്‍, അപ്പോള്‍ അവളെയും കൊണ്ടുപോകാറുണ്ടെന്ന് അഭിരാമി പറഞ്ഞു. പത്തുതവണയെങ്കിലും വീഡിയോ കോള്‍ വിളിക്കും. എന്റെ ഉടുപ്പൊക്കെ കെട്ടിപ്പിടിച്ചാണ് ഞാനില്ലാത്ത സമയത്ത് അവള്‍ കിടക്കാറുള്ളത്. ഒരിക്കല്‍ എന്റെ  മുടിയൊക്കെ മുറിച്ചുകൊണ്ടുപോയിട്ടുണ്ട്.  അവള്‍ സന്തോഷത്തോടെയാണല്ലോ സംസാരിച്ചത്. അമ്മ ജയിച്ചുവാ എന്നല്ലേ പറഞ്ഞത്. ഞങ്ങള്‍ക്കൊക്കെ അത് കേട്ട് സന്തോഷമാണ് തോന്നിയത്. ഇനി അമ്മയ്ക്ക് വേറെ വല്ലതും തോന്നിയോ എന്നറിയില്ല എന്ന് രഘു പറഞ്ഞു.